കോഴിബരിയാണി തിന്നാനുള്ള കൊതികൊണ്ടാണ് മുത്വലാഖ് ചര്‍ച്ചാവേളയില്‍ കുഞ്ഞാലിക്കുട്ടി ലോകസഭയിലെത്താതിരുന്നത് എന്നകളിയാക്കല് നല്ലൊരു ട്രോള്‍ വിഭവമാണെങ്കിലും വിഷയത്തെ അങ്ങനെ ലഘുകരിക്കുന്നത് ശരിയല്ല. പ്രധാനമായും വേറെ രണ്ട് കാരണങ്ങള്‍ ഇതിനുപിന്നിലുണ്ടെന്നത് കാണാതിരുന്നുകൂടാ.
മുസ്ലിംലീഗില്‍ ഒന്നാമന് താനാണെന്ന അഹങ്കാരത്തിന് എത്രമാത്രം സൂക്ഷ്മത പുലര്‍ത്താന്‍ പറ്റുമോ അത്രമാത്രം ശ്രദ്ധയോടെ നീങ്ങുക എന്നതില്‍നിന്നും ഉണ്ടായതാണ് ഈ മാറിനില്ക്കല് തന്ത്രത്തിനുപിന്നിലെ ഒരു കാരണം. വെറും രണ്ടംഗങ്ങളുള്ള ഒരു പാര്‍ട്ടിക്ക് വിഷയത്തിലിടപെട്ട് സംസാരിക്കാന്‍ വളരെ കുറഞ്ഞ സമയം മാത്രമേ ലഭിക്കൂ എന്നിരിക്കെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ ഇ.ടി മുഹമ്മദ് ബഷീറിനായിരിക്കും സംസാരിക്കാന്‍ ആദ്യാവസരം. അവിടെ കാഴ്ചക്കാരന്റെ റോളില്‍ ഇരിക്കാന്‍ കുഞ്ഞാപ്പയുടെ ഈഗോ അനുവദിക്കില്ല എന്ന് അദ്ദേഹത്തെ അറിയുന്ന ഇ.ടിക്കും അദ്ദേഹത്തിനുമിടയില്‍ നിലനില്‍ക്കുന്ന മുന്‍കാല ഈഗോക്ലാഷുകളറിയുന്ന ആര്‍ക്കും മനസ്സിലാകും.
മറ്റൊന്ന് മുത്വലാഖ് വിഷയത്തിന്റെ സ്വഭാവമാണ്. അതിനെതിരെ പരസ്യനിലപാടെടുക്കുന്നത് തീവ്രവാദചാപ്പകുത്തലിന് അഖിലേന്ത്യാതലത്തില്‍ വിധേയമാകുമോ എന്ന ഭയം ഭാവിയില്‍ കേന്ദ്രമന്ത്രിപദം വരെ സ്വപ്നംകാണുന്ന കുഞ്ഞാലിക്കുട്ടിക്ക് സ്വാഭാവികമായും ഉണ്ടാകും. സ്വതവേ തീവ്രനിലപാടുകാരനായ ഇ.ടിയുടെ മേല്‍ ഇതുംകൂടിയിരിക്കട്ടെയെന്ന് മതേതരമേലങ്കിയണിയാന് ശ്രമിക്കുന്ന പി.കെ കരുതിയിരിക്കും. ദില്ലി സര്‍ക്കിളില്‍ രാഷ്ട്രീയം പയറ്റണമെങ്കില് ഇത്തരം കപടമതേതരനാട്യങ്ങള് അനിവാര്യമായ കാലംകൂടിയാണിത് എന്നോര്‍ക്കണം. ചര്‍ച്ചയില്‍ പങ്കെടുത്ത് എന്തെങ്കിലും പറഞ്ഞ് വിവാദമാക്കേണ്ട എന്ന തന്ത്രത്തിന്റെകൂടി ഭാഗമായാണ് കോണ്‍ഗ്രസ് ചര്‍ച്ചയില്‍നിന്നും വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നത്.
മുത്വലാഖ് വോട്ടെടുപ്പില്‍നിന്നും മാറിനിന്നു എന്ന കാരണത്താല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഒരുവോട്ടുപോലും നഷ്ടപ്പെടില്ലെന്നും പങ്കെടുത്തു എന്ന കാരണംകൊണ്ട് മാത്രം പൊന്നാനിയില്‍ ഇ.ടി ജയിക്കില്ലെന്നും രാഷ്ട്രീയചാണക്യനായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മറ്റേരേക്കാളും കൂടുതല്‍ നന്നായറിയാം.