അരീക്കോടാശുപത്രി :
നാട്ടുകാര്‍ പ്രതികരിച്ചു തുടങ്ങി, രാഷ്ട്രീയനേതൃത്വം പ്രിതിക്കൂട്ടില്
| 2 Oct 2018 | AREEKODE |
അത്യാവസശ്യ സന്ദര്‍ഭത്തില്‍ ചികിത്സകിട്ടാതെ മരണം കൊണ്ടുപോകുന്നവരുടെ എണ്ണം അരീക്കോട്ട് നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്. അത്യാസന്ന നിലയിലെത്തുന്ന രോഗികളെ തല്‍ക്കാലത്തേക്കെങ്കിലും സംരക്ഷിക്കാനുള്ള പ്രാഥമിക ഉപകരണങ്ങളില്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ് പാവം പ്രാഗത്ഭ്യമുള്ള ഡോക്ടര്‍മാര്‍. അവരെ ഒരുതരത്തിലും കുറ്റപ്പെടുത്താനാവില്ല. എത്ര മുന്തിയ ആശാരിയായിരുന്നാലും ഉളിയും മറ്റുപകരണങ്ങളുമില്ലാതെ പണിയെടുക്കാനാവില്ലല്ലോ. ആശുപത്രിയിലെ ഒരു സഹപ്രവര്‍ത്തകന്റെ മരണത്തിന് കേവലം സാക്ഷ്യം വഹിക്കാന്‍ മാത്രം വിധിക്കപ്പെട്ട് വൈകിയെത്തിയ ആംബുലന്‍സിലിരുന്ന് ചങ്ക് പൊട്ടി കരയുകയായിരുന്നു അരീക്കോട് താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും എന്നത് നമ്മുടെ സമൂഹത്തെ രാഷ്ട്രീയമായും ധൈഷണികമായും ആത്മീയമായും മുന്നോട്ടുനയിക്കുന്നു എന്നു സ്വയം മേനിനടിച്ചു നടക്കുന്നവര്‍ ദയവായി ഗൗരവമായാലോചിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
പരസ്പരം രാഷ്ട്രീയമായി പഴിചാരി അവരവര്‍ കൊണ്ടുവന്ന നേട്ടങ്ങളുടെ പട്ടിക നിരത്തി സുജായി ചമയാന്‍ ഒരുത്തനും സമയം കളയേണ്ടതില്ല. കാരണം അരനൂറ്റാണ്ട് പിന്നിട്ട ഈ ആശുപത്രിയുടെ അവസ്ഥയും കേരളത്തിലെ മറ്റനേകം സമാന ആശുപ്ത്രികളുടെ അവസ്ഥയും താരതമ്യം ചെയ്താല്‍ പുറത്തു ചാടുന്നതേയുള്ളൂ നിങ്ങളുടെ പൂച്ച്. താലൂക്കാശുപത്രിയെ സജീവമാക്കുന്നതിനാവണം ഇനിയെങ്കിലും നമ്മുടെ പ്രഥമ പരിഗണന. ഇവിടെ സ്ഥലം എം. എല്‍. എയും, ആശുപ്ത്രിയുടെ അധികാരം കൈയ്യാളുന്ന ബ്ലോക്ക് പഞ്ചായത്തും ലീഗിന്റെതാണ്. സംസ്ഥാന ഭരണവും ആരോഗ്യവകുപ്പും കൈകാര്യം ചെയ്യുന്നത് സി.പി.എമ്മും. കോണ്‍ഗ്രസ് നേതാവ് എ.ഡബ്ല്യൂ. അബ്ദുറഹ്മാന് മറ്റെന്തൊക്കെ കുറ്റവും കുറവുമുണ്ടെങ്കിലും ആശുപത്രിയെ മികവുറ്റതാക്കുന്ന കാര്യത്തില്‍ പ്രത്യേക താല്പര്യമുണ്ടെന്നാണ് ഈയുള്ളവന്റെ അന്വേഷണത്തില്‍ മനസ്സിലാക്കാനായത്. അതുകൊണ്ട് ഐസ്ക്രിം, ലാവ്ലിന്, സരിത വിഷയങ്ങളില്‍ പുറമേക്ക് വെട്ടാന്‍വരുന്ന കാട്ടുപോത്തിനെപ്പോലെ നിന്ന് അകമേ സഹകരണത്തിന്റെ 'ഉദാത്ത' മാതൃക സൃഷ്ടിച്ചതുപോലെ ഈയൊരു നല്ല കാര്യത്തിനുവേണ്ടി നിങ്ങളെല്ലാവരും ഉള്ളിലെങ്കിലും ഒരുമനസ്സായി നിന്ന് അരീക്കോട് താലൂക്കാശുപത്രിയെ മുഴുവന്‍ സമയ കാഷ്വാലിറ്റി സംവിധാനത്തിലേക്കുയര്ത്താനും, ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാനും വേണ്ടത്ര സ്ഥലം അക്വയര്‍ ചെയ്യുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.
