ശാഫിയുടെ ഖബറിടം അവന്റെ ആഗ്രഹം പോലെ നാഥന് വിശാലമാക്കിക്കൊടുക്കുമാറാകട്ടെ (ആമീന്‍).
| 29 Sep 2018 | AREEKODE |
സൗഹൃദങ്ങളെ ആത്മമിത്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ച് നിലനിര്‍ത്തുന്നതില്‍ അനിതരസാധാരണമായ കഴിവുണ്ടായിരുന്നു ശാഫിക്ക്. ശാരീരികവും സാമ്പത്തികവുമായ പരിമിതകളെ തന്റെ സ്വതസിദ്ധമായ നര്മ്മശൈലികൊണ്ടും എളിമയാര്‍ന്ന ജീവിതംകൊണ്ടും അതിജയിച്ച് അവന് സ്വയം ബദല്‍ മാതൃക കണ്ടെത്തി. കുട്ടിക്കാലത്ത് കളിയിടങ്ങളില്‍ ഒരു ഭിന്നശേഷിക്കാരന്റെ അധഃമബോധത്തോടെ കേവലം കാണിയായി മാറിനിന്നില്ല, മറിച്ച് ജനിച്ച് വീഴുന്നവരൊക്കെ ഫുട്ബോള്‍ തട്ടുന്ന താഴത്തങ്ങാടിയില്‍ അവന് ഗോള്‍കീപ്പറായി നിന്ന് തോറ്റ കളികള്ക്കൊടുവിലെ വാക്പയറ്റുകളില്‍ ഹാസ്യാത്മകമായ ന്യായീകരണങ്ങളുടെ മൂര്‍ച്ചയേറിയ വാക്കുകള്വീശി തോല്‍വിയെ ജയത്തേക്കാള്‍ വലിയ ഓര്മ്മദിനങ്ങളാക്കി മാറ്റി. വിവരദോഷികളായ പല ഏമാന്മാരും താഴത്തങ്ങാടിയില്‍ ക്രിക്കറ്റ് വിലക്കിയിരുന്ന കാലത്ത്, അതായത് കളി സമരപോരാട്ടം കൂടിയായിരുന്ന കാലത്ത്, കാട്ട്തായ് മൈതാനിയില്‍ വിക്കറ്റുകള്‍ക്ക് പിറകില്‍ നിന്ന് വൈഡ് ബോളുകള്ക്കുവരെ ശാഫി പറന്നുചാടി നോക്കി. യുവധാര സംഘടിപ്പിച്ചിരുന്ന ഓണാഘോഷ മത്സരങ്ങളിലെ പഞ്ചഗുസ്തി ടേബിളില്‍ മണല്‍തൊഴിലാളികളുടെ കൈകരുത്തിനെ സാപി നിഷ്പ്രയാസം മലര്‍ത്തിയടിച്ചിട്ടു. ഏറെ ചെസ് കളിക്കാരുള്ള താഴത്തങ്ങാടിയില്‍ ചാമ്പ്യന്മാരായവരുടെയൊക്കെ പേടിസ്വപ്നമായിരുന്നു ശാഫി മാടത്തിങ്ങല്‍.
എല്ലാ അരീക്കോട്ടുകാര്ക്കും ഒരു ഇഷ്ട ഫുട്ബോള്‍ ടീമുണ്ടാകും. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇറ്റലി എന്നിവയില്‍ ഏതെങ്കിലുമാകും മിക്കവരുടെയും ടിം. അവിടെയും ശാഫി വേറിട്ടു നിന്നു, കടുത്ത ജര്‍മ്മന്‍ ആരാധകനായിരുന്നു അവന്. അടുത്ത കാലത്ത് തുടങ്ങിയതല്ല അത്, കളിക്കമ്പം കയറിയനാള്‍ മുതല്‍ അതങ്ങനെയായിരുന്നു. ലോകകപ്പടുക്കുമ്പോള്‍ മറ്റുള്ളവരൊക്കെ പരസ്പരം പണമെടുത്ത് കൊടി നാട്ടുമ്പോള്‍ സാഫി സ്വന്തം പോക്കറ്റില്‍ നിന്നുമെടുത്ത് അവനു കയറാനാകുന്നിടം വരെ കയറിയെത്തി അത് കെട്ടിത്തൂക്കും. രാവിലെ ശാഫിയുടെ മുഖത്തുനിന്നും വായിച്ചെടുക്കാം ലീഗിലെ തലേദിവസത്തെ ബയേണ്‍ മ്യൂണിച്ചിന്റെ കളിഫലം. അത്രയ്ക്കാരാധനയായിരുന്നു ജര്‍മ്മന്‍ ഫുട്ബോളിനോട്. കടുത്ത മോഹന്‍ലാല്‍ ആരാധകനായിരുന്നു അവന്. താഴത്തങ്ങാടിയില്‍ മമ്മുക്ക ഫാന്‍സുകാര്‍ക്ക് തര്‍ക്കിച്ച് ജയിക്കാനും-തോല്‍ക്കാനും ഇനി ഈ സിനിമാ കമ്പക്കാരനില്ല.
