ഉരുള്‍പൊട്ടലും പ്രളയവും ദുരിതംവിതച്ച ഇടുക്കിയുടെ വിവിധഭാഗങ്ങളില്‍ സംജാതമായിട്ടുള്ള ഭൗമവിള്ളലുകളെയും മറ്റും ശ്രദ്ധയില്‍ കൊണ്ടുവരുന്ന അനൂപ് ഒ.ആര് എഴുതിയ സ്റ്റോറി ഒന്നാം പേജില്‍ ഗൗരവത്തോടെ കൊടുത്തിട്ടുണ്ട്.
"വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം" എന്ന ഇ ശ്രീധരന്റെ നിലപാടില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഒരു പടികൂടി കടന്ന് അര്‍ണബ് സ്വാമി സ്റ്റൈലില്‍ "ആദ്യം വേണ്ടത് മാനമല്ലേ സാര്‍" എന്ന മലയാളിയുടെ മാനത്തെ കളിയാക്കുന്ന കാര്‍ട്ടൂണും ആദ്യപേജില്‍ കാണാം.
"കേന്ദ്രസഹായം വൈകുന്നതിനു കാരണം കേരളം", എന്ന തലക്കെട്ടില്‍ ഒന്നാം പേജിലെ വാര്‍ത്ത, കേന്ദ്രസഹായം വൈകിയിട്ടുണ്ട് എന്ന കാര്യത്തിലെ ബി.ജെ.പിയുടെ സമ്മതം കൂടിയായിത്തീരുന്നു. വൈകാനുള്ള കാരണം കേരളം നിവേദനം കൊടുക്കാത്തതാണെന്നാണ് പുതുയ കണ്ടുപിടിത്തം. അതായത് പ്രളയം നാസ വരെ കണ്ടു കേന്ദ്രം കണ്ടില്ലെന്നര്ത്ഥം.
കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പ്രളയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നിലപാടില്‍നിന്നും വ്യത്യസ്തമായി കേരള സര്‍ക്കാറിനെ വിമര്‍ശിക്കാത്തതില്‍ ബി.ജെ.പി യുടെ വേദന പരോക്ഷമായി പ്രകടിപ്പിക്കുന്ന വാര്‍ത്ത അഞ്ചാം പേജില്‍ കാണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായിക്കുന്നതിനെക്കുറിച്ചല്ല സേവാഭാരതിയിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അഭ്യര്‍ത്ഥന ഒന്നാം പേജില്‍ ശ്രദ്ധകിട്ടുംവിധം കൊടുത്തിട്ടുണ്ട്.
പ്രളയദുരന്തത്തില്‍ മത്സ്യത്തൊഴിലാളികളുടെ സേവനം പട്ടാളക്കാരുടേതിന് സമാനമോ അതിലേറെയൊ ആയി കേരളം തിരിച്ചറിഞ്ഞ നാളുകളില്‍ കാര്യമായി ഗൗനിക്കാതിരുന്ന ജന്മഭൂമി അവരുമായി ബന്ധപ്പെട്ട പോസ്റ്റ് ട്രൂത്ത് കഥകള്‍ നല്കി മത്സരിക്കുകയാണിപ്പോള്‍. മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടുന്ന നിരവധി കോളം വാര്‍ത്തകള്‍ മാത്രമല്ല എഡിറ്റോറിയലും ഇതിലേക്കായ് നീക്കിവെച്ചതുപോലെ.