സ്ത്രീപ്രവേശനം - പള്ളിയിലും ശബരിമലയിലും എന്ന തലക്കെട്ടോടെ ശ്രീ. എന്‍.വി സക്കറിയയുടെ പ്രഭാഷണം യൂട്യൂബില്‍ കാണാനിടയായി (പ്രിയ സുഹൃത്ത് ഇന്തിസാറാണ് അയച്ചുതന്നത്). ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതിവിധിവന്നയുടന് സലഫി-മൗദൂദി വിഭാഗത്തില്‍പെട്ട പലരും സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ഒരു കുറുക്കവഴിയായി സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്താന്‍ സോഷ്യല്‍മീഡിയവഴിയും മറ്റും ശ്രമിക്കുന്നത് കണ്ടു. ഇത്തരക്കാര്‍ക്കുള്ള കൃത്യമായ മറുപടി സക്കറിയയുടെ പ്രഭാഷണത്തിലുണ്ട്. സ്ത്രീകളുടെ പള്ളിപ്രവേശനം ഇസ്ലാം വിലക്കിയിട്ടില്ലെന്നു മാത്രമല്ല പള്ളിയില്വന്നുള്ള പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക പ്രതിഫലമുണ്ടെന്ന വാദമടക്കം ഉന്നയിച്ചുകൊണ്ടുതന്നെ അതില്‍ അഭിപ്രായവ്യത്യാസമുള്ളവരുടെ പള്ളികളില്‍ അവരുടെ വിശ്വാസമനുസരിച്ചുള്ള നിയമങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും തുറന്നു പറയുന്നു. തികച്ചും ജനാധിപത്യപരവും പ്രസക്തവുമായ ഒരു നിലപാടാണിത്. ശബരിമല കോടതിവിധി പരമ്പരാഗതവിശ്വാസത്തെ മുഖവിലക്കെടുക്കാത്തതായി എന്ന പരോക്ഷവിമര്‍ശനവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ശബരിമലയില്‍ 1991 ലെ ഹൈക്കോടതിവിധിക്ക് മുമ്പ് സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്ന വാദവും നിലനില്‍ക്കെ പരമ്പരാഗത ആചാരം എന്ന ഗണത്തില്‍ ഇതിനെ ഉള്‍പ്പെടുത്താനാവുമോ എന്ന ചോദ്യം അവിടെയുണ്ട് .
"സ്ത്രീപ്രവേശനം - പള്ളിയിലും ശബരിമലയിലും" എന്ന തലക്കെട്ട് ഈ പ്രഭാഷണത്തിന് തീരെ യോജിച്ചതായില്ല. അത്തരം ഒരു താരതമ്യം പ്രതീക്ഷിച്ച് പ്രഭാഷണം കേള്‍ക്കുന്നവരെ സംബന്ധിച്ച് നിരാശയാവും ഫലം. ഒന്നാമതായി രണ്ട് മതങ്ങളുടെയും ഘടനയില്‍ അജഗജാന്തര വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. സെമിറ്റിക് ചട്ടക്കൂടില്‍ പടുത്തയര്ത്തപ്പെട്ടതാണല്ലോ ഇസ്ലാം മതം. ഏകശിലാത്മകമായ ഒരു ഘടന ഹിന്ദുമതത്തിനില്ല. ക്ഷേത്രത്തിലും പള്ളിയിലും സ്ത്രീപ്രവേശനം എന്നതിനെ ഒരേ മാനദണ്ഡത്തില്‍ പരിഗണിക്കാനാവുമോ, അതോ അല്ലയോ. വ്യക്തിസ്വാതന്ത്ര്യം എന്ന ആശയം എത്രമാത്രം ഇവിടെ സാധൂകരിക്കപ്പെടുന്നുണ്ട് തുടങ്ങി ഈ വിഷയത്തിലെ സാമൂഹികപ്രസക്തവും കൗതുകകരവുമായ പല ചോദ്യങ്ങളിലേക്കും പ്രഭാഷണം എത്തിനോക്കുന്നുപോലുമില്ല. പ്രഗത്ഭനും പണ്ഡിതനുമായ ശ്രി. സക്കറിയ ആയിരിക്കില്ല ഈ തലക്കെട്ട് കൊടുത്തിട്ടുണ്ടാവുക എന്നു തോന്നുന്നു. ഒരു ജുമുഅ ഖുതുബക്ക് തലക്കെട്ടിടുമ്പോള്‍ "വര്‍ത്തമാനം" പത്രത്തിലെ തലക്കെട്ടുപോലെയാവരുത് കുറച്ചുകൂടി നൈതികജാഗ്രത പുലര്ത്തണമെന്നഭ്യര്ത്ഥിക്കുന്നു. അതല്ലെങ്കില്‍ ചാനലിന്റെ വിശ്വാസ്യതയെ അത് ബാധിക്കും.
-------------------------
സമീര്‍ കാവാഡ്