കഴിഞ്ഞതവണ രാഹുൽ ഗാന്ധിയും ആനി രാജയും തമ്മിൽ മത്സരിച്ചപ്പോഴും ആനി രാജക്ക് വോട്ട് ചെയ്യാനുള്ള രാഷ്ട്രീയ കാരണങ്ങൾ ഇപ്പോഴത്തെ പോലെ തന്നെ നിലനിന്നിരുന്നു. ഒരാളോടുള്ള ഇഷ്ടം, മറ്റൊരാളോടുള്ള വിയോജിപ്പ്, ഇതുരണ്ടിന്റേയും തോതനുസരിച്ചാണ് വോട്ട് ചെയ്യാനുള്ള പ്രേരണയുണ്ടാകുന്നത്. ആനി രാജയോടുള്ള രാഷ്ട്രീയാഭിമുഖ്യം ഒരുപാടുണ്ടായിരുന്നെങ്കിലും രാഹുൽ ഗാന്ധിയോടുള്ള വിയോജിപ്പ് കഴിഞ്ഞതവണ അത്രമേൽ ഇല്ലാത്തതിനാലാണ് വോട്ടേ ചെയ്യാതിരുന്നത്. കറകളഞ്ഞ ആദർശശാലിയും പൊതുപ്രവർത്തനത്തിന്റെ ദീർഘകാലത്തെ പ്രവർത്തനപരിചയവുമുള്ള സത്യൻ മൊകേരിയെ കേവലം തറവാട് മഹിമയുടെ രഥത്തിലേറി വരുന്ന പ്രിയങ്കയുമായി താരതമ്യത്തിനു പോലും പ്രസക്തിയില്ല. ഈ ഫാസിസ്റ്റ് കാലത്ത് അതിലേക്കൊന്നും കടക്കുന്നില്ല. പ്രിയങ്കക്കെതിരെ വോട്ടു ചെയ്യാനുള്ള രണ്ട് മറ്റ് കാരണങ്ങൾ പറയാം.
ബാബരി മസ്ജിദ് പൊളിച്ച് അതേസ്ഥലത്ത് പൊളിച്ചവരരുയർത്തിയ രാമക്ഷേത്രത്തെ പരസ്യമായി സ്വാഗതം ചെയ്ത പ്രിയങ്ക എനിക്കൊട്ടുമേ പ്രിയങ്കരിയല്ല എന്നതാണ് ഒന്നാമത്തെ കാരണം, പകരം അവർ നൂറു മസ്ജിദുകൾ പണിതാൽ പോലും അതിൽ മാറ്റമുണ്ടാവില്ല. രണ്ടാമതായി, നോമിനേഷൻ കൊടുക്കുംമ്പോൾ പ്രിയങ്കയോടൊപ്പം കണ്ട റോബർട്ട് വാദ്ര ഉയർത്തുന്ന ആശങ്കയാണ്. രണ്ട് യുപിഎ സർക്കാറുകളെ അടിമുടി അഴിമതിയിൽ കുളിപ്പിച്ച് കിടത്തിയ വ്യക്തിയാണയാൾ. തിരശ്ശീലക്ക് പിറകിലായിരുന്നു മൂപ്പരുടെ കളി. വയനാട് പോലുള്ള പ്രകൃതിലോല പ്രദേശത്ത് അദ്ദേഹത്തെപ്പോലുള്ള ഒരു ഭൂമാഫിയാ കിങിന്റെ സാന്നിധ്യം പലരെയും പോലെ എന്നെയും ഭയപ്പെടുത്തുന്നു, പ്രിയങ്കക്കെതിരായ് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നു. ബാബരി മസ്ജിദ് വിഷയത്തിൽ മനസ്സ് വേദനിച്ച ഒരു മനുഷ്യനും ആത്മാർത്ഥതയോടെ പ്രിയങ്കയ്ക്ക് വോട്ട് ചെയ്യാനാവില്ല. ഇനി പാലക്കാട് നിയമസഭാ മണ്ഡലത്തിലെ നിലപാട് പറയാം.
തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടങ്ങളിൽ ബിജെപിക്ക് നേരിയ സാധ്യതയെങ്കിലും ഉള്ള മണ്ഡലമാണ് പാലക്കാട്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ്, കഴിഞ്ഞതവണ അരിവാൾ ചുറ്റിക നക്ഷത്രത്തിൽത്തിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരൻ സ്ഥാനാർത്ഥിയായിട്ട് പോലും മൂന്നാമനായ മണ്ഡലം. ഇത്തവണയും മികച്ചൊരു സ്ഥാനാർത്ഥിയെയാണ് യുഡിഎഫ് നിർത്തിയിട്ടുള്ളത്. പി.വി. അൻവറിൽ നിന്നും ദിവസേന കരണക്കുറ്റിക്ക് കിട്ടിക്കൊണ്ടിരിക്കുമ്പോഴും അതൊന്നും ഓർക്കാതെ ഒരു നിലപാടുമില്ലാത്ത അധികാരമോഹം മാത്രം കൈമുതലാക്കി വന്ന ഒരു സ്വതന്ത്രനെയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്. ജയിച്ചാലും തോറ്റാലും നാളെ പുതിയ സാധ്യതകൾ തെളിഞ്ഞാൽ ബിജെപിയിൽ ചേക്കേറുമെന്ന് ഉറപ്പുള്ളൊരുത്തൻ. അതുകൊണ്ട് പാലക്കാട് സിറ്റിംഗ് സീറ്റിൽ യുഡിഎഫ് തന്നെ വിജയിച്ച് കാണണം എന്നാഗ്രഹിക്കുന്നു.
ചേലക്കരയിൽ ബിജെപി നിലംതൊടില്ല എന്നുറപ്പാണ്, ആയതിനാൽ ഏത് ജനാധിപത്യ മുന്നണി ജയിച്ചാലും സന്തോഷം. മികച്ച സ്ഥാനാർത്ഥിയാണ് എൽഡിഎഫിന്റേത്. പ്രിയപ്പെട്ട രാധാകൃഷ്ണൻ സഖാവിന്റെ മണ്ഡലം അദ്ദേഹത്തിന്റെ മനസ്സിനൊപ്പം നിൽക്കാനാണ് സാധ്യത.