മുന്‍മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സംസ്ഥാന പ്രസിഡന്റുമാരും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും എം.പിമാരും എം.എല്‍.എമാരും നിത്യേനയെന്നോണം ബി.ജി.പിയിലേക്ക് പോകുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ശശി തരൂര്‍, ജയ്റാം രമേഷ് അടക്കമുള്ളവരുടെ മോദിസ്തുതി ഒരാനക്കാര്യമല്ല. മതേതരപ്രതിച്ഛായ പുറമേക്കെങ്കിലുംവേണം എങ്കിലേ അധികാരത്തിലെത്താനാവൂ എന്ന് കരുതുന്ന കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമേ തരൂരിന്റെ മോദിസ്തുതിയില്‍ അല്‍പ്പമെങ്കിലും അമര്ഷമുള്ളൂ. അവരും എണ്ണത്തില്‍ കാലക്രമേണ കുറഞ്ഞുവരുന്നു എന്നത് മറ്റൊരാശങ്ക.
കോമഡിയാണെങ്കിലും സി.പി.എം വിട്ടപ്പോള്‍ അബ്ദുള്ളക്കുട്ടിക്ക് ചിലത് പറയാനുണ്ടായിരുന്നു, നിയ്യത്തുവെച്ചെങ്കിലും മയ്യത്താകുമെന്നു ഭയന്ന് ഹജ്ജിന്പോയില്ല, നിസ്കരിക്കാന്‍ മുട്ടുന്നുണ്ട് പറ്റുന്നില്ല, കുടുംബത്തെ സ്നേഹിക്കാന്‍ സാധിക്കുന്നില്ല.., എന്നിങ്ങനെ. തോന്നുമ്പോള്‍ തോന്നുന്നത് തോന്നുംപോലെ വിളിച്ചുകൂവാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു മറ്റൊരുപരാതി. ഇതിലെ പൊടിപ്പുംതൊങ്ങലും ഒഴിവാക്കിയാള് ഒരു കാര്യം വ്യക്തമാകും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തിതാല്പര്യത്തേക്കാളേറെ സാമൂഹ്യതാല്‍പര്യങ്ങള്‍ക്ക് പ്രാധാന്യംകൊടുക്കുന്നു അപ്പോള്‍ ദില്ലിയിലെ പാര്ലമെന്റേറിയന്റെ വസതിയില്‍ സഹസഖാക്കള്ക്ക് ഇടംകൊടുക്കേണ്ടിവരും, സ്വന്തംവിശ്വാസത്തേക്കാള് മുന്‍ഗണന പാര്‍ട്ടിയുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് നല്‍കേണ്ടിവരും. സ്വന്തം ഘടകത്തേക്കാളേറെ വലിയ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വേദിയാക്കി സോഷ്യല്മീഡിയയടക്കുമുള്ള മാധ്യമപ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്താന്‍ പരിമിതികളുണ്ടാവും.
ഈ അര്‍ത്ഥത്തില്‍ ആദര്ശവിടുതലിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്. ഒന്നോര്‍ത്തുനോക്കൂ, ആയിരക്കണക്കിനു കോണ്‍ഗ്രസ്സ് നേതാക്കാന്മാര് ബി.ജെ.പിയില്‍ ചേര്‍ന്നിട്ട് ഇന്നുവരെ ഒരാളെങ്കിലും ആദര്ശവിയോജിപ്പ് രേഖപ്പെടുത്തുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ, ഇല്ല, കാരണം ഈ രണ്ട് വലതുപിന്തിരിപ്പന് പാര്‍ട്ടികളും തമ്മില്‍ ആദര്‍ശപരമായി വലിയ വ്യത്യാസമില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ്നേതാക്കള്‍ മോദിയെ സ്തുതിക്കുന്നത് കേട്ട് ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ കേരളമല്ലാതെ മറ്റൊരു സംസ്ഥാനനേതൃത്വനവും ഞെട്ടലോ പരിഭവമോ രേഖപ്പെടുത്താത്തത്. ഇനി പ്രതിഷേധം രേഖപ്പെടുത്തിയ കേരളഘടകത്തിന്റെ അവസ്ഥയെന്താണെന്നു നോക്കാം.
