ബാബറും രാമനും തമ്മില്‍ ഒരിടപാടും ചരിത്രത്തിലുണ്ടായിട്ടില്ല. ബാബര്‍ തോല്‍പ്പിച്ചത് ഇബ്രാഹിം ലോധിയെയാണ്. ബാബറിനെ തുടര്‍ന്ന് അധികാരമേറ്റെടുത്ത ഹൂമയൂണിനെ തോല്‍പ്പിച്ചത് ഷേര്‍ഷയാണ്. സത്യത്തില്‍ ഹിന്ദു-മുസ്ലിം രാജാക്കന്മാര് തമ്മില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന യുദ്ധത്തെ ബാബര്‍ ചരിത്രപരമായി റദ്ദുചെയ്യുകയാണുണ്ടായത്. ബാബറിന്റെ തോല്‍വിയും അദ്ദേഹത്തിന്റെ മകന്റെ പരാജയവും മുസ്ലിം രാജവംശത്തോട് ഏറ്റുമുട്ടിയായിരുന്നു. എന്നാല്‍ ഈ ചരിത്രവസ്തുതയ്ക്ക് പകരം ബാബര്‍ രാമനെ തോല്‍പ്പിക്കാനാണ് ഇന്ത്യയിലേക്ക് വന്നത് എന്നും ബാബര്‍ രാമനെയാണ് തോല്‍പ്പിച്ചത് എന്നും ബാബര്‍ തോല്‍പ്പിച്ച രാമനെ വീണ്ടെടുക്കലാണ് നമ്മുടെ അഭിമാനമെന്നുമുള്ള ഒരു കൃത്രിമസംവാദം സംഘപരിവാരം കൊണ്ടുവന്നു. അത് ബാബരി മസ്ജിന്റെ തകര്‍ച്ചയിലെത്തി.
പിറകിലേക്കു, ചരിത്രത്തിലേക്ക് സഞ്ചരിച്ചാല്‍ മാത്രമേ ഒരു രാഷ്ട്രം ഡിസംബര്‍ ആറിലേക്കെത്തിയതിന്റെ യുക്തി കൃത്യമായി മനസ്സിലാക്കാനാവൂ. 1500-കളാണല്ലോ ബാബറിന്റെ കാലം. പക്ഷെ ശ്രീരാമന്റെ കാലം ചരിത്രാതീതമാണ്. അത് പല വിശ്വാസങ്ങളായിട്ട്, മിത്തുകളായിട്ടാണ് നിലനില്‍ക്കുന്നത്. "ബാബര്‍ വന്നു, ബാബരി മസ്ജിദ് നിര്‍മ്മിച്ചു. അതോടെ പ്രശ്നം തുടങ്ങി" എന്നൊക്കെ പറയുന്നത് ചരിത്രപരമായി ശരിയല്ല. അങ്ങനെയായിരുന്നുവെങ്കില്‍ അക്കാലത്തെ രാമനെയും രാമായണത്തെയും പ്രകീര്‍ത്തിച്ചെഴുതിയ എഴുത്തുകളിലും മറ്റും ബാബര്ക്കെതിരായ പരാമര്‍ശങ്ങള്‍ കാണേണ്ടതാണ്. 1857-ലെ സമരത്തിനിടയിലാണ് ഇത്തരത്തിലുള്ള ഒരു പരാമര്‍ശം ആദ്യമായി കടന്നു വരുന്നത്. അന്ന് സാമ്ര്യാജ്യത്വവിരുദ്ധ സമരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു അയോദ്ധ്യ. വലിയൊരു കര്‍ഷകക്കൂട്ടായ്മ ഈ സമരത്തില്‍ ഐക്യപ്പെട്ട് അക്കാലത്ത് അവിടെ അണിചേരുകയുണ്ടായി. ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കര്‍ഷകക്കൂട്ടായ്മ നിലനിന്നിരുന്ന ഒരു ഇടമായിരുന്നു ബാബരി മസ്ജിദ് ഉള്‍പ്പെട്ടിരുന്ന ആ പ്രദേശം. സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍പ്പോലും മതനിരപേക്ഷ ശക്തികള്‍ക്കായിരുന്നു അയോദ്ധ്യയില്‍ മേല്‍ക്കൈ. അതായത് 1857-ലെ സമരവിശകലനങ്ങള് വ്യക്തമാക്കുന്നത് ബ്രിട്ടീഷുകാരെ ഏറ്റവുമധികം ഭയപ്പെടുത്തിയ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഔധ് എന്നാണ്.
അവിടെ കര്‍ഷകര്‍ക്കിടയില്‍ നിലനിന്ന ഹിന്ദു-മുസ്ലിം ഐക്യം ബ്രിട്ടീഷുകാരെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തരാക്കി. അതുകൊണ്ടുതന്നെ ആ ഐക്യത്തില്‍ ആദ്യം വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചത് ബ്രിട്ടീഷുകാരാണ്. അതിന്റെ ഭാഗമായിട്ടാണ് ബാബരി മസ്ജിദിനു സമീപം ഹിന്ദു പുരോഹിത വിഭാഗത്തിന് ഒരു ചെറിയ പ്ലാറ്റ്ഫോം കെട്ടാനുള്ള അനുവാദം നല്‍കിയത്. ഇത് വലിയ അപകടത്തിലേക്ക് വഴിവെക്കും എന്ന് ആദ്യം തിരിച്ചറിഞ്ഞത് അവിടത്തെ ഹിന്ദു മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. ബാബരി മസ്ജിദിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു തര്‍ക്കവുമില്ല എന്നു പറഞ്ഞ് അവര്‍ ഐക്യപ്പെട്ടു. ഇതിലെ രണ്ട് ഉജ്ജ്വല കണ്ണികളായിരുന്ന ഇരുവിഭാഗത്തിലേയും പുരോഹിതരായിരുന്ന ബാബാ രാംദാസും, അമീറലിയും ചേര്‍ന്ന് പ്രഖ്യാപിച്ചത് "ഞങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ല" എന്നാണ്. പക്ഷെ ഈ രണ്ടുപേരെയും കെട്ടിത്തൂക്കി കൊല്ലുകയാണുണ്ടായത്.
സത്യത്തില്‍ അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണ് ആ ആരാധനാലയം തകര്‍ക്കുക എന്നത്. കാരണം അതിനെ, ആ പ്രദേശത്തെ ജനങ്ങള്‍ മതനിരപേക്ഷതയുടെ കേന്ദ്രമായാണ് കണ്ടത്. മതനിരപേക്ഷത നിലനിര്‍ത്താന്‍ വേണ്ടിയാണ് ആ രണ്ട് മതനേതാക്കന്മാര് രക്തസാക്ഷികളായത്. ജനങ്ങള്‍ ആ മഹാന്മാരുടെ സ്മരണ പുതുക്കാന്‍ വേണ്ടി ആ കെട്ടിത്തൂക്കിക്കൊന്ന മരത്തിനു ചുവട്ടില്‍ ഒത്തുകൂടുക പതിവായിരുന്നുവത്രെ. ബ്രിട്ടൂഷുകാര് ആ മരംകൂടി പിഴുതെടുത്തു. എന്നിട്ടും അവര്‍ക്കിടയിലെ ഐക്യം നിലനിന്നു. ആ ഐക്യമാണ് 1947-നു ശേഷവും അവിടെ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ വിജയിപ്പിച്ചുപോന്നത്. രാമന്റെ ജന്മസ്ഥലം ബാബരി മസ്ജിദ് നിലനിന്ന സ്ഥലമാണെന്ന വാദത്തെ നിരവധി സന്യാസിമാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതില്‍ പലരും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. രാമജډഭൂമിക്ഷേത്രത്തിന്റെ മുഖ്യപൂജാരി ബാബാലാല് ദാസിന്റെ മരണം ഇന്ത്യയെയാകെ ഇളക്കിമറിക്കേണ്ടതായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് ആരംഭിച്ച പ്രതിരോധത്തിന്റെ കേന്ദ്രം അല്ലെങ്കില്‍ മതനിരപേക്ഷതയുടെ പ്രതീകം എന്ന അര്‍ത്ഥത്തില്‍ നിലനിന്നിരുന്ന പ്രദേശമാണ് ഔധ്, ഔധിലെ ബാബരി മസ്ജിദ് സംരക്ഷിക്കാനും അതുവഴി മതനിരപേക്ഷത സംരക്ഷിക്കാനും നിരവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അതേസമയം ഔധിലെ ഹിന്ദു-മുസ്ലിം ഐക്യത്തെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് ശ്രമത്തിന് ചില ബ്രാഹ്മണ പുരോഹിതര്‍ പിന്തുണ നല്കിയിരുന്നുവെന്നത് നേരാണ്.
സംഘപരിവാര്‍ ആശയസമാഹരണ ശ്രമങ്ങളെ അതാത് സമയത്ത് ജനതയ്ക്ക് അതിജീവിക്കാനും അത് തുറന്നെതിര്‍ക്കാനും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് വിശകലനം ചെയ്യണം. അതിന്റെ പ്രധാനകാരണം ഇവിടത്തെ അദൃശ്യഭരണകൂടം തന്നെയാണ്. ഗാന്ധി വധത്തില്‍ പല നിലയ്ക്കുമുള്ള ആശയപരമായ പങ്ക് തെളിഞ്ഞിട്ടും അതിന് മുഖ്യ പ്രേരകമായിത്തീര്‍ന്ന സവര്‍ക്കറുടെ പടം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഗാന്ധിയുടെ പടത്തിന്റെ മുമ്പിലായി പ്രതിഷ്ഠിക്കപ്പെട്ടു. സത്യത്തില്‍ അത് നാടിനെ നടുക്കേണ്ട കാര്യമാണ്. സീതാറാം യെച്ചൂരി ഇതിനെ "ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ദുരന്തം" എന്ന് കൃത്യം പറയുകയും ഇടതുപക്ഷം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അത് ജനങ്ങളിലൊരു ഇളക്കം ഉണ്ടാക്കിയിട്ടില്ല. ക്ലാസിക്കല്‍ ഫാസിസ്റ്റ് കാലത്ത് ജര്‍മ്മനിയിലും ഇറ്റലിയിലും സ്പെയിനിലും മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും ഫാസിസത്തോട് ആഭിമുഖ്യം പുലര്‍ത്തിയ പലരും ഉണ്ടായിരുന്നു. പക്ഷേ ഫാസിസം പരാജയപ്പെട്ടതോടുകൂടി അവര്‍ക്കെതിരെയുള്ള ജനരോഷം ഇരമ്പുകയും അവരൊക്കെ വിസ്മൃതരാവുകയും ചെയ്തു. ഹിറ്റ്ലറും മുസോളിനിയും ഫ്രാങ്കോയും മാത്രമല്ല അവരോട് നേരിയ പക്ഷപാതം പുലര്‍ത്തിയിട്ടുള്ള നോബല്‍ ജേതാക്കളായ എഴുത്തുകാര്‍ വരെ ബഹിഷ്കരിക്കപ്പെട്ടിരുന്നു. ആ രീതിയില്‍ ഫാസിസ്റ്റാനന്തര സമൂഹം യൂറോപ്പില്‍ ഫാസിസത്തോട് വിയോജിക്കാന്‍ ധീരത പ്രകടിപ്പിക്കുകയുണ്ടായി. പക്ഷെ ഇന്ത്യയില്‍ നമ്മള് കാണുന്നത് അത്തരം ഒരു ധീരതയ്ക്ക് പകരം ഔദ്യോഗികമായിത്തന്നെ അവര്‍ ആദരിക്കപ്പെടുന്നതാണ്. നമ്മുടെ സാധാരണ ആലോചനയില്‍ ഉത്തരം കാണാന്‍ പ്രയാസമുള്ള കാര്യമാണിത്.
