ഗവര്‍ണറുടെ അഭിപ്രായം കാമ്പസുകളെ ഭീകരകേന്ദ്രങ്ങളാക്കും
|
അഭിമന്യൂ സംഭവം ചൂണ്ടിക്കാട്ടി, കാമ്പസില്‍ രാഷ്ട്രീയം വേണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടിരിക്കുന്നു. കലാലയങ്ങളില്‍ അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോള്‍ അരാഷട്രീയവാദികളില്നിന്നും വിദ്യാഭ്യാസ കച്ചവടതല്പ്പരരില് നിന്നും പൊതുവെ ഇത്തരം വാദങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. രാഷ്ട്രീയത്തെ സ്ഥാനലബ്ധിക്കുള്ള ഉപാധിയാക്കിയ ആളാണെങ്കിലും രാഷ്ടീയവിരോധിയാണ് ഈ മുന്‍ ചീഫ് ജസ്റ്റിസ്. എങ്കിലും പൊതുബോധത്തെ സ്വാധീനിക്കാനുള്ള സാധ്യത മാനദണ്ഡമാക്കുകയാണെങ്കില്‍ കുമ്മനത്തെക്കാളും ബഹുദൂരം മുന്നിലാണിദ്ദേഹം. അതുകൊണ്ട് ഈ പ്രസ്ഥാവനയെ രാഷ്ട്രീയകേരളം (കാമ്പസുകളില്‍ നിന്നടക്കമുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ഇന്ത്യന്‍ ശരാശരിയില്‍ നിന്നും വ്യത്യസ്തമായി ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത്) അതര്‍ഹിക്കുന്ന ഗൗരവത്തോടെത്തന്നെ ചര്‍ച്ച ചെയ്ത് തള്ളിക്കളയേണ്ടതുണ്ട്.
അരാഷ്ട്രീയ കാമ്പസുകളാണ് അഭിമന്യൂവിന്റെ ഘാതകരുടെയും ആത്യന്തികമായ ലക്ഷ്യം എന്നിരിക്കെ ഗവര്‍ണറുടെ ഈ അഭിപ്രായപ്രകടനം സൂക്ഷ്മാര്‍ത്ഥത്തില്‍ കൊലപാതകികളെ തൃപ്തിപ്പെടുത്താനേ ഉപകരിക്കൂ. ഗവര്‍ണറുടെ അഭിപ്രായം കാമ്പസുകളെ തീവ്രവാദത്തിന്റെയും ഫാസിസത്തിന്റെയും കേന്ദ്രങ്ങളാക്കാനേ ഉപകരിക്കൂ. കത്തികയറ്റിയവന് മതരാഷ്ട്രീയത്തെയും നെഞ്ചിന്‍കൂട് പിളര്ന്നവര് പുരോഗമനരാഷ്ട്രീയത്തെയും പ്രതിനിധീകരിക്കുമ്പോള്‍ ഏത് രാഷ്ട്രീയമാണ് കാമ്പസുകളില്‍ നിന്നും ജനാധിപത്യരീതിയില്‍ തന്നെ പഴുതെറിയപ്പെടേണ്ടതെന്ന് വിശദമാക്കാന്‍ ഈ ന്യായാധിപന് ബാധ്യതയുണ്ട്. ഈ കൊലപാതകത്തിന്റെ പേരില്‍ കേരളം ഒറ്റക്കെട്ടായി അഭിമന്യൂ എന്ന നഷ്ടത്തിനൊപ്പം നില്ക്കുമ്പോള് ഭരണഘടനാസ്ഥാനത്തിരിക്കുന്നൊരാള് അപരശബ്ദമായ് വരുന്നത് ഗൗരവത്തോടെ തന്നെ കാണേണ്ടതാണ്. കേരളത്തിലെ കലാലയങ്ങളിലെ കുട്ടികള്‍ക്ക് നിവര്‍ന്നു നിന്നു പറയാന്‍ പറ്റണം, കാമ്പസുകളിലല്ല രാജ്ഭവനകത്താണ് രാഷ്ട്രീയം നിരോധിക്കേണ്ടതെന്ന്. കാമ്പസില്‍ നേരിന്റെ രാഷ്ട്രീയം പൂത്തുലയണം എന്നു തന്നെയാണ് അഭിമന്യൂവിന്റെ രക്തസാക്ഷിത്വം പ്രബുദ്ധകേരളത്തോട് വിളിച്ചുപറയുന്നത്.