പി.കെ. കുഞ്ഞാലിക്കുട്ടിക്ക് യാത്രനടത്താന്‍ ഒഴിഞ്ഞ സമയമില്ല, മാത്രവുമല്ല ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിനതിന്റെ പ്രത്യേകിച്ച് ആവശ്യവുമില്ല. മറ്റൊരു ലീഗ് നേതാവിനെവെച്ച് ജാഥ നയിപ്പിക്കാന്‍ അദ്ദേഹം ഒരുക്കവുമല്ല അങ്ങനെയാണ് യൂത്ത് ലീഗിന് ജാഥനടത്താനുള്ള നറുക്ക് വീഴുന്നത്. ഉള്ളതുപറയാലോ ഏറ്റവും മികച്ച പ്രൊഫഷണല്‍ മുന്നൊരുക്കമാണ് അവരുടെ യുവനേതാവ് പി.കെ. ഫിറോസ് നടത്തിയത്. ആജന്മശത്രു കെ.ടി.ജലീലിനെതിരെ അതിശക്തമായ ബന്ധുനിയമനാരോപണം തെളിവുസഹിതം ഉയര്‍ത്തിക്കൊണ്ടുവരികയും അത് ബന്ധുവിന്റെ രാജിയില്‍ കലാശിക്കുകയും ചെയ്തു. ജലീല്‍ രാജിവെച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പൊതുജനവിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഫിറോസിന്റെ ഒറ്റയാള്പോരാട്ടത്തിനായി. ആ സന്ദര്‍ഭത്തില്‍ നടന്ന ജാഥയെ കൊടപ്പനക്കല്‍ തറവാട്ടിലെ ഒരു യുവതങ്ങളായിരുന്നു നയിച്ചതെങ്കിലും കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരത്തെ അടിച്ചുവാരലുവരെ താരമായത് ഫിറോസായിരുന്നു.
യൂത്ത് ലീഗിന്റെ ലേബലിലായിരുന്നെങ്കിലും ലീഗിന്റെ മുഴുവന്‍ മെഷിനറിയും ഒരുമിച്ചുനിന്നാണ് സംരംഭം വിജയിപ്പിച്ചെടുത്തത്. ഏതൊരു രാഷ്ട്രീയജാഥയ്ക്കും പുറമെപ്പറയുന്നൊരു ലക്ഷ്യവും യഥാര്‍ത്ഥലക്ഷ്യവും ഉണ്ടായിരിക്കും. അതിനു പലപ്പോഴും അജഗജാന്തരമുണ്ടാകും. വര്‍ഗ്ഗീയതക്കെതിരെ, അക്രമരാഷ്ട്രീയത്തിനെതിരെ തുടങ്ങി പുറമേക്ക് പ്രഖ്യാപിച്ച ജാഥാലക്ഷ്യങ്ങള്‍ എന്നതിനപ്പുറം സംഘാടനമികവും സ്വന്തം പ്രവര്‍ത്തകരെ ഒത്തൊരുമിച്ചുനിര്ത്തി ഒരുത്സവച്ഛായ നല്‍കാനായി എന്നതിലും ജാഥ വിജയിച്ചു എന്നതാണ് സത്യം.
ഹിന്ദുവര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ തങ്ങള്‍ക്ക് പരിമിതിയുണ്ട് എന്നു പരസ്യമായി ഏറ്റുപറഞ്ഞ ഒരു സംഘടന വര്‍ഗ്ഗീയതെക്കെതിരെ ജാഥ നടത്തുന്നത് തീര്‍ച്ചയായും സ്വസമുദായത്തിലെ (മുസ്ലിം) ഇത്തരം ദുഷ്പ്രവണതകളെ ലക്ഷ്യംവെച്ചായിരിക്കുമെന്ന് തീര്‍ച്ച, അതവര്‍ക്ക് നേരിട്ട് പറയാന്‍ ബുദ്ധിമുട്ടായിരിക്കുമെങ്കിലും. എന്നാല്‍ മുസ്ലിം സമുദായത്തിനകത്തെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ജഥായിലെ ഈ മുദ്രാവാക്യത്തെ ഗൗരവപൂര്‍വ്വം ശ്രദ്ധിച്ചിരുന്നു എന്നതിനു തെളിവാണ് മദനിക്കെതിരെ നടത്തിയ ഒരു ചെറു പരാമര്‍ശത്തിന്റെ പേരില്‍ യുത്ത് ലീഗ് ജാഥ അക്രമിക്കപ്പെട്ടത്. ഇത്തരം പരാമര്‍ശങ്ങള്‍ മദനിക്കെതിരെ മറ്റുരാഷ്ട്രീയപാര്ട്ടികളും പ്രസ്ഥാനങ്ങളും വ്യക്തികളും നിരന്തരം നടത്തിവരുന്നതും മദനിതന്നെ പല പൂര്‍വ്വകാല പ്രവര്‍ത്തനരീതികളെയും പിന്നീട് സ്വയം വിമര്‍ശനാത്മകമായി ഏറ്റുപറഞ്ഞതുമാണ്. എന്നിട്ടും മദനിയുടെ അനുയായികള്‍ കാണിച്ച ഈ അസഹിഷ്ണുത ആ അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. തങ്ങളുടെ ജാഥയെ അക്രമിച്ചവരെ അതേ രീതിയില്‍ തിരിച്ചടിച്ചതിലൂടെ ജാഥ അതിന്റെ ലക്ഷ്യത്തെത്തന്നെ അപഹാസ്യമാക്കിത്തീര്ത്തു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എതിരാളികള്‍ക്ക് അവസരം നല്കി. അല്‍പ്പംകൂടി സംയമനം പാലിച്ചിരുന്നുവെങ്കില്‍ ഈ കറ പുരളാതെ നോക്കാമായിരുന്നു.
മലപ്പുറം ജില്ലയില്‍ മാത്രമല്ല കേരളത്തിന്റെ 140 മണ്ഡലങ്ങളിലും ചെറുതാണെങ്കിലും സ്വാധീനമുള്ള പാര്‍ട്ടിയാണ് തങ്ങളുടേത് എന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ മുസ്ലിം ലീഗിനായി. വിവാദങ്ങള്‍ മൂലധനമായിത്തീരുന്ന കാലത്ത് അതാവോളം സമ്പാദിച്ചുകൊണ്ടാണ് ജാഥ അവസാനിച്ചത്. ആരിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഭാവിയിലേക്ക് അവരൊരു നേതാവിനെ രാകിമിനുക്കി രൂപപ്പെടുത്തിയെടുത്തു എന്നതുതന്നെയാണ് ഈ ജാഥയുടെ ബാക്കിപത്രം. ചരിത്രത്തില്‍ ഇത് ഫിറോസിന്റെ ജാഥ എന്നായിരിക്കും ഓര്‍മ്മിക്കപ്പെടുക.