മണല്‍ തൊഴിലാളികള്‍ക്കൊപ്പം, മണല്‍ കള്ളന്മാര്ക്കെതിരെ : അരീക്കോടിന്റെ പുഴ ജാഗ്രത ശ്രദ്ധേയമാകുന്നു
|10 Sep 2018 | AREECODE |
ചാലിയാറില്‍ നിന്നും വ്യാപകമായി അനധികൃത മണലെടുക്കുന്നതിനെക്കുറിച്ച് ഇന്നത്തെ പത്രങ്ങളില്‍ ഫോട്ടോ സഹിതം വാര്‍ത്ത വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളുടെയും തുടര്‍ച്ചയാണിത്. വാര്‍ത്ത ശരിയും സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റു ചില വസ്തുതകള്‍ക്കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് എന്തുകൊണ്ടാണ് ജനങ്ങള്‍ പുഴയെക്കുറിച്ച് ചാലിയാറിനെക്കുറിച്ച് ഇത്രയേറെ ജാഗരൂഗരായിരിക്കുന്നത്. പ്രളയകാലത്ത് സമീപ പ്രദേശങ്ങളിലുണ്ടായ ഞടുക്കുന്ന ഉരുള്‍പൊട്ടലും ചാലിയാറിന്റെ തൊട്ടടുത്ത ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിലും വീടുകള്‍ക്കു സംഭവിച്ച വിള്ളലും മാത്രമല്ല അതിനു കാരണം. വ്യാപകമായ മണലെടുപ്പിന്റെയും പുഴ മലിനീകരണത്തിന്റെയും ഭാഗമായി പുഴയില്‍ കൊഴുപ്പു വന്നടിഞ്ഞ് ആല്ഗപ്രതിഭാസം ഉണ്ടായതിന്റെ ഞെട്ടിക്കുന്ന സമീപകാല ഓര്‍മ്മകള്‍കൂടി ഈ പ്രദേശത്തുകാരെ വേട്ടയാടുന്നത് ഈ ജാഗ്രതയ്ക്കു പിന്നിലെ വേറൊരു കാരണമാണ്. പ്രളയാനന്തരം ചാലിയാറിന്റെ ജലനിരപ്പ് (വാട്ടര്‍ ലെവല്‍) വലിയ തോതില്‍ താഴ്ന്നത് ചാലിയാറിന്റെ ഇരുകരകളിലും നാലോ അഞ്ചോ കിലോമീറ്റര്‍ കരയിലുള്ള കിണറുകളെയും മറ്റു ജലാശയങ്ങളെയും വരും കാലങ്ങളില്‍ വറ്റിക്കുന്നതിലേക്ക് നയിക്കുമെന്നും കൊടും വരള്‍ച്ചയാണ് വരാനിരിക്കുന്നതെന്നുമുള്ള സ്വയം ബോധ്യമാണ് മര്‍മ്മപ്രധാനമായ മറ്റൊരു കാരണം.
പ്രളയാനന്തരം സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി സംരക്ഷണത്തിന് പൊതുവിലും പുഴയും തീരവും സംരക്ഷിക്കാന്‍ പ്രത്യേകിച്ചും താല്പര്യമെടുക്കുകയും അത് ജിയോളജി, പോലീസ് മുതലായ വകുപ്പുകളെ അടിയന്തരപ്രാധാന്യത്തോടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ജനജാഗ്രതയ്ക്കു പിന്നിലുണ്ട്. ഇതൊക്കെയാണെങ്കിലും ഈ മേഖലയിലെ തൊഴിലാളികളെക്കുറിച്ചുകൂടി നാം ആലോചിക്കേണ്ടതുണ്ട്.
