അന്താരാഷ്ട്ര പ്രശസ്തനായ മാര്‍ക്സിസ്റ്റ് സാമ്പത്തിക വിദഗ്ധനും ധൈഷണികനുമാണ് സമീര്‍ അമീന്. മാര്‍ക്സില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ട് പുതിയ കാലത്ത് മുതലാളിത്തത്തെ വിലയിരുത്താന്‍ ശ്രമിച്ച ചിന്തകനാണദ്ദേഹം. മുതലാളിത്തത്തിന്റെ ഗതിവിഗതികളെ വിലയിരുത്താന്‍ ലോകത്തെമ്പാടുമുള്ള റാഡിക്കല്‍ ലെഫ്റ്റിന് മാര്‍ഗനിര്‍ദ്ദേശം നല്കിക്കൊണ്ടേയിരുന്നു അവസാന നാളുകളില്‍പോലും അമീന്. എല്ലാത്തരം കുത്തകകള്‍ക്കും എതിരായ കുത്തകവിരുദ്ധ സാമൂഹിക സംഘങ്ങള്‍ക്ക് രൂപം നല്‍കേണ്ടതിന്റെ ആവശ്യകത പുതിയ കാലത്തെ ചൂഷണക്രമത്തെ വിലയിരുത്തി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്നത്തെ നിലയിലുള്ള മുതലാളിത്തത്തിന്റെ തുടര്‍ച്ച ബാര്ബേറിസത്തിലേ അവസാനിക്കൂ എന്ന മുന്നറിയിപ്പും അമീന് നല്കുന്നു. ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഖ്യധാരാ ഇടതുപക്ഷത്തിന്റെ മുതലാളിത്ത ബദലുകളില്‍ കാണുന്ന ദൗര്‍ബല്യത്തെ അദ്ദേഹം തുറന്നു കാട്ടി. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഭീകരയാഥാര്‍ഥ്യം ഒളിച്ചുവെച്ച് പുറമെക്ക് അവര്‍തന്നെ ബോധപൂര്‍വ്വം പ്രകടിപ്പിക്കുന്ന ചില അവസ്ഥകളോട് അഡ്ജസ്റ്റ്മെന്റ് സമരങ്ങളുമായി സഹകരിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മുതലാളിത്തത്തെ തകര്‍ക്കാനുള്ള മാത്രികവടി നിര്‍ദ്ദേശിച്ച ചിന്തകനായല്ല മറിച്ച് ഉത്തരാധുനികകാല മുതലാളിത്തത്തിന്റെ പുഴുക്കുത്തുകളെ കാര്യകാരണസഹിതം വിശദീകരിക്കാന്‍ ശ്രമിച്ച ദീര്‍ഘദര്‍ശി എന്ന നിലയിലാവും സമീര്‍ അമീന് ചരിത്രത്തില്‍ അറിയപ്പെടുക.
വിട്ടുപിരിഞ്ഞ വിപ്ലവകാരികളെ അത്ഭുതത്തോടെ ഓര്‍ക്കുന്നു.