ഏറനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ പ്രഖ്യാപിച്ച് കെ.ടി. അബ്ദുറഹിമാന്
| 14 December 2018 |
ഇടതുമുന്നണിയില്‍ സി.പി.ഐയുടെ മണ്ഡലമായ ഏറനാട്ടില്‍ ഇത്തവണയും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കഴിഞ്ഞതവണ തോറ്റ സ്ഥാനാര്‍ത്ഥി കെ.ടി അബ്ദുറഹിമാന്. എഫ്,ബി പോസ്റ്റിലെഴുതിയ ഒരു കുറിപ്പിലാണ് അടുത്തതവണ ലീഗിനെ തറപറ്റിക്കുമെന്ന വെടിപൊട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്ശേഷം സി.പി.ഐയുമായി നല്ല ബന്ധത്തിലല്ല അബ്ദുറഹിമാന് എന്നതുകൊണ്ട് തന്നെ ഈ പ്രഖ്യാപനത്തിനു രാഷ്ട്രീയപ്രാധാന്യമുണ്ട്. ചില സി.പിഎം സൈബര്‍സഖാക്കള്‍ കെ.ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും മത്സരിച്ചാല്‍ വിജയിക്കുമെന്നും കൂടെയുണ്ടാകുമെന്നും കമന്റ്ബോക്സില്‍ ആവേശം കാണിച്ചിട്ടുണ്ടെങ്കിലും അറിയപ്പെടുന്ന സി.പി.ഐക്കാര്‍ ആരും തന്നെ പിന്തുണച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സി.പി.ഐ തീരെ ശക്തമല്ലാത്ത ഏറനാട്ടില്‍ കഴിഞ്ഞ തവണ കെ.ടിക്ക് നറുക്ക് വീണത് പി.വി.അന്‍വറും കെ.ടി. ജലീലുമായുള്ള ബന്ധമാണ്. എന്നാല്‍ ചാലിയാറിലൂടെ വെള്ളം ഒരുപാട് ഒഴുകിപ്പോവുകയും സി.പി.ഐ മറ്റേതൊരു പാര്‍ട്ടിയേക്കാളും ഏറനാട്ടില്‍ അതിന്റെ പ്രവര്‍ത്തനം സജീവമാക്കുകയും നിരവധി പുതിയ യുവനേതാക്കള്‍ ആ പാര്‍ട്ടിയിലേക്ക് കടന്നുവരികയും അവരുടെ സംഘടനാസംവിധാനം ശക്തിപ്പെടുകയും ചെയ്ത പുതിയസാഹചര്യത്തില്‍ കഴിഞ്ഞ തവണത്തേതുപോലെ അവര്‍ക്ക് നല്ലപോലെ വിശ്വസ്തനല്ലാത്ത ഒരാളെ സ്വതന്ത്രസ്ഥാനാര്ത്ഥിയായിപ്പോലും പിന്തുണക്കാന്‍ സാധ്യത വളരെ കുറവാണ്. അടുത്തുതന്നെ ലോകസഭാതിരഞ്ഞെടുപ്പു നടക്കാനുള്ളതുകൊണ്ട് ഇപ്പോള്‍ ഇതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത് തന്ത്രപരമായി ശരിയായിരിക്കില്ല എന്നാണ് കെ.ടിയുടെ ആഗ്രഹത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ സി.പി.ഐയുടെ ഒരു യുവനേതാവ് പ്രതികരിച്ചത്.
അബ്ദുറഹിമാന്റെ പോസ്റ്റിനെ അല്പത്തരമായി കാണുന്നവരും ഇടതുപക്ഷാനുയായികള്ക്കിടയിലുണ്ട്. മുമ്പും പല പോസ്റ്റുകളിലും ഇത്തരത്തില്‍ അനുചിതമായ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി കമന്റില്‍ പലരും ചൂണ്ടിക്കാട്ടി. അബ്ദുറഹിമാനെ പിന്തുണയ്ക്കുന്നവരുടെ വാദം അദ്ദേഹം മണ്ഡലത്തിന് സുപരിചിതനാണ് എന്നതാണ്. മറ്റൊരാളെ ചൂണ്ടിക്കാണിക്കാന്‍ അവര്‍ വെല്ലുവിളിക്കുന്നു. മാറിയകാലത്ത് തെരഞ്ഞെടുപ്പ് എന്നത് ചിലവേറിയ ഒരു കാര്യംകൂടിയായതിനാല് അതും പരിഗണിക്കേണ്ടതുണ്ട് എന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് കെ.ടി. ജലീലും, പി.വി അന്‍വറുമായുള്ള ബന്ധം ഒരിക്കല്‍ക്കൂടി അബ്ദുറഹ്മാനെ തുണയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം.