മനുഷ്യന് വായുവും വെള്ളവും നിഷേധിക്കുന്ന വികസനം വേണ്ട
| 8 November 2019 |Delhi |
വായു-ജല മലിനീകരണത്തിലൂടെ മനുഷ്യരെ കുരുതികൊടുക്കുന്ന വ്യവസായവികസനം പാടില്ലെന്ന്
ദേശീയ ഹരിത ട്രിബൂണല്‍. ഹരിയാന സര്‍ക്കാറിനുള്ള നിര്‍ദ്ദേശത്തിലാണ് ഈ പരാമര്‍ശം. വ്യവസായവികസനം ആവശ്യമാണെങ്കിലും അത് മനുഷ്യജീവന്റെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കിയാവരുത്. ബിസിനസ് സൗഹൃദ നയത്തിന്റെ ഭാഗമായി വ്യവസായ ശാലകളിലെ മലിനീകരണ പരിശോധനാകാലാവധി വര്‍ദ്ധിപ്പിക്കാനുള്ള ഹരിയാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശൈലേഷ് സിംഗ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് ഇന്ത്യയിലെ വായു-ജല സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ആശ്വാസകരമായ വിധിവന്നിരിക്കുന്നത്. ഹരിയാനയടക്കുമുള്ള 19 സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള പൊതുനിര്‍ദ്ദേശം എന്ന നിലയിലാണ് വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് ആദര്‍ശ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.പരിശോധനാ കാലയളവ് വര്ദ്ധിപ്പിക്കകയല്ല കുറയ്ക്കുകയാണ് വേണ്ടത്. റെഡ്, യെല്ലോ കാറ്റഗറിയുള്പ്പെടെ പതിനേഴ് മലിനീകരണ വിഭാഗങ്ങളില്‍ മാത്രമല്ല ഗ്രീന്‍ കാറ്റഗറിയിലുള്‍പ്പെടുന്ന വ്യവസായശാലകളിലും അത് പാലിക്കപ്പെടുന്നുണ്ടോം എന്നുറപ്പുവരുത്താന്‍ തുടര്‍നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും എന്‍.ജി.ടി ആവശ്യപ്പെട്ടു.
നിര്‍ബന്ധിത പരിശോധനയുടെ കാലാവധി 17 ഉഗ്രമലിനീകരണ വ്യവസായങ്ങളില്‍ മൂന്നുമാസം കൂടുംബോഴും, റെഡ് കാറ്റഗറി വിഭാഗങ്ങള്‍ക്ക് ആറുമാസത്തിലും, യെല്ലോ കാറ്റഗറിയില്‍ വര്‍ഷത്തിലൊരിക്കലും നടത്തിയിരിക്കണമെന്ന നിര്‍ദ്ദേശമാണ് പുതുതായി നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് ആവശ്യമാണെന്നു ബോധ്യപ്പെടുന്നപക്ഷം നിര്‍ദ്ദേശിച്ചിട്ടുള്ള കാലാവധിക്കിടയില്‍ പരിശോധന നടത്തുന്നതിന് ഈ നിര്‍ദ്ദേശം തടസ്സമല്ലതാനു. പൊതുജനങ്ങളുടെ അറിവോടെ മാത്രമേ വ്യവസായശാലകള്‍ക്ക് ഹരിതമലിനീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പുതുക്കുകയും ചെയ്യാവൂ. 1974-ലെ ജലസംരക്ഷണ- മലിനീകരണവിരുദ്ധ നിയമം, 1981-ലെ വായുസംരക്ഷണ-മലിനീകരണ നിയമം എന്നിവയാണ് വിധിയുടെ അടിസ്ഥാനം.
Share