ശബരിമല :
RSS-അജണ്ട തുറന്നു കാട്ടുന്ന കെ.ടിയുടെ പുസ്തകം 21 ന് പുറത്തിറങ്ങും
| 16 Oct 2018 | KOZHIKODE |
കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ രചിച്ച 'ശബരിമല കോടതിവിധിയും ആർ.എസ്.എസിന്റെ കേരള അജണ്ടയും' എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 21-ന് കോഴിക്കോട് സ്നേഹാജ്ഞലി ഓഡിറ്റോറിയത്തിൽ നടക്കുന്ന നവോത്ഥാന പാഠശാലയുടെ വേദിയിൽ നടക്കും. സി.പി.ഐ. (എം) ജില്ലാസെക്രട്ടറി പി. മോഹനൻ മാസ്റ്ററാണ് പ്രകാശനം നിർവ്വഹിക്കുക.
ശബരിമല കോടതിവിധിയുടെ ചരിത്രപ്രാധാന്യത്തെയും സ്ത്രീവിരുദ്ധവും സവർണജാതിബോധത്തിലധിഷ്ഠിതവുമായ നിലപാടുകളിൽ നിന്ന് ഹിന്ദുത്വവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന വർഗീയവൽക്കരണ നീക്കങ്ങളെയും പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. കേരളത്തിന്റെ സവിശേഷമായ മതേതര സാഹചര്യത്തെയും കമ്യൂണിസ്റ്റ് സ്വാധീനത്തെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ആർ.എസ്.എസിന്റെ കേരള അജണ്ടയെ ചരിത്രപരമായും രാഷ്ട്രീയമായും ഈ കൃതി വിശകലനം ചെയ്യുന്നു. ശബരിമല കേസിന്റെ ചരിത്രവഴികളെയും മനുഷ്യന്റെ സാമൂഹ്യപരിണാമപ്രക്രിയക്കിടയിൽ ആചാരങ്ങളിലും വിശ്വാസങ്ങളിലും വന്ന മാറ്റങ്ങളെയും ഈ കൃതി വിശദമായിതന്നെ പ്രതിപാദിക്കുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെയും ലിംഗനീതിയുടെയും തത്വദർശനങ്ങൾ പിൻപറ്റുന്ന ഭരണഘടനാബെഞ്ചിലെ നാല് ജഡ്ജിമാരുടെ വിധിന്യായങ്ങളെയും ന്യൂനപക്ഷ ജഡ്ജിയുടെ വിധിന്യായത്തെയും പുസ്തകം വിശകലനവിധേയമാക്കുന്നുണ്ട്. സ്ത്രീകളെയും ദളിതരെയും നീചജന്മങ്ങളായി കാണുന്ന മനുസ്മൃതിയിലധിഷ്ഠിതമായ ഭൂതകാലത്തെ പുനരാനയിക്കാനും ബ്രാഹ്മണാധികാരത്തെ ആദർശവൽക്കരിക്കാനുമുള്ള സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജണ്ടയെ പുസ്തകം തുറന്നുകാട്ടുകയും ചെയ്യുന്നു.
ശബരിപ്രശ്നത്തെ മുൻനിർത്തി ഇടതുപക്ഷ സർക്കാരിനെതിരെ സംഘപരിവാറും കോൺഗ്രസ് നേതാക്കളും നടത്തുന്ന നുണപ്രചരണങ്ങൾക്ക് വസ്തുതകളും വിവരങ്ങളും നിരത്തിയുള്ളമറുപടകൂടിയാണ് ഈ പുസ്തകം. മൂന്ന് അധ്യായങ്ങളായിട്ടാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. സുപ്രീംകോടതിവിധിയും സംഘപരിവാറിന്റെ കലാപനീക്കങ്ങളും, ആചാരം വിശ്വാസം ലിംഗനീതി, ആർ.എസ്.എസിന്റെ കേരള അജണ്ട: ചരിത്രപരവും രാഷ്ട്രീയപരവുമായ ഒരു വിശകലനം എന്നിവയാണ് അധ്യായങ്ങൾ. കോഴിക്കോട് ക്ലാസിക് ബുക്സാണ് പ്രസാധകർ.