പുലിപ്പാലുകറക്കാന് പിണറായി ഒറ്റയ്ക്കുമതി: കാര്ട്ടൂണര്ത്ഥം തെളിഞ്ഞുവരാന്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു
| 30 Oct | SABARIMALA |
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തുല്യനീതിക്കായ് കേസുകൊടുത്തത് ഉത്തരേന്ത്യക്കാരായ സംഘപരിവാര്‍ വനിതകളാണ്. മാത്രവുമല്ല തങ്ങള്‍ ഇതിനനുകൂലമാണ് എന്ന വാദം അവരുടെ ബുദ്ധികേന്ദ്രങ്ങളായ ഭയ്യാജി ജോഷി അടക്കമുള്ളവര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനു മുമ്പത്തെ ഇടതുമുന്നണി ഭരണം, അതായത് വി.എസ് സര്‍ക്കാരിന്റെ കാലത്ത് അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നല്ലോ. പിന്നീട് ഉമ്മന്‍ചാണ്ടി അതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ പിണറായി സര്‍ക്കാറിനു മുന്നില്‍ പുതിയൊരു സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ നേരത്തെയുള്ള ഇടതുമുന്നണി നയത്തെ അതേപടി പിന്തുടരുകയാണ് ചെയ്തത്. എന്നാല്‍ ആര്.എസ്.എസ് അടക്കം പിന്തുണയ്ക്കുന്ന ഹിന്ദു ആചാരവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ സുപ്രീം കോടതി വിധി വരുന്നപക്ഷം യാതൊരുവിധ പ്രയാസവുമില്ലാതെ വിധി നടപ്പിലാക്കിയെടുക്കാന്‍ സാധിക്കും എന്ന ധാരണയാണ് പൊതുവെ പിണറായിക്കടക്കം ഉണ്ടായിരിക്കുക. ആ ധ്വനിയിലാണ് വിധി വന്നയുടന്‍ മലയാളത്തിന്റെ പ്രിയങ്കരനായ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് ഇത്തരമൊരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നേരത്തെ പറഞ്ഞിരുന്ന ആദര്‍ശം വിഴുങ്ങിയാല്‍ ചില രാഷ്ട്രീയലാഭമുണ്ടാകുമെന്ന കണക്കുകൂട്ടലുമായി സംഘപരിവാര്‍ കളം മാറ്റി ചവിട്ടിയതോടെ ആദ്യഘട്ടത്തില്‍ ഇടതുമുന്നണിയില്‍ മാത്രമല്ല സി.പി.എമ്മിനകത്തെ തന്നെ പലരും പണി പാളി എന്ന നിഗമനത്തിലായിരുന്നു, പിണറായി ഗള്‍ഫ് പര്യടനത്തിനു പോയ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. കടകംപള്ളിയിലും സര്‍ക്കാര്‍ നോമിനിയായ ദേവസ്വം പ്രസിഡന്റിലും ചില ചാഞ്ചാട്ടങ്ങള്‍ ആ ദിവസങ്ങളില്‍ കാണുകയുമുണ്ടായി. എന്നാല്‍ പിണറായി തിരിച്ചെത്തുകയും, തന്റെ നിലപാട് (സുപ്രിംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന്) അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുകയും ശബരിമലയില്‍ വിശ്വാസികളാണെന്ന വ്യാജേന കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ക്ക് വിട്ടുവീഴ്ച ചെയ്യാതെ നിയമത്തിന്റെ വഴിസ്വീകച്ച് പഴുതടച്ച നടപടികളിലേക്ക് കടക്കുകകൂടി ചെയ്തതോടെ തങ്ങള്‍ പ്രതീക്ഷിച്ച മൈലേജ് ഈ വിഷയത്തിലും ലഭിക്കില്ലെന്ന ബോധ്യത്തിലേക്ക് കേരളത്തിലെ കോ.ജെ.പി ഏറെക്കുറെ എത്തുകയുണ്ടായി.
സന്ദീപാനന്ദ ഗിരി, സുനില്‍ പി ഇളയിടം, എം.ജെ.ശ്രീചിത്രന്, മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് എം. രാജഗോപാലന്‍ നായര്‍, പ്രൊഫ. എം. ലീലാവതി ടീച്ചര്‍, ഡോ.കെ.എന്‍. ഗണേഷ് തുടങ്ങിയവരുടെ വിധിക്കനുകൂലമായ വിശ്വാസത്തിലടിയുറച്ചതും ശാസ്ത്രീയവും യുക്തിഭദ്രവുമായ നിലപാടു പ്രഖ്യാപനങ്ങള്കൂടിയായപ്പോള് ആദ്യം ശങ്കിച്ചുനിന്ന കേരളം പിണറായിക്കു പിന്നില്‍ നിവര്‍ന്നു നില്ക്കാന് തുടങ്ങി.
ഇന്നു രാഹുല്‍ ഗാന്ധി കെ.പി.സി.സി നിലപാടിനെ തള്ളിപ്പറയുകകൂടി ചെയ്തതോടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ വിഢികളാക്കപ്പെട്ടിരിക്കുന്നു. പലതും പ്രതീക്ഷിച്ചെത്തിയ അമിത് ഷാ അതൃപ്തനായാണ് മടങ്ങിയത് എന്നതാണ് ഏറ്റവും ഒടുവിലായി വരുന്ന വാര്‍ത്ത. അല്പം സമയമെടുത്താണെങ്കിലും രാഹുല്‍ ഈശ്വര്‍ വെറുമൊരു നനഞ്ഞ പടക്കമായിരുന്നു എന്നും തലയില്‍ ആള്‍പാര്‍പ്പുള്ള മലയാളികള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. ദീര്‍ഘദൃഷ്ടിയുള്ള കാര്‍ട്ടൂണിസ്റ്റാണ് ഗോപീകൃഷ്ടണന്, ആര്.എസ്.എസിനുകൂടി സമ്മതമായിരുന്ന ഒരു വിഷയത്തില്‍ നവോത്ഥാനമൂല്യങ്ങളുടെ പിന്തുടര്ച്ചതേടിയിറങ്ങിയ പിണറായിയെ വഴിയില്‍ വെച്ച് ഒറ്റപ്പെടുത്തി അപായപ്പെടുത്താം എന്നു കരുതിയ സംഘപരിവാറിന് പക്ഷെ തെറ്റുപറ്റി.
കളി ഒരുപാട് കണ്ടും കേട്ടും പൊരുതിയും പഠിച്ചും വന്നയാളാണ് സഖാവ് പിണറായി, പുലിപ്പുറമേറി പുലിക്കൂട്ടില്‍ ചെന്ന് പുലിപ്പാല് കറന്നുവരാന് സഖാവിന് ഈ ഒറ്റത്തടി ധാരാളം. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങനെയൊരര്ത്ഥംകൂടി ഉണ്ട് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണിന് എന്നതല്ലേ സത്യം?
---------------
സമീര്‍ കാവാഡ്