സൈദ്ധാന്തിക നിലവാരമുള്ള നേതാക്കളെ കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരുകാലത്തും വളരാന്‍ അനുവദിച്ചിട്ടില്ല. അതിന്റെ കാരണങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. മുഹമ്മദ് അബ്ദുറഹിമാന് സാഹിബും, എം.എ.ജോണും, ചെറിയാന് ഫിലിപ്പുമൊക്കെ ഉദാഹരണങ്ങളായി എക്കാലത്തും വെട്ടിത്തിളങ്ങിനില്ക്കും. തരൂരിനെ കേരളഘടകത്തിലെ ഒരു നേതാവിനും കണ്ണെടുത്താല്‍ കണ്ടൂടാ എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് നൂലുകയറ്റാന് അവസരംകിട്ടിയാല്‍ ഇവര്‍ ഒട്ടകത്തെ കയറ്റാന്‍ ശ്രമിച്ച് തരൂരിന്റെ കാര്യത്തില്‍ നിരന്തരം പരാജയപ്പെടുന്നത്.
പ്രത്യേകിച്ച് നിലപാടോ ആദര്‍ശമോ അധികാരമോ ഇല്ലാത്ത ഒരു സംഘടനയില്‍ നില്ക്കുന്ന ഒരു ഇന്റലക്ച്വലിനെ സംബന്ധിച്ച് തരൂരിനെപ്പോലെ ബഹുഭാഷാപ്രാവീണ്യവും, താര്ക്കികമികവുമുള്ള ഒരാളെ സംബന്ധിച്ച് തങ്ങളെന്തു നിലപാടെടുത്താലും അതിലേക്ക് ഘടനാപരമായി ശിഥിലീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘടനയെ വഴിനടത്താനും പൊതുസമ്മതി നിര്‍മ്മിച്ചെടുക്കാനും യാതൊരു പ്രയാസവുമില്ല. അങ്ങനെയൊരാളോടാണ് കെ.പി.സി.സി (വീക്ഷണം വീക്ഷിച്ചാലറിയാം അതിന്റെ വിചാരലോകവിസ്തൃതി) വിശദീകരണം തേടിയത്. സ്വാഭാവികമായും തരൂരിന്റെ മറുപടിയില്‍ കേരളത്തിലെ കോണ്ഗ്രസ്സുകാരാകെ അന്തംവിട്ടിരിക്കുകയാണ് ആന്റണിയടക്കം. വിശദീകരണക്കത്തില്‍ മറുചോദ്യം ചോദിക്കാന്‍ പാടില്ല എന്നായിരിക്കും പാവം കെ.പി.സി.സി കരുതിയത്. പക്ഷെ കടങ്കഥയില്‍ ചോദ്യമില്ല എന്ന കടങ്കഥ പാവം ആഗോളപൗരനും ആംഗലേയ സാഹിത്യകാരനുമായ തരൂരിനറിയില്ലല്ലോ, അദ്ദേഹം ആ കടുംകൈചെയുതു, ഞാന്‍ മോദിയെ വിമര്‍ശിച്ചതിന്റെ പത്തിലൊന്ന് കേരളത്തിലെ ഏതെങ്കിലും കോണ്ഗ്രസ്സുകാരന് ചെയ്തിട്ടുണ്ടോ എന്നായിരുന്നു ആ ചോദ്യം. മറ്റെല്ലാം മറന്നാലും ആ ചോദ്യം കേരളരാഷ്ടീയചരിത്രത്തില് എക്കാലവും ഓര്മ്മിക്കപ്പെടുംവിധം മുഴങ്ങിക്കേട്ടുകൊണ്ടേയിരിക്കും തീര്‍ച്ച. അര്‍ഹതയില്ലാത്തവര്‍ അര്‍ഹതയില്ലാത്തവരോട് ചോദ്യംചോദിച്ച് കുടുങ്ങിപ്പോവുന്നതിന്റെ മികച്ച ഉദാഹരണമാണിത്. കേരളത്തില്‍ ആര്.എസ്.എസ്സിനും, ബി.ജെ.പിക്കും, മോദിക്കുമെതിരെ പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നത് സി.പി.എം തന്നെയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ബി.ജെ.പിയെ പരസ്യമായും രഹസ്യമായും സഹായിച്ച് രാഷ്ട്രീയലാഭംകൊയ്യാനാണ് കോണ്ഗ്രസ്സുകാര് വിമോചനസമരകാലം മുതല്‍ ചെറിയതോതിലും കരുണാകര-ആന്റണികാലം മുതല്‍ വലിയതോതിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കെ.പി.സി.സിയുടെ ചോദ്യവും, തരൂരിന്റെ ചോദ്യവും ഉത്തരംകിട്ടാതെ ധൈഷണികകേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ അലയുന്നുണ്ട്. അതിനു നിവര്‍ന്നുനിന്ന് ഉത്തരം നല്കാനാവാത്ത കാലത്തോളം കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് സുഗമമായി തുടരും.
-----------