മഹാത്മാഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് എന്ന പി.കെ. ഫിറോസിന്റെ അബദ്ധപ്രസംഗത്തിനു മുകളിലാണല്ലോ മലയാളത്തില്‍ ഒടുവിലത്തെ ട്രോള്മഴപെയ്തത്. ട്രോളുകള്‍ക്കും തമാശകള്ക്കുമപ്പുറത്ത് ചരിത്രം പലവിധത്തില്‍ വളച്ചൊടിച്ചും വെടക്കാക്കി തനിക്കാക്കിയും ഇതിനിടയില്‍ പലരും അവതരിപ്പിക്കുന്നത് കണ്ടു. ഏറ്റവും വലിയ വളച്ചൊടിക്കലായി തോന്നിയതിതാണ്, ഫിറോസ് ഖാന് എന്ന പാര്സിയുമായി പ്രണയത്തിലായ ഇന്ദിരയുടെ വിവാഹത്തിന് നെഹ്റു എതിരായിരുന്നു. വാശിക്കാരിയായ ഇന്ദിരയെ പിന്തിരിപ്പിക്കുന്നതില് പരാജയപ്പെട്ട ഗാന്ധി ഫിറോസ് ഖാനെ ഫിറോസ് ഗാന്ധിയാക്കി ദത്തെടുക്കുകയും പിന്നീട് അവരുടെ വിവാഹം നടത്തുകയുമായിരുന്നു എന്ന തള്ളാണ്.
നെഹ്റുവിന്റെ മകള്‍ ഇന്ദിരയ്ക്കെങ്ങനെ ഗാന്ധിപ്പട്ടം കിട്ടി എന്നതിനെക്കുറിച്ച് മുമ്പ് ഡോ.കെ.എന്‍.ഗണേശ് സാറിന്റെ വീട്ടില്‍ വെച്ച് ഞങ്ങള്‍ (സുകുള്‍, ലിനീഷ്, സജ്നേഷ്, പ്രമോദ്, രവ്യേട്ടന്, ഗീത,...തുടങ്ങിയവര്‍ ) സംഘടിപ്പിച്ചരുന്ന വാരാന്ത്യമാര്ക്സിയന് ക്ലാസുകളിലൊരിക്കല്‍ മാഷ് പറഞ്ഞതോര്‍മ്മവന്നു. ഗന്ധി എന്ന ഫിറോസിന്റെ പാര്‍സി തൂലികാനാമം പറഞ്ഞുപറഞ്ഞ് ഗാന്ധി എന്നായി മാറുകയായിരുന്നുവത്രെ. ഇക്കാര്യം ഉറപ്പുവരുത്താനായി മാഷുമായി സംസാരിച്ചതില്‍ നിന്നും വേറെയും ചില വസ്തുതകള്‍ മനസ്സിലാക്കാനായി.
കാംബ്രിഡ്ജില് പഠിക്കുന്ന കാലത്താണ് ഇന്ദിര ഫിറോസുമായി പ്രണയത്തിലാവുന്നത്. ഫിറോസ് അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടണില്‍ (സി.പി.ജി.ബി) യില്‍ അംഗമായിരുന്നു. ഫിറോസിന്റെ സ്വാധീനത്താല്‍ ഇന്ദിരയും പിന്നീട് അവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പിന്നീടവര്‍ ഇന്ത്യയിലെത്തുകയും പാര്‍സി റൈറ്റ് അനുസരിച്ച് തന്നെ വിവാഹിതരാവുകയും ചെയ്തു. തികഞ്ഞ നിരീശ്വരവാദിയായിരുന്ന നെഹ്റുവിനെ സംബന്ധിച്ച് പാര്‍സിയായ ഒരാളുമായി തന്റെ മകള്‍ വിവാഹം കഴിക്കുന്നതില്‍ യാതൊരുവിധ എതിര്‍പ്പുമില്ലായിരുന്നു. എന്നാല്‍ ഫിറോസിന്റെ കമ്മ്യൂണിസ്റ്റ് ആദര്‍ശത്തോട് കടുത്ത വിയോജിപ്പ് നെഹ്റുവിനുണ്ടായിരുന്നു. തന്റേടിയും പിടിവാശിക്കാരിയുമായിരുന്ന മകളെ ഈ വിവാഹത്തില്‍നിന്നും പിന്തിരിപ്പിക്കാന് നെഹ്റുവിന് സാധിച്ചില്ല പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധുത്വം ഉപേക്ഷിക്കാം എന്ന വിട്ടുവീഴ്ചയ്ക്ക് മാത്രം അവര്‍ തയ്യാറായി. അങ്ങനെ ഒടുവില്‍ നെഹ്റു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഇതില്‍ ഗാന്ധി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഫിറോസ് ഗന്ധിയ്ക്ക് ബന്ധമുണ്ടായിരുന്നതിന് തെളിവില്ല. അതേസമയം വിവാഹാനന്തരവും മിക്കപ്പോഴും ഇംഗ്ലണ്ടിലായിരുന്ന ഫിറോസ് അവിടത്തെ പാര്‍ട്ടിയുമായുള്ള ബന്ധം തുടര്‍ന്നിരുന്നു.
