കഴിഞ്ഞ എത്രയോ കാലമായി ഹിന്ദുത്വശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വളരെ തെറ്റിദ്ധാരണാജനകമായ ഒരു കൈയ്യേറ്റത്തെ ചോദ്യംചെയ്തുകൊണ്ടാണ് ശബരിമലക്ഷേത്രം മലയഅരയരുടേതായിരുന്നു എന്ന വളരെ ചരിത്രപരമായ ഒരു സത്യം ഇപ്പോള്‍ വെളിച്ചത്തുവന്നിരിക്കുന്നത്. മലയഅരയസമൂഹത്തിന്, അതുപോലെത്തന്നെ ദലിത് സംഘടനകള്‍ക്കുമൊക്കെ ചരിത്രത്തിന്റെ ഒരു സവിശേഷ ഘട്ടത്തിലാണ് ശബരിമലക്ഷേതത്തില്നിന്നും തന്ത്രിമാര്‍ പടിയിറങ്ങണമെന്ന ആഹ്വാനം മഴക്കാന് സാധിച്ചിരിക്കുന്നത്. ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ മറ്റനവധി ക്ഷേത്രങ്ങളിലും ഇത്തരത്തില്‍ ആര്യ-ബ്രാഹ്മണ്യത്തിന്റെ കൂടിയേറ്റം നടന്നിട്ടുണ്ട്. പഴയ ജൈനക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും ജാതിബ്രാഹ്മണ്യം കയ്യടക്കി ഹൈന്ദവക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ശബരിമലയുടെ ചരിത്രവും സമാനമാണെന്ന് ശ്രീധരമേനോനെപ്പോലുള്ള ചരിത്രകാരന്മാര് നേരത്തെ തെളിവുകളുടെ പിന്‍ബലത്തോടെ എഴുതിവെച്ചിട്ടുണ്ട്. ബുദ്ധസംഘദര്ശനത്തിന്റെ ഒരു പ്രധാനപ്പെട്ട സമുച്ചയമായിരുന്നു അവിടം. തീര്‍ച്ചയായും ആ പ്രദേശത്തെ ആദിമനിവാസികളായ മലയഅരയരുടെ ആരാധനാലയങ്ങളായിരുന്നു അവയെന്നാണ് നമ്മള് മനസ്സിലാക്കേണ്ടത്. ആതുകൊണ്ട് ആര്യ-ബ്രാഹ്മണൈസേഷന്റെ ഭാഗമായി ദലിതര്‍ക്കും മറ്റും നഷ്ടപ്പെട്ടുപോയ ആരാധനാലയങ്ങള്‍ തിരിച്ചുപിടിക്കുക എന്നു പറയുന്നത് ഈ ചരിത്രഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജാതിബ്രാഹ്മണ്യത്തിന്റെ അധികാരാധിനിവേശത്തിനും മൂല്യവ്യവസ്ഥയ്ക്കും എതിരായിട്ടുള്ള പോരാട്ടത്തിന്റെ ഭാഗമാണത്. ദലിത്-ആദിവാസി വിഭാഗങ്ങളുടേ ഭാഗത്തുനിന്നുണ്ടാവുന്ന വില്ലുവണ്ടിയാത്ര അടക്കമുള്ള പ്രത്യക്ഷപ്രതിഷേധരൂപങ്ങളെ ആ അര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യേണ്ടതുണ്ട്. മലയഅരയരുടെ അവകാശപ്രഖ്യാപനം എന്ന രീതിയിലുള്ള ഒരു പ്രതീകാത്മകസമരം എന്ന പ്രസക്തിയാണ് വില്ലുവണ്ടിസമരത്തിനുള്ളത്.
ആര്യ-ബ്രാഹ്മണ്യം രഥയാത്രകളിലൂടെ അധികാരം പിടിക്കാനും ആധിപത്യമുറപ്പിക്കാനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് പൊതുവിലും അടുത്തകാലത്തായി കേരളത്തിലും നടത്തിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു പശ്ചാത്തലത്തില്‍ അവരുടെ രഥങ്ങളുരുളുമ്പോള് അതിനെതിരായി സഹസ്രാബ്ദങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ദലിത്-ആദിവാസി വിഭാഗങ്ങളുടെ വില്ലുവണ്ടികള്‍ മുന്നോട്ടു ചലിക്കണം. ആ പ്രയാണത്തിന്റെ കൂടെനില്ക്കുക എന്നുള്ളത് ജനാധിപത്യവാദികളുടെയെല്ലാം ചരിത്രപരമായ ബാധ്യതയാണ്.