ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മൂന്നു റൗണ്ട് പിന്നിടുമ്പോള്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സന്ദര്‍ശകരായ ടോട്ടനത്തോട് എതിരില്ലാത്ത മൂന്നു ഗോളിന് അടിയറവ് പറഞ്ഞതോടെ പുതിയ സീസണിന്റെ തുടക്കംതന്നെ പോഗ്ബയ്ക്കും കൂട്ടര്‍ക്കും പരിമുറുക്കത്തിന്റേതായി.
കഴിഞ്ഞ സീസണിലെ ടോപ്സ്കോറര്‍ ഹാരി കെയ്നാണ് യുണൈറ്റിഡിന്റെ വല ആദ്യം കുലുക്കിയത്. ഗോള്‍ മടക്കാനാവാതെ പതറിയ മാഞ്ചസ്റ്ററിന്റെ വലയിലേക്ക് രണ്ട് അത്യൂഗ്രന്‍ ഗോളുകള്‍ നിറയൊഴിച്ച് ബ്രസീലിയന്‍ ലൂക്കാസ് മൊറെ മൗറീഞ്ഞോ സംഘത്തിന്റെ കഥ തീര്‍ത്തു. പതിവ് പത്രസമ്മേളനത്തില്‍ ഏറെ നിരാശനായി കാണപ്പെട്ട കോച്ച് മൗറിഞ്ഞോ ലീഗിലെ പത്തൊന്‍പത് മാനേജര്‍മാരുടെ നേട്ടങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ പോലും തന്റെ പൂര്‍വ്വകാല കിരീട നേട്ടങ്ങളോട് കിടപിടിക്കാനാവില്ലെന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റയില്‍ അഭയം തേടി രക്ഷപ്പെടുകയായിരുന്നു. റെസ്പെക്റ്റ് റെസ്പെക്റ്റ് എന്നാവര്ത്തിച്ചുരുവിട്ട് പത്രസമ്മേളനവേദിവിട്ട ഈ പോര്ച്ചുഗീസുകാരന് ആദരം ചോദിച്ചുവാങ്ങുന്നതുപോലെ തോന്നി.
ലോകത്തേറ്റവുമധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പോഗ്ബ, ലുക്കാക്കു, റാഷ്ഫോര്‍ഡ്, ഫ്രഡ്, ഫില്‍ ജോണ്‍സ്, ഡി ഗിയ തുടങ്ങിയ മികച്ച താരങ്ങളും അവര്‍ക്കുണ്ട്. പറഞ്ഞിട്ടെന്താ, കോച്ചിന്റെ ഉഴിച്ചിലും പിഴിച്ചിലും കൂട്ടലും കുറയ്ക്കലും ഏശുന്നില്ല. മൗറിഞ്ഞോ യുഗം അവസാനിക്കുകയാണോ.. അല്ലെങ്കിലും മഹാന്മാര് നിലംപൊത്തുന്നതും തെരുവില്‍ നിന്നും അത്ഭുതങ്ങള്‍ പിറവിയെടുക്കുന്നതും ഫുട്ബോളിന് പുതുമയല്ലല്ലോ...