രാജ്യസഭയില്‍ അംഗമായിരുന്നു ഫിറോസ് ഗന്ധി. അധികാരരാഷ്ട്രീയത്തില്‍ ഒട്ടും തല്പരനല്ലാത്ത ധൈഷണിക ബുദ്ധിജീവി. ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശത്തോടുള്ള അദ്ദേഹത്തിന്റെ കൂറിന് അക്കാലത്തും യാതൊരുവിധ ഇടിവും സംഭവിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള നെഹ്റുവിന്റെ (സത്യത്തില്‍ അതിനുപിന്നില്‍ ചരടുവലിച്ച് സൂത്രധാരയായി നിന്നത് ഇന്ദിരയായിരുന്നല്ലോ) തീരുമാനത്തെ ഫിറോസ് ശക്തമായി എതിര്‍ത്തത്. ഇന്ദിരയുമായുള്ള പരസ്യമായ തെറ്റലിനുവരെ ഇതു കാരണമായി. പറഞ്ഞുവരുന്നത് ഗാന്ധിയുടെ വളര്ത്തുപുത്രനായിരുന്നില്ല ഒരര്‍ത്ഥത്തിലും ഫിറോസ് ഗന്ധി എന്നാണ്.
ഇവര്‍ തമ്മിലുള്ള ബന്ധം മറ്റൊരര്‍ത്ഥത്തില്‍ ന്യായീകരിക്കാവുന്നതാണ്. സുഗന്ധലേപന കച്ചവടക്കാരായിരുന്നു മോഹന്‍ദാസ് കരംചന്ദിന്റെ പിന്തലമുറക്കാര് ഗന്ധവില്പ്പനക്കാര് എന്നര്‍ത്ഥംവരുന്ന ഗാന്ധി എന്ന സര്‍നെയിം അങ്ങനെ കിട്ടിയതാണ് ഒറിജിനല്‍ ഗാന്ധിക്ക്. ഫിറോസിന്റെ പിന് തലമുറക്കാരും അത്തര്‍ വില്‍പ്പനക്കാരായിരുന്നു. അങ്ങനെയാണ് ഗന്ധി എന്ന തൊഴില്വാല് വന്നുചേര്‍ന്നത്. ഈ അര്‍ത്ഥത്തിലുള്ള ബന്ധമല്ലാതെ അവര്‍ക്കിടയി ആശയപരമായിപ്പോലും യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ചരിത്രംവളച്ചൊടിച്ച് ഗാന്ധിയന്ലെഗസി ഇന്ദിരാഭക്തര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു എന്നു തന്നെയാണ് ഇതില്‍നിന്നും മനസ്സിലാക്കാനാവുന്നത്.
-----------
വാല്‍ക്കഷ്ണം: ഇങ്ങനെ നോക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന് കമ്മ്യൂണിസ്റ്റായിരുന്നു എന്നകാര്യം എത്രപേര്‍ക്കറിയാം...