ഒരു സര്‍ക്കാര്‍ കെട്ടിടത്തിന് രണ്ടുല്ഘാടനം :
രാഷ്ട്രീയപുനര്ജ്ജനിതേടി അരീക്കോട്
| 14 OCT 2018 | AREEKODE |
കൊടിനിറങ്ങള്ക്കപ്പുറം രാഷ്ട്രീയപാര്ട്ടികള്ക്കിടയിലെ അന്തര്‍ധാര സജീവമാക്കിയത് തിയ്യററ്റിക്കലായി പറഞ്ഞാല്‍ നവമുതലാളിത്തത്തിന്റെ ലാഭയുക്തിയാണ്. അരീക്കോട്ടെ രാഷ്ട്രീയത്തെ ചെറുതായൊന്ന് പരിശോധിച്ചാല്‍ ഇത് പച്ചക്ക് തെളിഞ്ഞുകിട്ടും.
കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി അണികള്‍ സോഷ്യല്‍ മീഡിയയില്‍ കടിച്ച് കീറുമ്പോഴും നേതാക്കള്‍ക്കിടയിലെ പരസ്പര 'സഹകരണം' രാഷ്ട്രീയമൂല്യങ്ങളുടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് മധുവിധു ആഘോഷിക്കുകയായിരുന്നു നമ്മുടെ നാട്ടില്‍. പൊതുമുതല്‍ കട്ട് തിന്നുന്ന കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും വേണ്ടി ഒരൊറ്റ കൊടിക്കീഴില്‍ അണിനിരന്നിരിക്കുകയായിരുന്നു നേതാക്കള്‍. മറ്റെല്ലാറ്റിലുമെന്നപോലെ ഇതിന്റെയും നഷ്ടം സാധാരണക്കാരായ പട്ടിണിപ്പാവങ്ങള്ക്കാണെന്ന് പറയേണ്ടതില്ലല്ലോ. അരീക്കോട്ടെ ഗവ. ആശുപത്രിയും ചാലിയാറിന്റെ തീരവും, കംഫര്‍ട്ട് സ്റ്റേഷനും മാലിന്യവിഷയവുമെല്ലാം ദൈന്യത പേറുന്ന നേര്‍ക്കാഴ്ചകളായി നമുക്ക് മുന്നിലുണ്ട്. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ നമ്മള് പെട്ടെന്ന് മറന്നുപോകുന്നുണ്ടെങ്കിലും കൃത്യസമയത്ത് മിനിമം ചികിത്സകിട്ടാതെ മരണപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു അരീക്കോട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ എച്ചിലുപറ്റി ആദര്‍ശം മറന്ന് നഗ്നതയിലാറാടി ഉളുപ്പില്ലാത്ത ചിരിയും ഫിറ്റ് ചെയ്ത് സാമൂഹികദ്രോഹികളായി നടക്കുകയാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍. രാഷ്ട്രീയമൂല്യത്തിന്റെ അണുമണിത്തൂക്കംപോലും സ്പര്‍ശിച്ചിട്ടില്ലാത്ത ബഷീറിനെയും അന്‍വറിനെയും പോലുള്ളവരുടെ മൂടുതാങ്ങികളായി നിന്ന് സ്വയം ഉശിരുപോയിരിക്കുന്നു നമ്മുടെ ചോട്ടാ നേതൃത്വത്തിനെന്ന് വേദനയോടെയാണെങ്കിലും പറയാതെ വയ്യ.
ഇതിനിടയിലേക്കാണ് അരീക്കോട്ടെ മാര്‍ക്കറ്റ് വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടിക്കലുമായി ബന്ധപ്പെട്ട് ഒരു വൈരുദ്ധ്യം ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. യു.ഡി.എഫ് ചൊവ്വാഴ്ച നടത്താനിരുന്ന കെട്ടിടോല്‍ഘാടനം വാര്‍ഡ് മെമ്പറെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തിങ്കളാഴ്ച തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാട്ടുകാര്‍ പറയുന്നത് വിപണനകേന്ദ്രം തുറന്നാലും ഇല്ലെങ്കിലും വിപണി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാകും നടക്കുക എന്നാണ്. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ഭരണപക്ഷം പരാജയപ്പെടും എന്ന് ലെനിന് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പിറകില്‍ കേവലമായ ഈഗോ ക്ലാഷാണെങ്കിലും പ്രതിപക്ഷം അവരുടെ ജനാധിപത്യപരമായ വിയോജിപ്പ് ഒരല്‍പ്പം ഉശിരോടെ പ്രദര്‍ശിപ്പിക്കുന്നു എന്നര്‍ത്ഥത്തില്‍ സംഘര്ഷരഹിതമാണെങ്കില് അതിനെ സ്വാഗതം ചെയ്യാതിരിക്കാനാവില്ല. അതേസമയം ആശുപത്രിയടക്കമുള്ള വിഷയങ്ങളിലെ ഒത്തുകളിയോടുള്ള അണികളുടെ പ്രതിഷേധത്തെ തണുപ്പിക്കാനുള്ള കുതന്ത്രമാണോ ഇത് എന്നും സംശയിക്കാവുന്നതാണ്. ഇതേ ആവേശം എന്തുകൊണ്ട് ഇതിനേക്കാള്‍ അടിയന്തിരപ്രാധാന്യമുള്ള താലൂക്കാശുപത്രി, സമഗ്രമാലിന്യമുക്തപദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ ഉണ്ടാകുന്നില്ല എന്ന് നാം ഗൗരവമായി ചര്‍ച്ച ചെയ്യണം. എല്ലാ രാഷ്ട്രീയ പാര്ട്ടികള്ക്കകത്തുനിന്നും(Internal Critiquing) പുറത്തുനിന്നും(External Critiquing) ഇത്തരം ജാഗ്രതകള്‍ അനിവാര്യമായും ഉണ്ടാവണം. എങ്കിലേ രാഷ്ട്രീയപ്രബുദ്ധമാണ് അരീക്കോട് എ ന്ന് നമുക്കഭിമാനത്തോടെ നിവര്‍ന്നു നിന്ന് പറയാന്‍ പറ്റൂ. ആരു ഭരിച്ചാലും ഉയര്‍ന്ന ഇടപെടല്‍ശേഷിയുള്ള ഒരു പ്രതിപക്ഷം അനിവാര്യമാണ്, എങ്കിലേ സാധാരണജനങ്ങള്‍ക്ക് യഥാര്‍ത്ഥ രുചിയനുഭവിക്കാനാവൂ അതുവഴി ജനാധിപത്യം പൂര്‍ണ്ണമാകൂ...
സമീര്‍ കാവാഡ്