ഒരു എയര്‍പോര്‍ട്ടിന് മൂന്ന് ഉദ്ഘാടനം കണ്ട കൗതുകത്തിലാണ് മലയാളി. വരുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെടും അതുകൊണ്ട് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കണ്ണൂരിലെ വിമാനത്താവളം പണിപൂര്‍ത്തീകരിക്കുന്നതിന് മുമ്പെ ഉദ്ഘാടനം നടത്തി ക്രെഡിറ്റെടുക്കാം എന്ന തന്ത്രത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായിരിക്കെ അവസാന നാളുകളില്‍ ഉമ്മന്‍ചാണ്ടി കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഒരസംബന്ധ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. ആദ്യത്തെ പറക്കല്‍ ചടങ്ങിന്റെ എന്ന ഓമനപ്പേരിലായിരുന്നു അതെന്നു മാത്രം. അത് പഴയകഥ,
അടുത്തിടെ കേന്ദ്രഭരണത്തിന്റെ അതായത് ഏവിയേഷന്‍ വകുപ്പിലെ അപ്രമാദിത്വം ഉപയോഗപ്പെടുത്തി ഭരിക്കുന്ന പാര്‍ട്ടിയുടെ അജയ്യനായ അമരക്കാരന് അമിത്ഷാ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി സ്വയം സ്വീകരണം ഏറ്റുവാങ്ങി ആദ്യത്തെ യാത്രികനെന്ന നിലയില്‍ താവളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു, അത് മറ്റൊരു കോമഡി.
ഒടുവില്‍ കഴിഞ്ഞദിവസം എല്ലാപണികളും പൂര്‍ത്തീകരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് ദീര്‍ഘകാലമായി സ്ഥലമെടുപ്പും പണിയും നടന്നുകൊണ്ടിരിക്കുന്ന തന്റെ നാട്ടിലെ വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നു. പരിപാടി എതിരാളികള്‍ ബഹിഷ്കരിച്ചെങ്കിലും കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ ഇന്നോളം ഒത്തുകൂടിയതില്വെച്ച് ഏറ്റവും വലിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. സത്യത്തില്‍ ഇതിനുവേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിമാന നിമിഷം.
1947-ല്‍ ഡല്‍ഹിയില്‍ ഇന്ത്യയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ കല്‍ക്കത്തയില്‍ സത്യാഗ്രഹം നടത്തുകയായിരുന്നു ഗാന്ധിജി. ഉമ്മന്‍ ചാണ്ടിയെ ഉല്‍ഘാടനത്തിന് ക്ഷണിച്ചില്ല എന്നു പറഞ്ഞ് കണ്ണീര്‍വാര്‍ക്കുന്നവര്‍ ഇതോര്‍ക്കണം. പകരം അവര്‍ ചെയ്യേണ്ടത് പ്രളയകേരളത്തിന് വാഗ്ദാനം ചെയ്ത് 1000 വീടുകള്‍ നിര്‍മ്മിക്കാനുള്ള പണിയിലേര്പ്പെടുകയാണ്. ഉമ്മന്‍ ചാണ്ടിക്ക് എയര്‍പ്പോര്‍ട്ട് ഉദ്ഘാടനവേദിയില്‍ ഒരു സ്വീറ്റ് കിട്ടിയതുകൊണ്ട് തിരിച്ചുപിടിക്കാനാവുന്നതിലും എത്രയോ ഭീകരമാണ് കേരളത്തില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപിന്തുണയുടെ ആഴം.