കെ.ടി ജലീല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു എന്ന അഭ്യൂഹം കേരളരാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ട്. ഇതിനെക്കുറിച്ച് ഇന്നത്തെ (8-82018) ബി.ജെ.പി മുഖപത്രത്തില്‍ കാര്യമായ വാര്‍ത്താവി(ഷ)കലനം കാണാം. മറ്റു വാർത്തകൾ നോക്കി അതിലേക്ക് വരാം.
ബി.ജെ.പിയുമായി ഒരുകാലത്തും ചങ്ങാത്തം കൂടാത്ത രാഷ്ട്രീയ നേതാവായിരുന്നിട്ടുകൂടി കരുണാനിധിയുടെ മരണം ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ യാതൊരു വിവേചനവും
ജന്മഭൂമി പത്രം കാണിച്ചിട്ടില്ല. എന്നാല്‍ കേരളം സ്തംഭിച്ചുപോയ മോട്ടോര്‍വാഹന പണിമുടക്കിനെ ബോധപൂര്‍വ്വം അവഗണിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ കെ.എസ്.ആര്.ടി.സി സ്റ്റാന്റില്‍ സ്വൈരമായി വിശ്രമിക്കുന്ന പശുവിന്റെ ചിത്രം ഉള്പേജിലിട്ട് തൊഴിലാളി സമരത്തെ പ്രതീകാത്മകമായി കളിയാക്കി വാര്‍ത്ത ഒതുക്കിയിട്ടുണ്ട്. വിരോധാഭാസമെന്നു പറയട്ടെ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തില്ല എന്ന മറ്റൊരു ഋണാത്മക പെട്ടിക്കോളംവാര്ത്ത മറ്റൊരു പേജിലുണ്ട്.
വെട്ടിയ മീശ തിരിച്ചുവന്നതിന്റെ കെറുവ് ജന്മഭൂമിക്കിനിയും തീര്‍ന്ന മട്ടില്ല. പട്ടികജാതി സ്ത്രീകളെയാണ് അധിക്ഷേപിച്ചത് എന്ന പുതിയ ട്വിസ്റ്റുമായാണ് ഇന്നത്തെ വരവ്. പശുക്കള്‍ക്ക് കുളമ്പ് രേഗം വരുന്നതിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാറിനെ അതിശക്തമായി വിമർശിക്കുന്നുണ്ട്, എന്തുകൊണ്ടെന്നറിയില്ല പിണറായി വിജയന് രാജിവെയ്ക്കണമെന്ന് മാത്രം പറഞ്ഞിട്ടില്ല. സി.പി.എമ്മിലെ ഭിന്നത, സി.പി.ഐ, സി.പി.എം ഭിന്നത, യുഡിഫില്‍ പൊട്ടിത്തെറി തുടങ്ങിയ പതിവ് കോളങ്ങളും വിട്ടുപോയിട്ടില്ല.