ഒരു ജീവന് മരണ സമരത്തിന്റെ വേദിയായി ഇന്ത്യന്‍ രാജ്യസഭയും പാര്‍ലിമെന്റും തെരുവകളും ഒക്കെ മാറേണ്ടതായിരുന്നു. കാരണം 1966-ല്‍ സവര്‍ക്കര്‍ മരിക്കുമ്പോള്‍ ഒരു ഔദ്യോഗിക ബഹുമതിയും നല്‍കിയിട്ടില്ല, മാത്രവുമല്ല സവര്‍ക്കര്‍ സ്വയം മരണം വരിക്കുകയാണുണ്ടായത്. അങ്ങനെയുള്ള ഒരവസ്ഥയില്‍ നിന്ന് മുപ്പത്തഞ്ച് കൊല്ലം കഴിയുമ്പോഴേക്ക് ഈ അന്തരീക്ഷം ആകെ മാറുകയാണുണ്ടായത് എന്ന് കാണാനാവും. അതായത് ഗാന്ധിയുടെ സമീപത്ത് പ്രതിഷ്ഠിക്കാവുന്ന ആദരവാര്‍ന്ന ഒരു വ്യക്തിത്വമായി സവര്‍ക്കര്‍ മാറി. ലോകത്തൊരിടത്തും രാഷ്ട്രപിതാവിനെ വധിച്ചതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു വ്യക്തിയെയും ഒരു സമൂഹവും ഈ വിധം ആദരിച്ചിണ്ടാവില്ല. ഇന്ത്യയില്‍ അത് സംഭവിച്ചു. മസ്ജിദ് തകര്‍ത്ത് പത്തിരുപത് വര്‍ഷം കഴിഞ്ഞിട്ടും നമ്മള് തിരിഞ്ഞു നോക്കിയാല്‍ അത്ഭുതകരമായ ഒരട്ടിമറി നടന്നതായി കാണാനാവും. അതായത് 1992-ഡിസംബര്‍ 7 ന് പള്ളി തല്‍സ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കും എന്നതായിരുന്നു അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയത്. ഇന്ന് അത്തരത്തിലുള്ള ഒരു ചര്‍ച്ചയേ നമ്മുടെ പൊതു മണ്ഡലത്തില്‍ കാണാന്‍ കഴിയില്ല. രാമക്ഷേത്രം നിര്മ്മിക്കപ്പെടുന്നതിനെക്കുറിച്ചാണ് ചര്‍ച്ച. ജനാധിപത്യവാദികള്‍ പോലും രാമക്ഷേത്രം വേണോ വേണ്ടയോ എന്ന ചര്‍ച്ചയിലാണ്. സംഘപരിവാരം ക്ഷേത്രം നിര്‍മ്മിക്കും എന്നു പറയുമ്പോള്‍ പള്ളി നിര്‍മ്മിക്കണം എന്നു പറയുന്ന ഒരു ആശയ സംവാദം ഇന്ത്യയില്‍ വികസിക്കുന്നില്ല. നരസിംഹറാവുവിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ പ്രസ്താവനയും വിസ്മൃതിയിലാണ്ടു. എന്തുകൊണ്ടാണ് അത് സംഭവിച്ചത്. അതാണ് മൗലികമായ പ്രശ്നം. 1992 ഡിസംബര്‍ അഞ്ചുവരെ നിലനിന്ന ഒരു ആരാധനാലയമാണ് ആറിന് തകര്‍ത്ത് തരിപ്പണമാക്കിയത്.
(ഉടന്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു ദീര്ഘാഭിമുഖത്തില്നിന്നുള്ള ചെറിയൊരു ഭാഗം)