ഗോള്‍കീപ്പിംഗ് :
അലിസ്സണും എഡേഴ്സണും ഇഞ്ചോടിഞ്ച് പോരാട്ടം
| 21 OCT 2018, 4:07 Pm | FOOTBALL |
ആരാവും ഈ സീസണിലെ മികച്ച ഗോള്‍കീപ്പര്‍, ലിവര്‍പൂളിന്റെ അലിസ്സണും (26) മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സണും (25) കടുത്ത മത്സരത്തിലാണെന്നു തോന്നുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 23 പോയിന്റുമായി സിറ്റിയും ലിവര്‍പൂളും ഒപ്പത്തിനൊപ്പമാണ്. അതില്‍ ഏഴ് വീതം ജയങ്ങളും രണ്ട് വീതം സമനിലകളും.
അടിച്ച ഗോളുകളുടെ എണ്ണത്തില്‍ സിറ്റി (26) ലിവര്‍പൂളിനെ (16) ബഹുദൂരം പിന്നിലാക്കിയിട്ടുണ്ടെങ്കിലും വാങ്ങിയ ഗോളുകള്‍ (3) ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇവിടെയാണ് ഈ രണ്ടു ബ്രസീലിയന്‍ ഗോള്‍കീപ്പര്‍മാരുടെയും പ്രകടന മികവും വാശിയും ശ്രദ്ധേയമായിരിക്കുന്നത്. ഒമ്പതു കളികളില്‍ ആറെണ്ണത്തില്‍ ഇരുവരും ഒറ്റഗോളും വഴങ്ങിയിട്ടില്ല. ഒരു പെനാള്‍ട്ടി സേവ് നടത്തിയ അലിസ്സണ്‍ പ്രകടന മികവില്‍ മുന്നിലാണെന്നു പറയാം. എന്നെക്കാള്‍ ഒരുപടി മുന്നിലാണ് അലിസ്സണ്‍ എന്ന് അടുത്തിടെ എഡേഴ്സണ് തന്നെ സൂചിപ്പിക്കുകയുണ്ടായല്ലോ. ബ്രസീലിയന്‍ കോച്ച് ടീറ്റെയുടെ വിശ്വസ്തനായ ഗോള്‍കീപ്പറാണ് അലിസ്സണ്‍. എന്നാല്‍ അടുത്തിടെ നടന്ന രണ്ട് സൗഹൃദമത്സരങ്ങളില്‍ ഒരെണ്ണത്തില്‍ കാനറികളുടെ വലകാക്കാനുള്ള അവസരം ടീറ്റെ എഡേഴ്സണു നല്കുകയുണ്ടായി.
പൊതുവെ ഗോള്‍ കീപ്പര്‍മാര്‍ കൈകള്‍കൊണ്ട് മാസ്മരിക പ്രകടനം നടത്തിയാണ് ശ്രദ്ധേയരാകുന്നതെങ്കില് ഒരു ഗോള്കീപ്പര്ക്കെങ്ങിനെ കാലുകള്‍ കളിക്കാരനെപ്പോലെ പന്തടക്കം പരിശീലിച്ച് തിളങ്ങാനും സ്വന്തം ഹാഫില്‍നിന്നും കളി മെനഞ്ഞെടുക്കാന്‍ പ്രതിരോധതാരങ്ങളെ സഹായിക്കാം എന്നതിലും പുതിയ മാതൃകകള്‍ മെനഞ്ഞെടുത്തിട്ടുണ്ട് എഡേഴ്സണ്. ആ സീസണിലെ ഏതൊരു യൂറോപ്യന്‍ ലീഗ് ടേബിള്‍ പരിശോധിച്ചാലും പത്ത് മത്സരത്തിലെത്തുമ്പോള് ഏഴ് ഗോളെങ്കിലും വഴങ്ങിയിട്ടില്ലാത്ത ഒരു ടീമും പട്ടികയില്‍ മുന്‍ നിരയിലില്ല എന്നിരിക്കെ സിറ്റിയുടെയും ലിവര്‍പൂളിന്റെയും നേട്ടം അസാധാരണം തന്നെ. ഇതില്‍ ഗോള്‍കീപ്പര്‍മാരുടെ പങ്ക് അനിഷേധ്യവും
സമീര്‍ കാവാഡ്