കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട്
ഇടതുപക്ഷ സര്‍ക്കാറിനും സി.പി.എമ്മിനുമെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ ആക്ഷേപങ്ങളും പ്രചരണ പരിപാടികളും നടക്കുകയുണ്ടായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് വിശദീകരിച്ചതോടെ യു.ഡി.എഫ് ക്യാമ്പ് പൊതുവിലും കോണ്‍ഗ്രസ് വിശേഷിച്ചും വെട്ടിലായിരിക്കുകയാണ്. ഈ കരിനിയമത്തെ ആദ്യം മുതല്‍ സംശയലേശമന്യേ എതിര്‍ത്തുപോരുന്നത് ഇടതുപക്ഷമാണെന്നും നിയമം ഉദ്യോഗസ്ഥരും മറ്റു തല്‍പ്പര കക്ഷികളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമായിരിക്കും ഇതിലൂടെ ഉണ്ടാവാന്‍ പോകുന്നതെന്നും ഇടതുപക്ഷം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയുമാണ് യു.എ.പി.എ കൊണ്ടുവന്നതെന്നും അടുത്തിടെ അതിന്റെ കെട്ടുമുറുക്കുന്ന ഭേദഗതികളവതരിപ്പിച്ചപ്പോള് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ബി.ജെ.പി കൊണ്ടുവന്ന ബില്ലിനെ അനുകൂലിക്കുകയാണ് ചെയ്തതെന്നും പിണറായി പരിഹസിച്ചു. യു.എ.പി.എ ചുമത്തല്‍ ഇടതുസര്‍ക്കാരിന്റെ നയമല്ലെന്നും ഇപ്പോഴത്തെ സംഭവം പുനപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗിനകത്തും ലീഗും കോണ്‍ഗ്രസ്സും തമ്മിലും ഈ വിഷയത്തില്‍ നേരത്തെതന്നെ കടുത്ത വിയോജിപ്പുകള്‍ പുറത്തുവന്നതാണ്. പുതിയ സംഭവവികാസത്തില്നിന്നും മുതലെടുപ്പിനിറങ്ങിയ യു.ഡി.എഫിന് പിണറായിയുടെ വിശദീകരണത്തോടെ വെളുക്കാന്തേച്ചത് പാണ്ടായ അവസ്ഥയാണ്. 370-ാം വകുപ്പ് എടുത്തുമാറ്റി കാശ്മീരിന്റെ പ്രത്യേക പദവി അപായപ്പെടുത്തിയതിലടക്കം കോണ്‍ഗ്രസ് സ്വീകരിക്കുന്ന ഇരട്ടത്താപ് നയമാണ് രാജ്യം ഇന്നു നേരിടുന്ന അപകടാവസ്ഥയ്ക്ക് പ്രധാന കാരണമെന്ന് ഓരോ സംഭവത്തിലൂടെയും വ്യക്തമാക്കപ്പെടുകയാണ്.