കണ്ണൂരിലുള്ള ഒരു രാജ്യസഭാ എം.പി 32 ലക്ഷം രൂപ അനുവദിച്ചു എന്നു കേള്‍ക്കുന്നു. നമ്മുടെ സ്ഥലം എം.പിയും, എം. എല്‍. എയും മറ്റു മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തി ഒരു രണ്ട് കോടിയുടെ എങ്കിലും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ട് ആശുപത്രിയുടെ നവീകരണത്തിനു മുന്നിട്ടിറങ്ങാവുന്നതാണ്. നിരവധി ഡോക്ടര്‍മാരുള്ള പ്രദേശമാണ് അരീക്കോട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്നവര്‍. അവരുടെയുെല്ലാം ആശയങ്ങളും മറ്റ് സഹായ സഹകരണങ്ങളും ഇതിലേക്കായി ഉപയോഗപ്പെടുത്തണം. നിലവില്‍ കുന്നമംഗലം പി.എച്.എസ് സിയില്‍ ജോലിചെയ്യുന്ന കേരളത്തില്‍ തന്നെ അറിയപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകനായ സി. പി. സുരേഷ്ബാബുവിന്റെ അനുഭവവും അറിവും നേതൃഗുണവും ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ആയിരക്കണക്കിനാളുകളാണ് നിത്യേന ആരോഗ്യപ്രശ്നങ്ങളുമായി അരീക്കോട്ടങ്ങാടിയിലെത്തുന്നത്. അവരിലേറെയും സാധാരണക്കാരും കൂലിപ്പണിക്കാരും. അവരെ സംബന്ധിച്ച് ഇതിനിണങ്ങിയ സമയം വൈകീട്ട് നാലിനും എട്ടിനും ഇടയിലാണ്. ഈ മേഖലയിലെ പ്രൈം ടൈം ഇതാണ്. പത്തിനു തുടങ്ങി രണ്ടിനു പൂട്ടിപ്പോകുന്ന താലൂക്കാശുപത്രിയെ ഇതുമായി കൂട്ടിവായിക്കണം. രാഷ്ട്രീയനേതൃത്വം താലൂക്കാശുപത്രിയോട് കാണിക്കുന്ന നിസ്സംഗതയ്ക്കു പിന്നില്‍ മരുന്നുലോബികളുടെ കൈമടക്കാണെന്ന് ഇന്ന് ഏറെക്കുറെ നാട്ടുകാര്‍ക്കൊക്കെ തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന കടുത്ത പ്രതിഷംധം ഇതിനു തെളിവാണ്. ബന്ധപ്പെട്ടവര്‍ ഇനിയും കണ്ടില്ലെന്നു നടിച്ച് അഹങ്കരിച്ചിരിക്കാനാണ് ഭാവമെങ്കില്‍ ഈ പ്രതിഷേധം മറ്റൊരു വ്യവഹാരരൂപം കൈക്കൊള്ളും ഓര്‍ക്കുക എല്ലാവര്ക്കും എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാനാവില്ല.
ജുബൈര്‍ ഡോക്ടറുടെ ഭാര്യ മുമ്പ് അരീക്കോട് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ഒരു വര്‍ഷം ആയിരത്തിലേറെ പ്രസവകേസാണ് അവര്‍ അറ്റന്റ് ചെയ്തത് എന്നറിയുന്നു. അതായത് ഏറ്റവും ചുരുങ്ങിയത് ഒരുകോടി രൂപ സ്വകാര്യ ക്ലിനിക്കു മുതലാളിമാരുടെയും മരുന്ന്-സ്കാനിംഗ് ലോബികളുടെയും എക്കൗണ്ടിലേക്ക് ഒഴുകേണ്ടിയിരുന്നത് പാവപ്പെട്ടവന്റെ കയ്യില്‍ ഭദ്രമായിരുന്നു എന്ന് ചുരുക്കം. എന്നാല്‍ അവരെ ഇവിടെനിന്നും തുരത്തിയതാരാണ്. അതിനു പിന്നില്‍ ചരടുവലിച്ചത് ആരൊക്കൊ, ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരെ പൊതുജനമധ്യത്തില്‍ തുറന്നു കാട്ടണം.
പൊതുജനാരോഗ്യപരിപാലനത്തിന്റെ കാര്യം പറയുമ്പോള്‍ തുറക്കാതിരിക്കുന്ന മദര്‍ ഹോസ്പിറ്റലിന്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല. അതൊരു സ്വകാര്യ സംരഭമാണ്. അവര്‍ക്ക് അവരുടേതായ സ്ട്രാറ്റജിയും സാധ്യതകളും പരിമിതികളും എല്ലാമുണ്ടാകും. നടക്കാത്തകാര്യം ചര്‍ച്ച ചെയ്ത് വിഷയം വഴിതിരിച്ച് വിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കാതെ ബന്ധപ്പെട്ടവര്‍ സ്വന്തം മുറ്റത്തെ പ്രശ്നം അതായത് നമുക്ക് ചെയ്യാനാവുന്നത് (സര്‍ക്കാര്‍ ആശുപത്രിയുടെ നവീകരണം) ചെയ്യാന്‍ പരിശ്രമിക്കുക. നല്ലത് ചെയ്യുന്നവരെ ജനം ഇന്നെത്ര വിമര്‍ശിച്ചാലും നാളെ നെഞ്ചിലേറ്റുകതന്നെ ചെയ്യും. അരീക്കോട്ടെ മാന്യ രാഷ്ട്രീയക്കാരെ ഉണരൂ....
സമീര്‍ കാവാഡ്