സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം
| 27 Oct 2018 | THIRUVANANTHAPURAM |
ശബരിമല പ്രശ്നത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ആർ എസ് എസും ഹിന്ദു വർഗീയ വാദികളും നടത്തുന്ന കലാപ നീക്കങ്ങളെ ശക്തമായി എതിർക്കുന്ന സ്വാമിയുടെ നിലപാടിൽ അസഹിഷ്ണുക്കളായ സംഘ പരിവാർ ക്രിമിനലുകളാണ് അക്രമണത്തിന് പിറകിൽ. സ്വാമിയെ വധിക്കാനുള്ള ആസൂത്രിത നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആശ്രമം ആക്രമിച്ച് വാഹനങ്ങൾക്ക് തീയിട്ടാണ് ഹിംസാത്മകസംഘം മടങ്ങിയത്.
ആചാരത്തെയും വിശ്വാസത്തെയുമെല്ലാം സംബന്ധിച്ച തന്ത്രി കുടുംബത്തിന്റെയും വർഗീയ വാദികളുടെയും തന്ത്രശാസ്ത്രങ്ങൾക്കും ഭക്ത ശാസ്ത്രപ്രമാണങ്ങൾക്കും വിരുദ്ധമായ അസംബന്ധ വാദങ്ങളെ സ്വാമി ശക്തമായി തന്നെ തുറന്നു കാട്ടിയിരുന്നു.
ഹൈന്ദവ പാരമ്പര്യത്തിന്റെയും ധർമ്മസംഹിതകളുടെയും അട്ടിപ്പേറവകാശവുമായി നടക്കുന്നവരുടെ അജ്ഞതയും വിവരക്കേടും നിശിതമായി തുറന്നുകാട്ടിക്കൊണ്ട് അദ്ദേഹം കേരളമുടനീളം സഞ്ചരിച്ച് ജനങ്ങളോട്സംസാരിക്കുകയാണ്. ഇതിനെ ആശയപരമായി പ്രതിരോധിക്കാനാവാത്തതുകൊണ്ടാണ് വകവരുത്താനുള്ള ശ്രമമെന്നത് വ്യക്തം. ചരിത്ര വിരുദ്ധവും പൗരാണിക ദർശനങ്ങളുടെ പിൻബലമില്ലാത്തതുമായ സംഘി നിലപാടുകളെ തൊലിയുരിച്ചു കാണിക്കുന്ന സ്വാമിയെ ഹിന്ദുത്വ വാദികൾ ഭയപ്പെടുകയാണ്.
ആശയത്തെ നിലപാടുകളെ ആശയം നേരിടാൻ കഴിയാത്ത ഭീരുക്കളാണ് ക്രിമിനൽ സംഘങ്ങളെ ഇറക്കി അക്രമമഴിച്ചുവിടുന്നത്. സ്വന്തം നിലപാടുകളുടെ അശ്ലീലത തുറന്നു കാട്ടപ്പെടുന്നതിലെ അസഹിഷ്ണതയാണ് സംഘികളുടെ ഇത്തരമാക്രമണങ്ങളുടെ പ്രകോപനമെന്ന് കരുതേണ്ടിയിരിക്കുന്നു.
എതിർക്കുന്നവരെയും വിയോജിക്കുന്നവരെയും ആക്രമിച്ചില്ലാതാക്കുന്ന ഫാസിസ്റ്റ് ഭീകരതയാണിത്. നരേന്ദ്ര ധബോല്ക്കറെയെയും പൻസാരെയെയും കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും ഇല്ലാതാക്കിയതിന്റെ തുടര്ച്ചയാണിത്. കല്ലേറും തീയ്യിടലും കയ്യേറ്റവും കലാപനീക്കങ്ങളുമായി കേരളത്ത തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളിലാണവർ.
ജാഗ്രതയോടെ പ്രതിരോധം തീർക്കുക
വാക്കുകളെ ആശയങ്ങളെ ഭയപ്പെടുന്നവർ വാളും തീപ്പന്തങ്ങളുമായി ചോര വീഴ്ത്താൻ ഇറങ്ങി പുറപ്പെട്ടിരിക്കയാണ്... നാടിന് തീ കൊളുത്താൻ നോക്കുകയാണ്.. ജാഗ്രതയോടെ പ്രതിരോധം തീർക്കുക... കരുതിയിരിക്കുക.