ബ്രസീലിയന്‍ ലൂക്കാസ് മോറ - പ്രീമിയര്‍ ലീഗില്‍ ആഗസ്റ്റിനെ മിന്നിച്ച താരം
| 7 Sep 2018, 11:42 Pm | FOOTBALL |
പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ആദ്യമാസത്തെ (ആഗസ്റ്റ്) താരമായി ലൂക്കാസ് മോറയെ തെരഞ്ഞുടുത്തു. ടോട്ടനമിനുവേണ്ടി ഈ ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ മിന്നുന്ന ഫോമിലാണിപ്പോള്‍. പി.എസ്.ജിയില്‍ നിന്നും കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇംഗ്ലണ്ടിലെത്തിയെങ്കിലും (23 ദശലക്ഷം യൂറോ) പ്രീമിയര്‍ ലീഗുമായി പെട്ടെന്നിണങ്ങിച്ചേരാനായിരുന്നില്ല. കഴിഞ്ഞ സീസണില്‍ വെറും ആറു മത്സരങ്ങള്‍ (72-മിനുട്ട്) മാത്രമാണ് മോറയ്ക്ക് കളിക്കാനായത്.
ഇത്തവണത്തെ പ്രീസീസണ് മത്സരങ്ങളിലെ മിന്നുന്ന പ്രകടനമാണ് ലൂക്കാസിനെ ശ്രദ്ധയനാക്കിയത്. ശേഷം ലീഗില്‍ ടോട്ടനത്തിനായി എല്ലാ മത്സരങ്ങളിലും ലൂക്കാസിന് ഇടം കിട്ടി. മൂന്ന് മത്സരത്തില്‍ നിന്നായി എണ്ണം പറഞ്ഞ മൂന്നു ഗോളുകളും ഈ കാനറി നേടി. ഇതില്‍ മാഞ്ചസ്റ്ററിന്റെ സ്വന്തം തട്ടകത്തില്‍ അവര്‍ക്കെതിരെ നേടിയ രണ്ടു കിടിലന്‍ ഗോളുകളും ഉള്‍പ്പെടും. ക്രിസ് സ്മാളിംഗിനെ കബളിപ്പിച്ച് ഗോള്‍കീപ്പര്‍ ഡിഗിയയെ മറികടന്ന് ഈ മുന്‍ സാവോ പോളോ മുന്നേറ്റതാരം നേടിയ രണ്ടാമത്തെ ഗോളാണ് കോച്ചുമാരും സ്പോര്‍ട്സ് ജേണലിസ്റ്റുകളുമടങ്ങുന്ന ജൂറിയെ ഈ തീരുമാനത്തിലെത്തിച്ചത്.
എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു സാക്ഷാല്‍ മൗറീഞ്ഞോയുടെ കീഴില്‍ പോഗ്ബയും, ഡി ഗിയയുമടക്കമുള്ള വമ്പന്മാര്ക്കെതിരെ ടോട്ടനത്തിന്റെ ജയം. ലൂക്കാസിന്റെ ഇരട്ടഗോളുകളുടെ പ്രഹരശേഷി ചെറുതായിരുന്നില്ല. മൗറീഞ്ഞോയുടെ മാനേജര്‍ പദവിപോലും സംശയത്തിന്റെ നിഴലിലായി, പോഗ്ബ പ്രീമിയര്‍ ലീഗ് വിടുന്നതായുള്ള വാര്‍ത്തകള്‍ വന്നു. സെപ്റ്റംബറിലും ഓഗസ്റ്റിലെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിട്ടില്ല. ഏതായാലും ടോട്ടനാമില്‍ സൂപ്പര്‍താര പദവിക്കായ് ഹാരി കെയിനിന് പുതിയ എതിരാളിയുടെ വരവറിയിച്ചിരിക്കുന്നു ലൂക്കാസ് മോറ. ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ടോട്ടനാം.
സമീര്‍ കാവാഡ്