ഈ മേഖലയില്‍ ഇടപെടുന്നവരെ മൂന്നായിത്തന്നെ കാണണം. ഒന്ന് മണല്‍ തൊഴിലാളികള്‍. ഏതൊരു തൊഴിലും സാമൂഹികാംഗീകാരം നേടുന്നത് അത് നിയമത്തെ അംഗീകരിക്കുമ്പോള്‍ മാത്രമാണ്. സര്‍ക്കാരിന്റെ അംഗീകാരത്തോടെ വ്യവസ്ഥകള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ അതൊരു തൊഴിലിടമായി മാറുന്നുള്ളൂ. മണല്‍ പാസുള്ള കടവുകളില്‍ തൊഴിലെടുക്കുന്നവരെ മാത്രമേ ആദ്യ ഗണത്തില്‍ ഉള്‍പ്പെടുത്താനാവൂ. രണ്ട് മണല്‍ മാഫിയയാണ്, അതായത് തൊഴില്‍ ആളാതെ, ഇടനിലയായി നിന്ന് യാതൊരുവിധ വ്യവസ്ഥകളും പാലിക്കാതെ നേരത്തെ പറഞ്ഞ തൊഴിലാളികളുടെ അധ്വാനത്തെ കാര്‍ന്നു തിന്ന് തടിച്ചുകൊഴുക്കുന്നവര്‍. ഇവരാണ് ഡിമാന്റ് സപ്ലൈ ബന്ധത്തെ മാനിപ്പുലേറ്റ് ചെയ്ത് ക്രിത്രിമ മണല്ക്ഷാമമുണ്ടാക്കി, റവന്യൂ പോലീസ് ഉദ്വോഗസ്ഥര്‍ക്ക് ഭീമമായ കൈക്കൂലി നല്കി മണലിന്റെ വില തോന്നിയതുപോലെയാക്കി തൊഴിലാളിയെയും ആവശ്യക്കാരെയും സര്‍ക്കാരിനെയും ഒരുപോലെ പറ്റിക്കുന്നവര്‍. ഇന്ധനവിലയുമായി ബന്ധപ്പെട്ട് അംബാനി-ആദാനി മാര്‍ ചെയ്യുന്നതുതന്നെയാണ് ചെറിയ തോതിലാണെങ്കിലും ഇവര്‍ ചെയ്യുന്നത്. മണല്‍ പാസുള്ള ഇടങ്ങളില്‍ ഇവര്‍ക്ക് വേണ്ടത്ര ഇടപെടാനാവാറില്ല. മൂന്നാമത്തെ വിഭാഗം മണല്‍ കള്ളന്മാരാണ്. നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് സര്‍ക്കാരിന്റെ അനുമതിയില്ലാതെ മണലൂറ്റുന്നവര്‍. രാത്രിയുടെ മറവിലാണ് ഇത്തരക്കാരുടെ തോന്ന്യാസം. മണല്‍ മാഫിയയുടെ ചട്ടുകങ്ങളാണിവര്. എന്താണ് പോംവഴി?
മണല്‍ ലഭ്യമായ സ്ഥലങ്ങളില്‍ പൂര്‍ണ്ണമായും മണലെടുക്കരുത് എന്ന വരട്ടു പ്രകൃതിവാദം പ്രായോഗികമല്ല. അത് തൊഴിലാളി വിരുദ്ധമാണ്. പുഴയില്‍ അതാത് സമയങ്ങളില്‍ ശാസ്ത്രീയ പഠനം നടത്തിക്കൊണ്ട് എത്ര ലോഡ് മണല്‍ എടുക്കാം, അല്ലെങ്കില്‍ എത്ര കാലത്തേക്കെടുക്കാം എന്ന ഒരു മാനദണ്ഡം വെച്ചുകൊണ്ട് കൃത്യമായ പാസ് മുഖേന മണല്‍ വാരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം. അതേസമയം സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിക്കാന്‍ തൊഴിലാളികളും തയ്യാറാവണം. മണല്‍ തൊഴിലാളിക്കും ആവശ്യക്കാരനും ഇടയിലുള്ള മാഫിയാ ഇടനിലക്കാരെ ഒഴിവാക്കാനുള്ള ശാസത്രീയ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതാണ്. തൊഴിലാളികള്‍ക്ക് ആതാത് ദിവസങ്ങളില്‍ കിട്ടുന്ന സാമാന്യം നല്ല കൂലിയുടെ അത്യാവശ്യം ഒഴിച്ചുള്ള ഭാഗം വര്‍ഷത്തില്‍ എല്ലാ മാസവും പണി ഉണ്ടാവില്ല എന്നവരെ ബോധ്യപ്പെടുത്തി അതാതിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈ എടുത്ത് സഹകരണ സംഘങ്ങള്‍ക്ക് രൂപം നല്കി അതില്‍ നിക്ഷേപിക്കാനും ദുരിതകാലത്ത് ആശ്രയിക്കാനുള്ള ഉപാധിയാക്കാവുന്നതുമാണ്.
