പ്രളയകാലത്ത് സര്‍ക്കാര്‍ കാണിച്ച ആര്‍ജ്ജവത്തിനും ആത്മാര്‍ത്ഥതയ്ക്കും അതിന്റെ പതിന്മടങ്ങ് സമൂഹം തിരിച്ചു നല്‍കിയതാണ് ഇന്നു നാം അനുഭവിക്കുന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. തുടര്‍ന്നും അമ്പരപ്പിക്കുന്ന പിന്തുണയാണ് കേരളത്തിനു കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രളയപുനരധിവാസത്തിലേക്കായ് ലോകത്തെങ്ങുമുള്ള മലയാളികളും മനുഷ്യസ്നേഹികളായ കേരളീയരല്ലാത്തവരും (സംഘി അര്ണബിനെപ്പോലുള്ളവരൊഴികെ) സാമ്പത്തികമായും മറ്റും പരമാവധി സഹകരിക്കുമ്പോള്‍, അടുത്തപടി (Next level) എന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്ത് സര്‍ക്കാരും ചെലവു ചുരുക്കിയാല്‍ (ആവശ്യമില്ലാത്ത കമ്മീഷനുകള്‍ പിരിച്ചുവിട്ടും, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെതടക്കം എണ്ണം കുറച്ചും) അത് പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കും.
സി.പി.എമ്മിനും, സി.പി.ഐ ക്കും ഓരോ മന്ത്രിമാരെ പിന്‍വലിച്ചും പുതിയ മാതൃക സൃഷ്ടിക്കാവുന്നതാണ്. പുനരധിവാസത്തിന് ഒന്നരവര്‍ഷം എടുക്കുമെന്നാണ് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. അത് കഴിഞ്ഞ് ആവശ്യമെങ്കില്‍ ഇവരെയെല്ലാം തിരിച്ചെടുക്കാവുന്നതാണ്. ആഡംബര-വിനോദ നികുതികള്‍ ഏറ്റവും പരമാവധി വര്‍ദ്ധിപ്പിച്ച് പണം സമാഹരിക്കണം. ഈ സന്ദര്‍ഭത്തില്‍ അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ സാധ്യമാകുന്നതെല്ലാം ചെയ്യണം.
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തില്‍ ഏറെ സംതുലനവും സൂക്ഷ്മതയും അനിവാര്യമായ ഒരു ഭൂപ്രദേശമാണ് കേരളം. ആഗോളവല്‍ക്കരണത്തിനുശേഷം നമ്മുടെ നവമുതലാളിത്ത വികസനസങ്കല്‍പ്പങ്ങളും പുത്തന്‍ ജീവിതരീതികളും അതിഭീകരമായ പ്രകൃതിചൂഷണത്തിനാണ് വഴിവെച്ചത്. പുതിയ വര്‍ത്തമാനം നമ്മെ ചില പുനര്‍ വിചിന്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് വിട്ടുവീഴ്ചയില്ലാത്ത പ്രകൃതി സംരക്ഷണ സംരംഭങ്ങള്‍ക്ക്, നിയമനിര്‍മ്മാണങ്ങള്‍ക്ക്, ഭരണ-ആസൂത്രണ തലത്തില്‍ ഇടപെടലുകള്‍ ആവശ്യമാണ്.
അങ്ങനെ വന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ്റി ഇരുപത് സീറ്റു നേടി ഇടതുപക്ഷത്തിന് ഭരണതുടര്‍ച്ച നിസ്സംശയം ഉറപ്പിക്കാം. സര്‍ക്കാറും പാര്‍ട്ടിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നവകേരളം ദൈവത്തിന്റെ സ്വന്തം നാടിനേക്കാള്‍ മികവുറ്റതാക്കാം.
---------------
സമീര്‍ കാവാഡ്