"ഇച്ഛാശക്തിയോടെ ജാഗ്രതയോടെ പ്രകൃതിക്ഷോഭങ്ങളെ നമുക്ക് അതിജീവിക്കേണ്ടതുണ്ട്", മുഖ്യമന്ത്രിയുടെ വാക്കുകളില്‍ കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രളയക്കെടുതികളുടെ ആഴം ഊഹിച്ചെടുക്കാം. അതി ഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. 24 ഡാമുകൾ തുറന്നുകൊടുക്കേണ്ടി വന്നിരിക്കുന്നു. റിസർവോയറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടില്ല. മഴ പിറകോട്ട് പോയിട്ടില്ല. പലയിടങ്ങളിലും ഉരുൾപൊട്ടലുകളും മഴക്കെടുതികളും ദുരിതം വിതക്കുന്നു .29 പേരുടെ ജീവൻ ഇതിനോടകം നഷ്ടപ്പെട്ടു. എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ കൂടുതൽ അപകടങ്ങളും ജീവനഷ്ടവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
പ്രതീക്ഷിക്കാത്ത രീതിയിലുള്ള കാലാവസ്ഥ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ മഴക്കെടുതിക്കും ദുരന്തങ്ങൾക്കും കാരണമായത് പടിഞ്ഞാറൻ കാറ്റിന്റെ തരംഗവും അന്തരീക്ഷ ചുഴികളുടെ ചങ്ങലയുമാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഒഡീഷാ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദമേഖലക്ക് പിന്നാലെ മധ്യേന്ത്യയിലും വടക്ക് കിഴക്കൻ മേഖലയിലും അന്തരീക്ഷ ചുഴികൾ ചങ്ങല പോലെ രൂപപ്പെടുകയായിരുന്നു. ഇതേ സമയത്ത് ദക്ഷിണാർധഗോളത്തിൽ ഭൂമധ്യരേഖക്ക് സമീപത്തായി പടിഞ്ഞാറൻ കാറ്റിന്റെ തരംഗവും രൂപപ്പെട്ടു. ഈ തരംഗത്തിന്റെ സ്വാധീനംകൊണ്ട് ശ്രീലങ്കക്ക് സമീപം ഒരു കാറ്റിന്റെ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ തീവ്ര മഴക്ക് കാരണമായത്.
നമ്മുടെ ഭൂഘടനക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അസന്തുലിത്വവും ദുർബ്ബലതയുമാണ് ഉരുൾപൊട്ടലുകളും ഇടനാടുകളെ പോലും കശക്കിയെറിയുന്ന മലവെള്ളപാച്ചിച്ചുകളും സൃഷ്ടിക്കുന്നത്. ഗിരിനിരകളും ഇടനാടും തീരപ്രദേശവും ചേർന്ന അതീവലോലമാണ് കേരളത്തിന്റെ ഭൗമഘ ട ന. അതിന്റെ സന്തുലിത്വത്തെ ധ്വംസിക്കുന്ന ഇടപെടലുകളാണ് കുന്നിടിച്ചും നിയന്ത്രണരഹിതമായി പാറപൊട്ടിച്ചും വയലുകളും പുഴകളും തോടുകളും നികത്തിയും മുൻപിൻ ആലോചനയില്ലാതെ നാം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയോട് നാം കാണിക്കുന്ന ക്രൂരതകൾക്ക് പ്രകൃതി പകരം ചോദിക്കുമെന്ന തിരച്ചറിവ് നഷ്ടപ്പെട്ടു പോകുന്നതിന്റെ ദുരന്ത പരിണതികളാണ് നമ്മെ വേട്ടയാടുന്നത്.
കേന്ദ്രസര്‍ക്കാരും കര്‍ണ്ണാടക തമിഴ്നാട് സര്‍ക്കാരുകളും ഇതോടകം തന്നെ സാമ്പത്തികമായും മറ്റും പിന്തുണ അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തികളും സംഘടനകളും അകമഴിഞ്ഞ് സഹായിക്കേണ്ട സന്ദര്‍ഭമാണിത്. (Account Number : 67319948232, SBI City Branch, Thiruvananthapuram, IFFC : SBIN0070028. CMDRF). തിരിച്ചറിവോടെ കരുതലോടെ ഇച്ഛാശക്തിയോടെ പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനായി ഒന്നിച്ച് പ്രവർത്തിക്കാം ... ശാസ്ത്രത്തിന്റെ മുന്നറിയിപ്പുകളും അനുഭവങ്ങളുടെപാഠങ്ങളും ഉൾക്കൊണ്ട്കൊണ്ട്.
KAVAD.IN