ഭൂമികയ്യേറ്റക്കാരെയും അമ്യൂസ്മെന്റ് പാര്‍ക്ക് മുതലാളിമാരെയും സാക്ഷിനിര്‍ത്തി പ്രളയാനന്തര കേരളത്തിന്റെ പുനര്മ്മിതിക്കായ് പ്രത്യേകം വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സഖാവ് വി.എസ്.അച്ചുതാനന്ദന്റെ തകര്‍പ്പന്‍ പ്രസംഗം. "കേരളം നേരിട്ട പ്രളയത്തിനു കാരണം കനത്ത മഴ തന്നെയാണ്. പക്ഷേ, ദുരന്തത്തിന്റെ ആക്കം കൂട്ടിയതു കുന്നിടിച്ചിലും ഉരുള്‍ പൊട്ടലുമാണ്...സ്വയം വിമര്‍ശനപരമായി പറഞ്ഞാല്‍ നയരൂപീകരണത്തിലാണ് പിഴവു സംഭവിച്ചത്" എന്നദ്ദേഹം തുറന്നടിച്ചു.
"കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല" എന്ന താക്കീതും സഖാവ് വി.എസ് സഭയിലുയര്‍ത്തി. പഴുതടച്ചുള്ള കര്‍ക്കശമായ നിയമനിര്‍മ്മാണങ്ങളുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്നാര്‍ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതും എഴുതിവായിച്ച പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ക്വാറികള്‍ക്കു നിയമപരമായി നില്‍കിയ അനുമതികള്പോലും റദ്ധാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളോടു സംസാരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്നതടക്കം കേന്ദ്രസര്‍ക്കാറിന്റെ നയ-നടപടികള്‍ക്കെതിരെയും മുന്‍ മുഖ്രമന്ത്രിയുടെ പ്രസംഗം ചാട്ടുളി പായിച്ചു. വികസനം ആക്രോശമായി മാറരുത്. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റേയും അതിര്‍വരമ്പുകള്‍ തീര്‍ച്ചപ്പെടുത്താനുള്ള അവസരമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. "ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ശ്ഷ്കാന്തി ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും കാണിക്കണം" എന്ന വി.എസിന്റെ വാക്കുകളെ കയ്യടിയോടെയാണ് സഭ സ്വീകരിച്ചത്. പുതിയ കേരളം നിര്‍മ്മിക്കാന്‍ മറ്റെല്ലാം മറന്ന് മലയാളികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വി.എസിന്റെ പ്രസംഗം നവകേരളത്തിന്റെ മാനിഫെസ്റ്റോ ആയി ചരിത്രത്തില്‍ ഇടം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നുത്.
പ്രസംഗം പൂര്‍ണ്ണരൂപത്തില്‍
വായിക്കാന്‍ ക്ലിക് ചെയ്യൂ :
വീയെസ്സിന്റെ പ്രസംഗം