<ചെന്നിത്തല ഗോള്‍വാള്‍ക്കര്‍ക്ക് പഠിക്കുന്നു
| 8 Oct 2018 | KOZHIKODE |
ചെന്നിത്തലമാരിലൂടെ കേരളത്തിലെ കോൺഗ്രസ് ഗോൾവാക്കറിസത്തിലേക്കുള്ള പതന ഗതിയിലാണ് . നവോത്ഥാന ചരിത്രത്തിന്റെ തുടർച്ചയിൽ നാം ആർജ്ജിച്ച മാനവികമൂല്യങ്ങളെയാകെ വെല്ലുവിളിക്കുന്ന വിശ്വാസഭ്രാന്ത് ഇളക്കിവിടാനാന്ന് കോൺഗ്രസ് നേതൃത്വം ശബരിമല വിധിയെ മുൻനിർത്തി ഹിന്ദുത്വ വാദികളുമായി ചേർന്ന് ശ്രമിക്കുന്നത്. സ്വയം തന്നെ വലിയ വില കൊടുക്കേണ്ടി വരുന്ന അശ്ലീലകരമായ നിലപാടാണ് കോൺഗ്രസ് സങ്കുചിത രാഷ്ട്രീയതാല്പര്യങ്ങൾക്കായി സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് യാദൃച്ഛികമല്ല ചരിത്രപരമാണെന്ന കാര്യമാണ് പുരോഗമനവാദികൾ മനസ്സിലാക്കേണ്ടത്.
കോൺഗ്രസിന് സംഘടനാ ശക്തിയും ആർ എസ് എസിന് സാംസ്കാരിക ശക്തിയും ചേർന്ന ഹിന്ദുത്വ രാഷ്ട്രിയത്തെയാണ് ഗോൾവാൾക്കർ വിഭാവനം ചെയ്തത്. അതിന് തടസ്സമാണ് ഗാന്ധിയെന്നതിലാണ് ആ മഹാത്മാവിനെ ഗോൾവാൾക്കറിസ്റ്റുകൾ ഇല്ലാതാക്കിയത്. ഹിന്ദു മുസ്ലിം മൈത്രിക്ക് വേണ്ടി വാദിച്ചതും നെഹറുവിനെപ്പോലൊരു സെക്കുലറിസ്റ്റിനെ തന്റെ പിൻഗാമിയും ദേശീയ നേതാവായി ഉയർത്തിയതുമമായിരുന്നു ഗാന്ധിയോടുള്ള ആർ എസ് എസിന്റെ വിരോധത്തിനും ശത്രുതക്കും കാരണമായത്.
ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്ര ഗതിയിലുടനീളം ബ്രിട്ടീഷ് പാദസേവ ചെയ്തവർ സ്വാതന്ത്ര്യാനന്തരം തങ്ങളുടെ മത രാഷ്ട്രവാദത്തിന് തടസമാകുന്ന കമ്യൂണിസ്റ്റുകാരെയും മതേതര ജനാധിപത്യ വാദികളെയും തകർക്കാനായി കോൺഗ്രസിലെ നെഹറു വിരുദ്ധരായ യാഥാസ്ഥിതികവാദികളുമായി രഹസ്യ ബാന്ധവത്തിലായിരുന്നു. ഗാന്ധി വധത്തെ തുടർന്ന് ആർ എസ് എസ് നിരോധിക്കപ്പെട്ടു. കോൺഗ്രസിൽ ആർ എസ് എസുകാർക്ക് അംഗത്വം കൊടുക്കരുതെന്ന് നെഹറുവിന്റെ അധ്യക്ഷതയിൽ ചേർന്ന എ ഐ സി സി വർക്കിംഗ് കമ്മിറ്റി തീരുമാനമെടുത്തു.
നെഹറു വിദേശപര്യടനത്തിലായ അവസരം നോക്കി വർക്കിംഗ് കമ്മിറ്റി വിളിച്ച് ചേർത്ത് തീരുമാനം റദ്ദു ചെയ്യന്നിടത്തോളം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളിൽ ആർ എസ് എസിന് സ്വാധീനമുണ്ടായിരുന്നു. ചരിത്രപരമാണ് ഹിന്ദുത്വ വാദികളുടെ സംഘപരിവാർ ബാന്ധവം എന്നര്‍ത്ഥം.
