ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യദിനം ഏഴ് മത്സരങ്ങള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീസെസ്റ്റര്‍ സിറ്റിയെ 2-1 ന് നേരത്തെ തോല്‍പ്പിച്ചിരുന്നു. ന്യൂകാസില്‍-ടോട്ടനം പോരാട്ടം 1-2 ല്‍ അവസാനിച്ചു. ആദ്യപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ഗോളടി യന്ത്രം ഹാരി കെയ്ന്‍ ലക്ഷ്യം കാണാതിരുന്ന മത്സരത്തില്‍ ഡെലെ അലിയും ബെല്‍ജിയം പ്രതിരോധക്കാരന് യാന്‍ വെര്ത്തോങ്കനുമാണ് വിജയികള്‍ക്കായി ലക്ഷ്യം കണ്ടത്. സ്പാനിഷ് താരം ജൊസേലുവിന്റെ ഹെഡറില്‍ നിന്നായിരുന്നു ന്യൂകാസിലിന്റെ ആശ്വാസഗോള്‍
വാറ്റ്ഫോര്‍ഡ് - ബ്രൈട്ടണ് മത്സരത്തില്‍ വാറ്റ്ഫോര്‍ഡിന് അനായാസജയം. അര്‍ജന്റൈന്‍ താരം റോബര്‍ട്ടോ പെരേരയുടെ രണ്ടുഗോളും മിന്നുന്ന പ്രകടനവുമാണ് ആതിഥേയര്‍ക്ക് ജയം എളുപ്പമാക്കിയത്. ജോസ് ഹോള്ബാസിന്റെ പാസില്‍നിന്നായിരുന്നു ഇരുഗോളുകളും.
ദുര്‍ബലരായ ഹഡര്ഫീല്ഡിനെ സന്ദര്‍ശകരായ ചെല്‍സി മടക്കമില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ചു. എംങ്കോളോ കാന്റേ, പെഡ്രോ റോഡ്രിഗസ് എന്നിവരെ കൂടാതെ ഇറ്റാലിയന്‍ പുതുമുഖം ജോര്‍ജിഞ്ഞോയും (പെനാള്‍ട്ടി) ഗോള്‍ നേടി. ബോണ്‍ മൗത്ത് -കാഡിഫ് സിറ്റിയേയും ക്രിസ്റ്റല്‍ പാലസ് - ഫുള്‍ഹാമിനെയും തോല്‍പ്പിച്ചു.
കുര്‍ട്ടോ റയലിലേക്ക് കൂടുമാറിയ ഒഴിവില്‍ റെക്കോഡ് തുകയ്ക്ക് ചെല്‍സിയിലെത്തിയ സ്പാനിഷ് കീപ്പര്‍ കെപയ്ക്ക് ഗോള്‍വഴങ്ങാതെ സ്വപ്നതുല്യ തുടക്കം. അതിനിടെ ഇത്തവണ കപ്പുയര്‍ത്താന്‍ ഏറ്റവും സാധ്യത ലിവര്പൂളിനാണെന്ന് സാക്ഷാല്‍ പെലെ അഭിപ്രായപ്പെട്ടു. മുഹമ്മദ് സാലെ, ഫിര്‍മിനോ എന്നിവരടങ്ങിയ അറ്റാക്കിംഗും അലിസന്റെ ഗോള്‍കീപ്പിംഗ് മികവും ചെമ്പടയെ ചാമ്പ്യന്മാരാക്കുമെന്ന് ഫുട്ബോള്‍ ഇതിഹാസം.