ആലോചിച്ചു നോക്കിയാല്‍ വല്ലാത്തൊരവസ്ഥയാണ് ലൂസേഴ്സ് ഫൈനല്‍. റഷ്യ2018 ല്‍ ബെല്‍ജിയവും ഇംഗ്ലണ്ടുമാണ് തോറ്റവരുട് പോരിന് യോഗ്യത നേടിയത്. ഇന്നു നടക്കാന്‍ പോകുന്നത് ഹാരി കെയിനും ലുകാക്കുവും തമ്മിലുള്ള മത്സരമായിരിക്കും. ടോപ് സ്കോററായി ലോകഫുട്ബോള്‍ ചരിത്രത്തില്‍ ഇടം പിടിച്ച് നിവര്‍ന്നു നില്‍ക്കാനുള്ള ശ്രമം. ഇത്തരം വ്യക്തികത നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതില്‍ മിടുക്കനാണ് കെയിന്‍. ലുക്കാക്കുവിനാണെങ്കില് ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട് വര്‍ത്തമാനത്തില്‍ ചിറകടിച്ചുപറക്കാന്‍ പരിശ്രമിക്കുന്ന ഒരു വംശത്തിനു തന്നെ നല്കാനാവുന്ന ഏറ്റവും മഹത്തരമായ സമ്മാനം. എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന കെയിനുതന്നെ മുന്‍തൂക്കം. ഈ ലോകകപ്പിനെ സുന്ദരഫുട്ബോള്കൊണ്ട് ധന്യമാക്കിയ ടീമാണ് ബെല്‍ജിയം. സാക്ഷാല്‍ ബ്രസീലിനെയടക്കം നേരത്തെ പറഞ്ഞുവിട്ടാണ് അവര്‍ സെമിയിലെത്തിയത്. അപ്രധാനമായ മത്സരമായിരുന്നെങ്കിലും ഇംഗ്ലണ്ടിനെയും ആദ്യ റൗണ്ടില്‍ അവര്‍ തോല്‍പ്പിച്ചിട്ടുണ്ട്. സംതുലിതമായ ടീമാണ് ഇംഗ്ലണ്ട്. അറ്റാക്കിംഗിലെ മൂര്‍ച്ചയും വേഗതയുമാണ് ഇരു ടീമുകളുടെയും വജ്രായുധം. തോറ്റവരുടെ മത്സരമാണെങ്കിലും തോല്ക്കാന് മനസ്സില്ലാത്തവരുടെ പോരാട്ടവീര്യംതന്നെയാവും ഇന്നു ലോകത്തിനു മുന്നില്‍ ഇരു ടീമുകളും കാഴ്ചവെയ്ക്കുക |
സമീര്‍ കാവാഡ്