യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ആദ്യ റൗണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്നു പുലര്‍ച്ചെ വമ്പന്മാര് നിരാശപ്പെടുത്തി. സി.എസ്. കെ മോസ്കോയുമായി എവേ മത്സരത്തിനിറങ്ങിയ റയല്‍ റൊണാള്‍ഡോയുടെ വിടവ് നികത്താനായില്ലെന്ന് ഒരുക്കല്‍കൂടി സമ്മതിച്ച് ഒരു ഗോള്‍ തോല്‍വി സമ്മതിച്ച് റഷ്യയില്‍നിന്ന് മടങ്ങി.
മൗറീഞ്ഞോയുടെ കീഴില്‍ മാഞ്ചസ്റ്ററിന് ഒന്നും ശരിയാവില്ലെന്ന വാശിപോലെ പോഗ്ബയ്ക്കും സംഘത്തിനും സ്വന്തം തട്ടകത്തില്‍ വലന്‍സിയക്കെതിരെ ഗോള്‍രഹിത സമനില. ജര്‍മ്മനിയില്‍ ദുര്‍ബല ഡച്ച് നിര അയാക്സിനോട് ബയേണ്‍ മ്യൂണിച്ചിന് ഓരോ ഗോളിന്റെ സമനിലക്കുരുക്ക്.
മോസ്കോയില്‍ റയലിന്റെ വലകുലുങ്ങുന്നതു കണ്ടുകൊണ്ടാണ്കളി രണ്ടാം മിനുട്ടിലേക്ക് പ്രവേശിച്ചത് തന്നെ. ടോണിക്രൂസ് ഗോള്‍കീപ്പര്‍ നവാസിന് നല്കിയ ബാക്ക് പാസിന്റെ വേഗതക്കുറവ് മനസ്സിലാക്കി കുതിച്ചുചെന്ന നിക്കളോ വാസിച്ചിനു പിഴച്ചില്ല ബോള്‍ നിയന്ത്രിച്ച് വെരാനയെ നിഷ്പ്രയാസം വെട്ടിച്ചുതിര്ത്ത ഷോട്ട് നവാസിന് അവസരം കിട്ടും മുമ്പെ പോസ്റ്റിന്റെ ഇടതുമൂലയിലൂടെ തൊട്ടുരുമ്മി അകത്തുകയറിപറ്റി. തണുത്തു വിറച്ചിരുന്ന മോസ്കോ നഗരം അറുപതിനായിരം വരുന്ന കാണികളുടെ ആര്‍പ്പുവിളികളില്‍ തിളച്ചുമറിഞ്ഞു. പരിക്കുകാരണം കൊണ്ടുവരാതിരുന്ന ബെയ്ല്, ഇസ്കോ, മാര്‍സെലോ എന്നിവര്‍ക്കുപുറമെ റാമോസിന് വിശ്രമം അനുവദിച്ചും മോഡ്രിച്ചിനെ ബെഞ്ചിലിരുത്തിയും സി.എസ്.കെയെ നിസ്സാരമായി കണ്ട കോച്ച് ലപറ്റേഗിക്ക് കിട്ടിയ കരണത്തടിയായിപ്പോയി ആദ്യ ഗോള്‍. ഗോള്‍ പിറന്നതോടെ പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞ മോസ്കോ ടീമിനെതിരെ ഗോള്‍ മടക്കാന്‍ ബെന്‍സിമയും സംഘവും നടത്തിയ പതിനെട്ടടവും പരാജയപ്പെടുകയായിരുന്നു. തിളങ്ങാന്‍ കിട്ടിയ അപൂര്വ്വാവസം ബെന്‍സിമയും, പുതുമുഖതാരം വാസ്കോസും അസെന്‍സിയോയും ലക്ഷ്യം കാണാനാവാതെ കളഞ്ഞു കുളിച്ചു. പതിവുപോലെ ഇത്തവണയും ബ്രസീലിയന്‍ അത്ഭുത ബാലന് വിനീഷ്യസിനെ കോച്ച് ജയ്സി ഉടുപ്പിച്ച് കളികാണാനിരുത്തി. ഗോളടിക്കാന്‍ പരാജയപ്പെടുന്ന തുടര്‍ച്ചയായ മൂന്നാം മത്സരമായിരുന്നു റയലിനിത്.
ബയേണിനെ ഡച്ച് ലീഗ് ചാമ്പ്യന്മാരായ അയാക്സാണ് സമനിലയില്‍ കുരുക്കിയത്. കളിയുടെ നാലാം മിനുട്ടില്‍ ആര്യന് റോബന്റെ പാസില്‍ നിന്നും ഹമ്മല്‍സ് ബയേണിനായി ഗോള്‍ നേടിയെങ്കിലും ഇരുപത്തിരണ്ടാം മിനുട്ടില്‍ ഗോള്‍ മടക്കിയ മൊറാക്കോയുടെ ഇരുപതുകാരന് നുസൈര്‍ മസൂറി മിന്നുന്ന ഫോമിലൂടെ കളിയിലെ താരമായിത്തീര്‍ന്നു. അയാക്സിനായി മുന്നേറ്റക്കാരന് ബ്രസീലിന്റെ ഡേവിഡ് നരസും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു.
മാഞ്ചസ്റ്ററും വലന്‍സിയയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. വലന്‍സിയയുടെ പ്രതിരോധതാരം ജോസ് ഗയയാണ് കളിയിലെ കേമന്‍. ബാറിനു കീഴില്‍ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ നെറ്റോ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇന്ന് അര്‍ദ്ധരാത്രി 12-30 നു നടക്കുന്ന പ്രധാനമത്സരങ്ങളില്‍ ബാര്‍സ ടോട്ടനാമിനെതിരെയും, ലിവര്‍പൂള്‍ നപ്പോളിക്കെതിരെയും, അത്ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബ് ബ്രഗെയുമായും ഏറ്റുമുട്ടും.