ലൈംഗികാവിഷ്കാരസ്വാതന്ത്ര്യം: കോടതിവിധിയെക്കുറിച്ച്
ദാമോദര് പ്രസാദ്
| 6 Sep 2018 | CALICUT UNIVERSITY CAMPUS |
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഒരു വേള വിചിത്രമെന്ന് തോന്നാം:
അത് ഉയർന്ന കോടതികൾ പ്രകടിപ്പിക്കുന്ന വിമത രാഷ്ട്രീയമാണ്.
ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങളിലൊന്നാണ് വിമതത്വം.
അധികാര കേന്ദ്രീകരണത്തിനതെയും സാമൂഹിക യാഥാസ്ഥിതികത്തെയും അതിൽ നിന്നു വരുന്ന ഹിംസയെയും നിരന്തരം വെല്ലുവിളിച്ചുക്കൊണ്ട് അത് ജനാധിപത്യപരമായ ജീവിതത്തിന് പുതിയ ഇടങ്ങൾ കണ്ടെത്തുന്നു.
വാസ്തവത്തിൽ, വിമതത്വത്തിന്റെ ഏറ്റവും ഉയർന്ന മൂല്യമാണ് സുപ്രീം കോടതി സമീപ കാലങ്ങളിലെ പല വിധികളിലൂടെയും പ്രകടിപിക്കുന്നത്. ആ നിലയിൽ ഉന്നത നീതിപീഠം തന്നെ ഇന്ത്യൻ ജനാധിപത്യത്തിലെ സേഫ്റ്റി വാൾവാകുന്നു. അത് ഭരണഘടനാപരമായ ജനാധിപത്യ വ്യവസ്ഥയോടുള്ള പ്രതിബദ്ധതയാണ്. ഭരണ തലത്തിൽ ഏറ്റവും കൂടുതൽ അധികാര കേന്ദ്രീകരണം നടക്കുന്ന വേളയിലാണ് അതിനെ പ്രതിരോധിച്ചു നിർത്തുന്ന വിധത്തിൽ വ്യക്തി സ്വാതന്ത്യത്തിന് ഊനൽ നല്കിക്കൊണ്ടുള്ള നിയമപരമായ സുരക്ഷണം ഉന്നത നീതി പീഠം ഉറപ്പു വരുത്തുന്നത്.
66- A റദ്ദാക്കിക്കൊണ്ടുള്ള വിധിയിലും സ്വകാര്യത വിധിയിലും 377 കുറ്റകൃത്യമല്ലാതാക്കിക്കൊണ്ടുള്ള വിധിയിലും പ്രകടമാകുന്നത് ഉന്നതമായ ലിബറൽ ദർശനമാണ്.
റോഹിങ്ങ്ടൻ നരിമാൻ, ഡി. വൈ. ചന്ദ്രചൂട് എന്നീ ബഹു. ജസ്റ്റിസുമാരുടെ വിധികൾ ജൂറിസ്പ്രൂഡൻസിന്റെ കാഴ്ചപ്പാടിൽ ഏറെ ശ്രദ്ധയോടെ പഠിക്കേണ്ട വിധികളാണ്.
ലിബറൽ രാഷ്ട്രീയ ചിന്തകരുടെ കാഴ്ചപ്പാടാണ് അവർ പിന്തുടരുന്നതും വിധിയിൽ ഉദ്ധരിക്കുന്നതും.
ഭരണഘടനയുടെ മൗലിക സത്ത തന്നെ ലിബറൽ ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
അംബേദ്ക്കർ ഇതര നേതാക്കളിൽ നിന്ന് വ്യത്യസ്തനായി തീരുന്നത് തന്നെ ലിബറൽ ജീവിത ദർശനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധ നിലപാട് മൂലമാണ്.
ബുർഷ്വാ ഭരണഘടനയെന്നും ബുർഷ്വാ കോടതിയെന്നും അല്പം നിന്ദയോടെ വിളിക്കുന്ന നിയമ സംവിധാനം പിന്തുടരുന്ന ലിബറൽ മൂല്യങ്ങളുടെ സവിശേഷതയാണിത്.