മുഖ്യധാരയുടെ കൂടെ നില്ക്കാന് ആര്‍ക്കും പറ്റും. സേഫ് സോണിലിരുന്ന് കേവലം കളി കാണുന്നവരാണവര്‍. അങ്ങനെയുള്ളവര്‍ ചരിത്രം സൃഷ്ടിക്കുന്നവരല്ല. ജനനത്തിനും മരണത്തിനുമിടയിലുള്ള ചരിത്രകാലഘട്ടത്തിലെ വെറും പൊങ്ങുതടികള്‍. റാന്‍ മൂളികളെന്നും ഇത്തരക്കാരെ വിളിക്കാം. ശരിയെന്നു തോന്നുന്നത് സധൈര്യം വിളിച്ചുപറയുന്നവരും ചോദ്യം ചെയ്യുന്നവരും റിബലുകളുമാണ് ചരിത്രത്തിലിടപെടുന്നവര്. ചരിത്രനിര്‍മ്മിതിയില്‍ അറിഞ്ഞോ അറിയാതെയോ സംഭാവനകള്‍ അര്‍പ്പിക്കുന്നവരാണവര്‍. തന്റേതായ പരിമിതികള്‍ക്കകത്തും ഒരു റിബല്‍ സ്വഭാവപ്രകൃതം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ശാഫി. വ്യക്തിപരമായി എന്റെ പ്രിയം ശാഫിയിലെ ആ ഗുണത്തോടായിരുന്നു. അവനെപ്പോലെ ഇടപെടാനാവാത്തതില് അസൂയയും. തന്റെ ചെറിയ ജീവിതകാലത്തിനിടയില്‍ അതവന് പല തവണ പ്രദര്‍ശിപ്പിച്ചു. താഴത്തങ്ങാടിയില്‍ 'സംസ്കാര' എന്ന ജീവകാരുണ്യ സംഘടന രൂപംകൊണ്ടപ്പോള്‍ ആദ്യഘട്ടത്തില്‍ മുഖ്യധാര അതിനെ അല്പം സംശയത്തോടെയാണ് നോക്കി കണ്ടത്. എന്നാല്‍ ശാഫി തുടക്കംമുതല്‍ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നടുത്തൊടി സുനിലിന്റെയും ഫൈസിയുടെയും മറ്റുമൊപ്പം ഒരു പടി മുന്നിലായി പരിമിതികള്പേറി വേഗം നടക്കുന്നുണ്ടായിരുന്നു. തനിക്കു ചെയ്തുതീര്‍ക്കാനുള്ള സമയപരിമിതിയെക്കുറിച്ച് അബോധമനസ്സില്‍ ബോധവാനായിരുന്നതുപോലെ...
താഴത്തങ്ങാടിയില്‍ സി.പി.എം നെതിരെ, ഇടപെടല്‍ രാഷ്ട്രീയത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാണിച്ചും, സംഘടനാ ദൗര്ബല്യങ്ങളില് മനംമടത്തും ഒരുപാടുപേര് ചേറ്റടിച്ചര്ച്ചകളില് വ്യാപൃതരായപ്പോള്‍ അവിടെയും ശാഫിയിലെ റിബലിന്റെ ചൂടും ചൂരും നമ്മളറിഞ്ഞു. തൊട്ടടുത്തു വന്ന തിരഞ്ഞെടുപ്പില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും വോട്ടേഴ്സ് സ്ലിപ്പുമായി ശാഫി താഴത്തങ്ങാടി വാര്‍ഡിലെ വീടുകളില്‍ നിരന്തരം കയറിയിറങ്ങി പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ച് ഇടതു പാളയത്തെ അമ്പരപ്പിച്ചു. എന്നാല്‍ ചെന്നുകയറിയ കൂട് വിട്ടേച്ചുപോന്ന കൂടാരത്തേക്കാള് നിരാശാജനകമാണെന്നു തിരിച്ചറിഞ്ഞ ശാഫി ഒട്ടും സംശയിക്കാതെ ചെങ്കൊടിയേന്തി തിരിച്ചെത്തി. താഴത്തങ്ങാടിയിലെ പാര്‍ട്ടിക്കാരും അനുഭാവികളും ഏറെ ആഹ്ലാദത്തോടെയാണ് ശാഫിയെ സ്വീകരിച്ചത്. താഴത്തങ്ങാടിക്കാര്‍ അങ്ങനെയാണ് കൂടെനില്ക്കുന്നവരേക്കാള് സ്നേഹംകാണിക്കും പോയിവരുന്നവരോട്. എ.പി ഹനീഫാക്കാനെ ഒരുപാടിഷ്ടമായിരുന്നു ശാഫിക്ക്. ഹനീഫാക്ക പാര്‍ട്ടിയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന നിരവധി താഴത്തങ്ങാടിക്കാരില് മുമ്പനായിരുന്നു ശാഫി.