1949 ൽ ബാബരി മസ്ജിദിൽ അതിക്രമിച്ച് കടന്നു സ്ഥാപിച്ച വിഗ്രഹങ്ങൾ എടുത്തു മാറ്റാൻ പ്രധാനമന്ത്രി നെഹറു അന്നത്തെ യുപി മുഖ്യമന്ത്രി ജി വി പന്തിനോട് ആവശ്യപ്പെട്ടതായിരുന്നു. എന്നിട്ടും യു പിയിലെ കോൺഗ്രസ് സർക്കാറും ഫൈസാബാദ് ജില്ലാ ഭരണകൂടവും നിയമവിരുദ്ധമായി കടത്തിവെച്ച വിഗ്രഹങ്ങൾ എടുത്തു മാറ്റാതെ പള്ളി തർക്കഭൂമിയാക്കി പൂട്ടിയിടുകയാണ് ചെയ്തത്.
മസ്ജിദ് മന്ദിർ തർക്കത്തിലുടനീളം കോൺഗ്രസ് രഹസ്യവും ചിലപ്പോൾ പരസ്യവുമായി ഹിന്ദുത്വവാദികളെ സഹായിക്കുകയായിരുന്നു. ഇത്തരം ഹിന്ദുത്വാനുകൂല നിലപാടുകളെ എതിർത്ത ഫൈസാബാദ് ജില്ലാ കോൺഗ്രസ് അധ്യക്ഷനെ ആൾകൂട്ടത്തെ ഇറക്കി തല്ലിച്ചതച്ചതും കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നു.
1949 ൽ ഫൈസാബാദ് എം.പി ആചാര്യ നരേന്ദ്രദേവ് ഹിന്ദു വർഗീയ വാദികളെ സഹായിച്ച കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത് ബാബറി പള്ളിയിലേക്ക് വിഗ്രഹങ്ങൾ കടത്തിവെക്കുന്നതിന് നേതൃത്യം നൽകിയി ഹിന്ദുമഹാസഭാ നേതാവ് ബാബാ രാഘവദാസിനെയായിരുന്നു ...!
ചരിത്രം വർത്തമാനത്തെ ഓർമിപ്പിക്കുന്നു. താരതമ്യേന ശക്തമായ നെഹറുവിയൻ നിലപാടുകളോട് ആഭിമുഖ്യം പുലർത്തിയ കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തെ തന്നെ അപഹസിക്കകയാണ് ചെന്നിതല മാർ. കാലം മാറുകയാണല്ലോ. നരേന്ദ്ര മോഡിയെ പാർലിമെന്റിൽ പിന്തുണക്കുന്ന എംപിമാരിൽ 80 % വും സമീപകാലത്ത് കോൺഗ്രസ് വിട്ടവരാണ്. മുൻ കോൺഗ്രസുകാരുടെ സംഘടനാ ശക്തിയിലാണ് മോഡി ഭരണ വോട്ടു ബാങ്കുകൾ രൂപപ്പെടുത്തിയതെന്ന് മനസിലാക്കണം. ആസാമിലും യുപിയിലും ത്രിപുരയിലും പി സി സി നേതൃത്വം ഒന്നടങ്കം ബി ജെ പിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അതെ, ഗോൾവാള്‍ക്കറുടെ സ്വപ്നം പൂവണിയുകയായിരുന്നു അവിടങ്ങളിലെല്ലാം . കേരളത്തിലും ബി ജെ പി ചെന്നിത്തലമാരിലൂടെ ഗോൾവാക്കറുടെ സ്വപ്നം പൂവിരിയിക്കാനാണ് നോക്കുന്നത്. മതേതരജനാധിപത്യവാദികള്‍ കരുതിയിരിക്കുക.
കെ.ടി. കുഞ്ഞിക്കണ്ണന്