ബി.ജെ.പി മുഖപത്രത്തിലെ ഇന്നത്തെ രസങ്ങള്‍
കെല്‍ട്രോണ്‍ നേതൃത്വത്തില്‍ കേരളം പുതുതായി വിപണിയിലിറക്കുന്ന വിലകുറഞ്ഞ ലാപ്ടോപ്പിന്റെ പാര്‍ട്സുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതിചെയ്യുന്നതില്‍ സങ്കടം പ്രകടിപ്പിച്ചിട്ടുള്ളതാണ് ഇന്നത്തെ ലീഡ് സ്റ്റോറിയായി കൊടുത്തിരിക്കുന്നത്. ഇതിലെ മുതല്‍ മുടക്കിലെ 51-ശതമാനം വരുന്ന സ്വകാര്യ പങ്കാളിത്തവും ഈ പത്രത്തിനു തീരെ ഇഷ്ടപ്പെട്ടിട്ടില്ല. പി.എസ്. ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് ആഹ്ളാദം പ്രകടിപ്പിക്കുന്ന ചിത്രം ഒന്നാം പേജില്‍ തന്നെ വലുതായി കൊടുത്തിട്ടുണ്ടെങ്കിലും, മുഖ്യധാരയില്‍ നിന്നും മാറി ചുമരുവല്ക്കരിച്ചു നില്ക്കുന്ന കെ.സുരേന്ദ്രനാണ് ഫോട്ടോയുടെ ആകര്‍ഷണം. പുതുമുഖ നടന്മാരുടെ തിക്കിനും തിരക്കിനും ഇടയില്‍ വീഴാതിരിക്കാന്‍ കഷ്ടപ്പെടുന്ന മുഖ്യക്ഷണിതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ യെയും കാണാം.
വെട്ടിയമീശ തുന്നിക്കെട്ടി തങ്ങളെ അപമാനിച്ച ഡി.സി ബുക്സിനെതിരെ ഒന്നാം പേജില്‍ തന്നെ സ്വന്തം ലേഖകന്റെ കോളം വാര്‍ത്ത കൊടുത്ത് വെടിപൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രശസ്ത സിനിമാ ജേണലിസ്റ്റ് ചേലങ്ങോട് ഗോപാലകൃഷ്ണന്റെ മുമ്പ് ഡി.സി പ്രസിദ്ധീകരിച്ച പുസ്തകം രണ്ടാം പതിപ്പിറക്കാത്തതിന്റെ രോദനമായതുകൊണ്ടുതന്നെ സംഗതി നനഞ്ഞ പടക്കമായിപ്പോയെന്നുമാത്രം. മണ്മറഞ്ഞ ഗോപാലകൃഷ്ണന്റെ ജീവിച്ചിരിക്കുന്ന മകന്റെ പുഞ്ചിരിതൂകുന്ന പടവും കൂടെക്കൊടുക്കാന് മറന്നിട്ടില്ല.
യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവെച്ച സുധീരനെ മുങ്ങുന്ന കപ്പലില്‍ നിന്നും രക്ഷപ്പെടുന്ന കപ്പിത്താനോടുപമിച്ചിരിക്കുന്നത് കാണാം 'ദൃക്സാക്ഷി' എന്ന കാര്‍ട്ടൂണ്‍ മൂലയില്‍. മുങ്ങുന്ന കപ്പലില്‍ നിന്നും നേരത്തെ രക്ഷപ്പെടുന്നത് ദേശസ്നേഹികളായ കപ്പിത്താന്മാര്ക്ക് ചേര്‍ന്ന പണിയാണോ എന്നൊന്നും ആരും ആശങ്കപ്പെടാതിരുന്നാല് ഭാഗ്യം.
കെ.എസ്.ആര്.ടി. സി മൂന്നു മേഖലകളായി വിഭജിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ബേജാറാകുന്ന എഡിറ്റോറിയല്‍ കാര്യകാരണസഹിതമല്ല സംഗതിയെ സമീപിച്ചിട്ടുള്ളത് എന്ന് പകല്‍പോലെ വ്യക്തം.
"ഹിമഗിരി മുകളില്‍ വിസ്മയമായ് മഞ്ഞില്‍ വിരിഞ്ഞ ശിവലിംഗം" എന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ പേജില്‍ അച്ചടിച്ച ഫോട്ടോ ഫീച്ചറടക്കം ഭക്തരെ വിസമയിപ്പിക്കുന്ന വേറെയും വിഭവങ്ങളാല്‍ സമ്പന്നമാണ് . വിദ്യാര്‍ത്ഥികളെ പീഢിപ്പിച്ച മദ്രസ അധ്യാപകനും, കഞ്ചാവുമായി രണ്ടു സ്ഥലങ്ങളില്‍ നിന്നായി പിടിക്കപ്പെട്ട ഹുസൈനും, ഖാലിദും വാര്‍ത്തകളെ അലങ്കരിക്കുന്നുണ്ട്.