വ്യക്തി സ്വാതന്ത്ര്യമാണ് ഇതിന്റെ ആണിക്കല്ല്.
ബഹു. കോടതി ഇതേ സമീപനം തന്നെ നവ ലിബറൽ സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ സ്വീകരിക്കണമെന്നില്ല. അവിടെ മുഖ്യധാര ചിന്തയുമായി ഇടഞ്ഞ് വിമത പക്ഷത്ത് ബഹു. കോടതി നില്ക്കണമെന്നില്ല.
ഈയിടെ ജസ്റ്റിസ് യു. യു. ലളിത്തിന്റെ ബഞ്ച് പുറപ്പെടുവിച്ച എസ് സി /എസ് റ്റി നിയമത്തിലെ ഭേദഗതികൾ അത്ര ശുഭകരമായിരുന്നില്ല.
കേന്ദ്ര സർക്കാറിനെ നേരിട്ട് ബാധിക്കുന്ന ആധാർ, ബാബ്റി മസ്ജിദ് വിധികൾ വരാനിരിക്കുന്നതേയുള്ളൂ.
അതിൽ സുപ്രീം കോടതി എന്ത് തീരുമാനിക്കുന്നുവെന്നതാണ് സുപ്രധാനമാകാൻ പോകുന്നത്.
ഉന്നത നീതി പീഠം സമീപകാല വിധികളിൽ പ്രകടമാക്കിയ ഉയർന്ന ജനാധിത്യ മൂല്യം ഈ കേസുകളുടെ തീർപ്പിലും പ്രകാശിപ്പിക്കുമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ.
ലിബറൽ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തിൽ ആധാറിനെ സമീപിക്കാമെങ്കിലും അതിലൊരുപാട് രാഷ്ട്രീയ താല്പര്യങ്ങൾ ഉൾടങ്ങിയിട്ടുണ്ട്.
അതേ സമയം, ബാബ്റി പള്ളിയുടെ കാര്യത്തിൽ ലിബറൽ സമീപനത്തിനപ്പുറം പോകുന്ന ഭരണഘടനാപരമായ സമീപനമെന്താകുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്
എങ്കിലും ലിബറലിസത്തിന്റെ സവിശേഷ മൂല്യം ജനാധിപത്യം പലവിധേന വെല്ലുവിളിക്കപ്പെടുന്ന കാലത്ത് പ്രസക്തമാണ്.
377 ന്റെ കേസിൽ തന്നെ പുത്തൻ ഉണർവുണ്ടായത് ഐ. ഐ. റ്റിയിൽ പഠിച്ച കോർപറേറ്റുകളിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ഏതാനും വ്യക്തികൾ സംഘടിച്ച് കേസ്സുമായി സഹകരിക്കാൻ വന്നപ്പോഴാണ്.
ഇന്ത്യൻ സമൂഹത്തിൽ മധ്യവർഗങ്ങൾക്കിടയിൽ പ്രബലമായ ആധുനിക ലിബറൽ ചിന്താധാര പിന്തുടരുന്നവർ കേന്ദ്ര സർക്കാറിനോട് കടുത്ത അമർഷം പുലർത്തുന്നവരാണ്. കോടതി വിധിയിൽ ആശ്വാസം തേടുന്നതിനോടൊപ്പം രാഷ്ട്രീയമായും തങ്ങളുടെ ഇച്ഛ പ്രകടിപ്പിക്കാൻ അവർ തയ്യാറായിരിക്കും.
അതുകൂടി ഉൾക്കൊള്ളുന്ന വിധത്തിൽ ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഉയരാൻ പറ്റുമോ എന്നാണ് പ്രസക്തമായ ചോദ്യം.
കാലത്തിന്റെ മാറ്റം ഉന്നത നീതിപീഠം തിരിച്ചറിഞ്ഞ് മാറ്റങ്ങൾ കൊണ്ടു വരുന്നു.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഇതിൽ നിന്ന് എന്താണാവോ മനസ്സിലാക്കിയെടുക്കുന്നത്.