സിറ്റിംഗ് സീറ്റില്‍ അതാത് എം.പിമാര്‍ മത്സരിക്കുന്നതാണ് പൊതുവെ കോണ്‍ഗ്രസ്സിലെ രീതി. എന്നാല്‍
എം. ഐ. ഷാനവാസിന്റെ അകാലവിയോഗം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റിലേക്ക് പുതിയൊരു സ്ഥാനാര്‍ത്ഥിയുടെ വരവ് ഉറപ്പാക്കിയിട്ടുണ്ട്. നേതാവ് മരിച്ച് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ചിലര്‍ ചില സ്ഥാനാര്ത്ഥിപേരുകളുമായി സോഷ്യല്‍മീഡിയയിലൂടെ രംഗത്തുവരികയുണ്ടായി, ഗ്രൂപിസം അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ക്ക് ഇതൊരു പുതുമയല്ലല്ലോ. സെയ്ഫ് സോണ്‍ എന്ന നിലയില്‍ തന്റെ രണ്ടാം മണ്ഡലമായി രാഹുല്‍ഗാന്ധി വയനാട്ടിലെത്തും എന്ന അഭ്യൂഹങ്ങളും വന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വാത്സല്യനിധിയായ ടി.സിദ്ധീഖാണ് സാധ്യതയുള്ള മറ്റൊരു പ്രമുഖന്. എന്നാല്‍ ഇവരെയെല്ലാം വളരെയെളുപ്പം വെട്ടിമാറ്റി സാക്ഷാല്‍ ആര്യാടന് മുഹമ്മദ് കൈപ്പത്തി അടയാളത്തില്‍ മത്സരിക്കുമെന്നാണ് എനിക്കു തോന്നുന്നത്, കാരണങ്ങള്‍ ചുവടെ...
നിലവില്‍ പാര്‍ലിമെന്ററി രംഗത്തില്ലാത്ത സീനിയര്‍ നേതാക്കളില്‍ ഒരാളാണ് ആര്യാടന്. ജാതിയും മതവും രാഷ്ട്രീയലാഭത്തിനായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ജീവിച്ചിരിക്കുന്ന അപൂര്‍വ്വം യു.ഡി.എഫുകാരില്‍ പ്രമുഖന്. യുവാക്കളെ തഴഞ്ഞു, പ്രായാധിക്യം, സരിതാരോപണം തുടങ്ങി ഏത് മുട്ടന്‍ പ്രതിസന്ധിയേയും തന്റെ പകരം വെയ്ക്കാനില്ലാത്ത ജനസമ്മതികൊണ്ട് മറികടക്കാന്‍ നിലമ്പൂരിന്റെ സ്വന്തം കുഞ്ഞാക്കാക്കാവും. വയസ്സുകാലത്ത് ദില്ലി കാണാനുള്ള മോഹമല്ല ഈ രാഷ്ട്രീയ ചാണക്യനെ മത്സരിക്കാന്‍ പ്രേരിപ്പിക്കുക മറിച്ച് നിലമ്പൂരിലെ രാഷ്ട്രീയ സുല്‍ത്താന്‍ താന്‍ തന്നെയാണ് പി.വി അബ്ദുല്വഹാബല്ല എന്ന് ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ച് ഏറനാട്ടുകാരെ ബോധ്യപ്പെടുത്തുക എന്ന ഉള്ളിലെമോഹം പൂവണിയിക്കാന്‍ ഇതിലും നല്ലൊരവസരം അദ്ദേഹത്തിന് ഇനി തരപ്പെട്ടുകൊള്ളണമെന്നില്ല. എന്റെ അഭിപ്രായത്തില്‍ ആരിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന് മുഹമ്മദ് തന്നെയാവും. കാത്തിരുന്ന് കാണാം.