അതോടൊപ്പം തന്നെ ഈ മേഖലയിലേക്ക് യാതൊരുവിധ ആലോചനയുമില്ലാതെ സ്ക്കൂള്‍വിദ്യാഭ്യാസം പോലും ഉപേക്ഷിച്ച് കടന്നു വരുന്നവരെ എന്തു വിലകൊടുത്തും നിരുത്സാഹപ്പെടുത്താന്‍ നിലവില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ തയ്യാറാവണം. മറ്റൊന്ന് മണല്‍ തൊഴിലാളികളെ കൃത്യമായി (പോര്‍ട്ടര്‍മാരുടെ അതേ രീതി അവലംഭിച്ച്) രജിസ്ട്രര്‍ ചെയ്യുകയും അവരെ ചുമട്ടുതൊഴിലടക്കമുള്ള മറ്റു മികച്ച തൊഴില്‍ മേഖലയിലേക്ക് പുനരധിവസിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമൊരുക്കുകയും വേണം. ഓരോ നാട്ടിലും തൊഴില്‍ നല്കാന് (നാട്ടിലും, വിദേശത്തും) കഴിവുള്ള ബിസിനസുകാരും മറ്റും മണല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കാന് സന്നദ്ധരായി മുന്നോട്ടുവരണം.
നിരവധി മണല്‍ തൊഴിലാളികള്‍ പുതിയ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ തൊഴില്‍ ഉപേക്ഷിക്കാനും പുഴസംരക്ഷണത്തിന് പിന്തുണ നല്‍കാനും തയ്യാറായി വന്നിട്ടുണ്ട്. അല്ലെങ്കില്‍ അവരുടെ മുന്‍കൈയ്യിലാണ് പലയിടങ്ങളിലും പുഴ സംരക്ഷണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ വിശാല മനസ്സിലെ സമൂഹം കണ്ടില്ലെന്നു നടിക്കരുത്. വളരെയധികം സാമ്പത്തിക പ്രയാസത്തിനിടയിലാണ് അവരിത്തരമൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട രൂപത്തിലുള്ള തൊഴില്‍പുനരധിവാസ പിന്തുണ നല്കാന് സമൂഹത്തിലെ മറ്റുള്ളവര്‍ മുന്നോട്ടുവരണം. എങ്കില്‍ മാത്രമേ അവരും ഇവരും ഇല്ലാതായി നമ്മളൊന്ന് എന്ന ഉത്തമ ബോധ്യത്തിലേക്ക് സമൂഹം വികസിക്കൂ.
അനധികൃതമായ മണല്‍ കളവ് തടഞ്ഞേ മതിയാകൂ. അതിന് പോലീസും ഭരണ സംവിധാനങ്ങളും മുന്നോട്ടു വരണം. അല്ലെങ്കില്‍ അവരെ വരുത്തണം. അതിന് ജനകീയ ജാഗ്രത അനിവാര്യമാണ്. അരീക്കോട് കേന്ദ്രമായി അത്തരം ജാഗ്രതകള്‍ പരസ്യമായും രഹസ്യമായും രൂപപ്പടുന്നുണ്ട് എന്നത് സ്വാഗതാര്‍ഹമാണ്.
-------------------------
സമീര്‍ കാവാഡ്