ഇന്നത്തെ മാധ്യമം പത്രത്തിൽ സി.പി.എമ്മിന്റെ ഇസ്ലാമിസ്റ്റ് ആകുലതകൾ എന്ന ശീർഷകത്തിൽ ടി.കെ.എം. ഇഖ്ബാല്‍ എഴുതിയ ലേഖനം കൃത്യമായ ഒരജണ്ടയുടെ ഭാഗമാണ്. വസ്തുതകളെയും പാര്‍ട്ടി നിലപാടുകളെയും കുറിച്ച് അജ്ഞത സൃഷ്ടിച്ച് ഇസ്ലാമിന്റെ പേരിൽ നടക്കുന്ന മതരാഷ്ട്രവാദത്തെയും തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങളെയും ന്യായീകരിക്കാനുള്ള ദയനീയ ശ്രമം.
പോപുലർ ഫ്രണ്ട് എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകൾ ആർ.എസ്.എസ് നെ പോലെത്തന്നെ മതരാഷ്ട്രീയമാണ് കയ്യാളുന്നത്. സംഘികളെപ്പോലെ ബഹുസ്വരതയെയും മതനിരപേക്ഷ ദേശീയതയെയും അംഗീകരിക്കാത്ത രാഷ്ട്രീയ ഇസ്ലാമിസത്തിന്റെ പ്രത്യയശാസ്ത്ര ധാരകളെയാണവർ പിൻപറ്റുന്നത്.
രാഷ്ടീയ ഇസ്ലാമിസമെന്ന സംജ്ഞ ഇസ്ലാമിക മതരാഷ്ട്രവാദത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ആധുനിക സാമൂഹ്യ ശാസ്ത്രവ്യവഹാരങ്ങളിൽ പൊളിറ്റിക്കൽ ഇസ്ലാം, ഹിന്ദുത്വം തുടങ്ങിയ ഗണസംഞ്ജകൾ മത-രാഷ്ട്ര വാദത്തെയാണ് സൂചിപ്പിക്കുന്നത്. അതിന് ചരിത്രപരമായ അർത്ഥ കല്പനകളാണുള്ളത്. മതദർശനങ്ങളുമായി കാര്യമായി ബന്ധമില്ലാത്ത സാമ്രാജ്യത്വ പ്രോക്ത മതരാഷ്ടീയമാണത്.
കൊളോണിയലിസത്തിനും നാടുവാഴിത്ത രാജവാഴ്ചക്കുമെതിരെ വളർന്നു വന്ന ജനാധിപത്യ ദേശീയ ഉണർവുകളെ (ആധുനികമായതിനെ യെല്ലാം പാശ്ചാത്യമായി മുദ്രയടിച്ച് തള്ളിക്കളയാനാണ് ഹിന്ദുത്വ വാദികളെ പോലെ ഇസ്ലാമിക മത രാഷ്ട്രവാദികളും നോക്കുന്നത് ) തല്ലിതകർക്കാനാണ് ഈജിപ്തിൽ രാഷ്ട്രീയ ഇസ്ലാമും ഇന്ത്യയിൽ രാഷ്ടീയ ഹൈന്ദവത(ഹിന്ദുത്വ )യും സാമ്രാജ്യത്വം വളർത്തിക്കൊണ്ട് വന്നത്.
ഇസ്ലാം ദേശീയതയെയും മതേതര രാഷ്ട്രത്തെയും ദാർശനികമായി അംഗീകരിക്കുന്ന മതമാണെന്ന വാദത്തെ പൊളിക്കാനായിട്ടാണ് ഹസനൽ ബന്നയുടെയും സെയദ് ഖുതബിന്റെയും മൗദൂദിയുടെ ചിന്താധാരകൾ ജന്മമെടുത്തത്. ആധുനിക ജനാധിപത്യ ദേശരാഷ്ട്ര സങ്കല്പളെ നിരാകരിക്കുന്ന ഇസ്ലാമിന്റെ വ്യവസ്ഥയെ കുറിച്ചുള്ള ചരിത്ര വിരുദ്ധമായ നിലപാടുകൾക്ക് ബദറുദ്ദീൻ തയ്ബ്ജി മുതൽ ഹൂസൈൻ അഹമ്മദ് മദനി വരെയുള്ള ഇന്ത്യയിലെ മുസ്ലിം പണ്ഡിതർ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ മറുപടി നൽകിയിട്ടുണ്ട്.. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മുസ്ലിങ്ങളെയും ഹിന്ദുക്കളെയും പിന്തിരിപ്പിക്കുകയാണ് ഇരു വർഗിയവാദികളും ചെയ്തത്.
1921ൽ തന്നെ മൗലാന അബുൾകലാം ആസാദ് ഇസ്ലാമിന്റെ പേരിൽ അവതരിപ്പിക്കപ്പെടുന്ന ഇത്തരം ബ്രിട്ടീഷ് അനുകൂല ധർമ്മം നിർവഹിക്കുന്ന മതാന്ധവാദത്തെ തുറന്നു കാട്ടിയിട്ടുണ്ട്. ഇസ്ലാമിനെയും ഇന്ത്യയിൽ മുസ്ലിം സമൂഹം അനുഭവിക്കുന്ന അപരവൽക്കരണത്തെയും അഭിസംബോധന ചെയ്യാൻ ഹിന്ദുത്വയുടെ മറുപുറം കളിക്കുന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾക്കാവില്ല. അവർ സംസ്കാര സംഘർഷത്തിന്റെ സ്വത്വരാഷ്ടീയം കളിക്കുന്നവരാണ്. ഇസ്ലാമിനെയും മുസ്ലിം മതവിശ്വാസികളെയും പ്രതിനിധാനം ചെയ്യുന്നത് തങ്ങളാണെന്ന പ്രതീതി സൃഷ്ടിച്ച് സംഘികളുടെ മറുപുറം കളിക്കുകയാണവർ.