ആചാരം സംരക്ഷിക്കാനുള്ളതാണെന്നും ലംഘിക്കാനുള്ളതാണെന്നും കേരളം ആശയ-പ്രായോഗികതലങ്ങളില്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തവിധം ഇടപെട്ടുകൊണ്ടിരുന്ന അവസരത്തിലാണ് മരണാനന്തര കര്‍മ്മമണ്ഡലത്തിലെ ഒരിനമായ റീത്ത് സമര്‍പ്പണമെന്ന ആചാരലംഘനത്തിന് ആഹ്വാനംചെയ്ത് സഖാവ് സൈമണ്‍ ബ്രിട്ടോ വിടപറഞ്ഞത്. അഭിമന്യൂവിന്റെ മരണസമയത്ത് തന്നെ ബ്രിട്ടോ തന്നോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് ഇന്നത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഓര്‍മ്മക്കുറിപ്പില്‍ ഭാര്യ സീന ഭാസ്കര്‍ എഴുതുന്നു.
അതുപോലെത്തന്നെ എം.എല്‍.എ ആയസമയത്ത് ജാതിരഹിത-മതരഹിതരായ ആള്ക്കാര് മരിച്ചാല്ചടങ്ങൊന്നുമില്ലാതെ സംസ്കാരം നടത്താന്‍ സ്മശാനം വേണമെന്നൊരു ബില്ല് ബ്രിട്ടോ അവതരിപ്പിച്ചതായും അന്നത് തള്ളിപ്പോയതായും അവര്‍ സൂചിപ്പിക്കുന്നു. സഖാവിനെക്കുറിച്ച് ആവേശപൂര്‍വ്വം ഓര്‍ക്കുകയും ഓര്മ്മകള്പങ്കുവെയ്ക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും ബ്രിട്ടോയുടെ നടക്കാതെപോയ എന്നാല്‍ അദ്ദേഹം നടപ്പാക്കണമെന്നാഗ്രഹിച്ച പുരോഗമനപക്ഷ നിലപാടുകള്‍ക്കായി യത്നിക്കുന്നത് കടമയും കര്‍ത്തവ്യവുമായി മാറുമെന്നു കരുതാം.