ഇന്ത്യന്‍ സെക്കുലര്‍ ലീഗ്
കെ.ടി. ജലീല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന അഭ്യൂഹത്തെ കേന്ദ്രീകരിച്ച് വരുണ്‍ പുല്പള്ളിയുടെ ബൈലൈന്‍ വെച്ചുള്ള ആദ്യകുറിപ്പില്‍, ലീഗിനെ തകര്‍ക്കാനെന്ന വ്യാജേന സി.പി.എമ്മിനുള്ളില്‍ മുസ്ലിം ഐക്യം രൂപപ്പെടുത്താനാണ് ജലീലിന്റെ ശ്രമമെന്ന് വാദിക്കുന്നു. സാമ്പത്തിക സ്രോതസ്സായി പി.വി. അന്‍വര്‍ എം.എല്‍.എ, ഗഫൂര്‍ പി ലില്ലിസ് എന്നിവരെയാണ് ചൂണ്ടിക്കാണിക്കുന്നത്. ജലീല്‍ സി.പി.എം ലെ തീവ്രവാദിയാണെന്നു പറയുന്ന ചെറിയ കുറിപ്പില്‍ മൂന്നിടത്തായി അദ്ദേഹത്തിന്റെ പഴയകാല സിമി ബന്ധം ആവര്ത്തിച്ചോര്മ്മിപ്പിച്ചിട്ടുണ്ട്. ജലീലിനെ മന്ത്രിയാക്കിയത് ഒറിജിനല്‍ പാര്‍ട്ടിക്കാര്‍ക്ക് തീരെ പിടിച്ചിട്ടില്ലെന്നും അവര്‍ ജലീലിനെ പുറത്താക്കാനുള്ള ഒരുക്കം മണത്തറിഞ്ഞാണ് ജലീല്‍ സമ്മര്‍ദ്ദശക്തിയായി പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതെന്നും പറഞ്ഞ് നിര്‍ത്താതെ 'ഇന്ത്യന്‍ സെക്കുലര്‍ ലീഗ്' എന്ന ജലീലിന്റെ പാര്‍ട്ടിക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയും റിപ്പോര്‍ട്ടര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.
ബത്തക്കലീഗ് പുനരവതരിക്കുന്നു എന്ന പച്ചനിറത്തലക്കെട്ടില് കെ.കുഞ്ഞിക്കണ്ണനെഴുതിയ മറ്റൊരു റിപ്പോര്‍ട്ടും ജലീലിന്റെ ഇനിയും വരവറിയിച്ചിട്ടില്ലാത്ത പാര്ട്ടിയെക്കുറിച്ചുണ്ട്. എന്നാല്‍ കുഞ്ഞിക്കണ്ണന്റെ അഭിപ്രായത്തില്‍ ജലീല്‍ ഗൂഢാലോചന എന്നതിലുപരി ഈ പദ്ധതി സി.പി.എം ന്റെ ഒരടവാണ്. എസ്.ഡി.പി.ഐ യുമായി സഖ്യമുണ്ടാക്കില്ല എന്നാണ് ആദ്യ കോളത്തില്നിന്നും വ്യത്യസ്തമായി കുഞ്ഞിക്കണ്ണന്റെ കുറിപ്പില്‍ പറയുന്നത്, പക്ഷെ അത് അഭിമന്യൂവിനെ കൊന്നതുകൊണ്ടാണെന്നു മാത്രം. അതായത് സി.പി.എമ്മും എസ്.ഡി.പി.ഐ യുമായുള്ള വ്യത്യാസം അഭിമന്യൂവിന്റെ കൊലപാതകം മാത്രമാണെന്നു ധ്വനി. അടുത്തിടെനടന്ന വാട്സ്ആപ് ഹര്‍ത്താലിന്റെ സംഘാടകര്‍ വരാനിരിക്കുന്ന പുതിയ പാര്ട്ടിക്കാരാണെന്നുവരെ പറഞ്ഞുവെയ്ക്കുന്നു. അതേസമയം പുതിയ പാര്‍ട്ടിയെക്കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്ന് ജലീല്‍ ജന്മഭൂമിയോട് പ്രതികരിച്ചു എന്നു പറയാന്‍ കുഞ്ഞിക്കണ്ണന് മാന്യത കാണിച്ചിട്ടുണ്ട് എന്ന കാര്യം പറയാതെ വയ്യ.
പിറക്കാനിരിക്കുന്ന പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സ്, ഉദ്ദേശലക്ഷ്യങ്ങള്‍, പ്രവര്‍ത്തന മേഖല, പ്രവര്‍ത്തന രീതി എന്നിവ ആധികാരികമായി ബി.ജെ.പി മുഖപത്രം വിശദീകരിച്ച് വാര്‍ത്തകൊടുക്കുമ്പോള്‍ ജലീലിന്റെ പാര്‍ട്ടി രൂപീകരണത്തെ ബി.ജെ.പി ഭയക്കുന്നുണ്ട് എന്നതു വ്യക്തം.