മരിക്കുന്ന സമയത്ത് ശാഫി അരീക്കോട് സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരനാണ്. അവിടെയുള്ള ഡോക്ടര്‍മാരും നഴ്സുമാരുരും മരണത്തോട് മല്ലടിക്കുന്ന നിമിഷങ്ങളില്‍ ശാഫിക്കരികിലുണ്ട്. എന്നാല്‍ ബ്ലഡ് പ്രഷര്‍ വ്യതിയാനവും അറ്റാക്കുംമൂലം ഒരാള്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ട അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്രയോ കാലത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള അരീക്കോട്ടെ താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നോ എന്ന ചോദ്യം ഇനിയെങ്കിലും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മികച്ച സേവനം ലഭ്യമായ ഒരിടത്തേക്ക് മരണത്തോട് മല്ലടിക്കുന്ന ഒരു രോഗിയെ കൊണ്ടുപോകാന്‍ ആ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നിട്ടുപോലും ആംബുലന്‍സിനായി കാത്തിരിക്കേണ്ടിവന്നു എന്നതും ആധുനിക അരീക്കോടിന്റെ നിര്‍മ്മിതിയില്‍ ഊറ്റം കൊള്ളുന്ന എജുക്കേറ്റഡ് ഇഡിയറ്റ്സ് തലകുനിച്ചിരുന്നാലോചിക്കണം.
വരാനിരിക്കുന്ന അരീക്കോട്ടെ വലിയ ആശുപത്രി സ്വപ്നം കണ്ട് നേരത്തെ മരണത്തിന് കീഴടങ്ങേണ്ടിവന്നവര് കഴിഞ്ഞ കാലങ്ങളിലായി ഈ പ്രദേശത്ത് ധാരാളമുണ്ട്. അരീക്കോട്ടെ താലൂക്കാശുപത്രി മുഴുവന്‍ സമയ കാഷ്വാലിറ്റി സംവിധാനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ അനിവാര്യതയെക്കുറിച്ചും സാധാരണ ജനങ്ങളനുഭവിക്കുന്ന പ്രയാസത്തിന്റെ ഭീകരതയെക്കുറിച്ചും സ്വാകര്യ മെഡിക്കല്‍രംഗത്ത് (മരുന്നുലോബികളടക്കം) നിലനില്‍ക്കുന്ന മനുഷ്യത്വഹീനമായ കൊടും കൊള്ളയെക്കുറിച്ചും നിരന്തരം സംസാരിക്കുമായിരുന്നു ശാഫി. രാഗേഷ് എം.പി അനുവദിച്ച 30 ലക്ഷം ഫണ്ട് ഈ ദിശയില്‍ ചെലവഴിക്കണമെന്ന അതിയായ ആഗ്രഹം അവന് പങ്കുവെച്ചിരുന്നു. ഈ ദിശയിലുള്ള ഇടപെടലുകള്‍ക്ക് ഇവിടത്തെ രാഷ്ട്രീയനേതൃത്വം തയ്യാറാവുകയാണെങ്കില്‍ അല്ലെങ്കില്‍ അതിനവരെ പ്രേരിപ്പിക്കുന്ന തരത്തില്‍ ശാഫിയെ സ്നേഹിക്കുന്നവര്‍ക്ക് ഇടപെടാനാവുകയാണെങ്കില് അതായിരിക്കും നമുക്കവനു ഭൗതികമായി നല്കാനാകുന്ന ഏറ്റവും വലിയ സാമൂഹികപ്രതിബദ്ധതയുള്ള സ്മരണാഞ്ജലി.
സമീര്‍ കാവാഡ്