അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന ക്രിസ്ത്യന്‍ രാഷ്ട്രീയത്തിന്റെ വേരറുത്ത് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ചരിത്രവിജയം നേടിയിരിക്കുന്നു. അടുത്തിടെനടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ഭരണകക്ഷികൂടിയായ ഇടതുമുന്നണിക്ക് ഈ ജയം വലിയ ആശ്വാസം നല്‍കും. കേവലം മൂവായിരം വോട്ടിനു തോറ്റത് കേരളകോണ്ഗ്രസ്സിനകത്തെ പടലപ്പിണക്കങ്ങളാണെന്നത് വ്യക്തമാണെന്നിരിക്കെ രാഷ്ട്രീയപരാജയമല്ല ഐക്യമില്ലായ്മയാണ് ഐക്യമുന്നണിയുടെ തോല്‍വിക്കു കാരണം, ആ അര്‍ത്ഥത്തില്‍ ഇതൊരു രാഷ്ട്രീയപരാജയമല്ലെന്ന് അവര്‍ക്കും ആശ്വസിക്കാം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്ത്തമാനപശ്ചാത്തലത്തില് പരിശോധിക്കുമ്പോള്‍ അപ്രസക്തമായിരുന്നു പാലായിലെ ഉപതിരഞ്ഞെടുപ്പ് ഫലം. ഹരിയെപ്പോലുള്ള സാമാന്യം നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും ബി.ജെ.പിക്ക് തിരിച്ചടിയാണുണ്ടായത്. ഇരു മുന്നണിക്കാരും പറയുന്നത് ബി.ജെ.പി വോട്ട് വിറ്റു എന്നാണ്. അപ്പോള്‍ ഇവര്‍ നടത്തുന്ന മതേതര-ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ജനങ്ങളില്‍ നിന്നും യാതൊരു പിന്തുണയും കിട്ടുന്നില്ല എന്നാണോ?
കോണ്‍ഗ്രസ്സിനെ കുളിപ്പിച്ചു കിടത്തിയ രാഹുല്‍ ഗാന്ധിയുടെ അതേ പാതയില്‍ത്തന്നെയാണ് ജോസ് കെ മാണിയുമെന്ന് മോന്നിപ്പിക്കുന്നതാണ് പയ്യന്റെ പ്രവര്‍ത്തനം. ആദ്യ ഊഴത്തില്‍ തന്നെ പിതാവിനെ പറയിപ്പിച്ചു പുത്രന്. എന്തൊക്കെയായാലും നിയമസഭയിലെത്തി കോടീശ്വരനായ മാണിയെക്കാളും നല്ലത് കോടീശ്വരനായി നിയമസഭയിലെത്തിയിരിക്കുന്ന മാണി തന്നെയാണ്. പുതിയ മാണിയെ കാത്തിരുന്നു കാണാം. .