ബാര്‍സലോണ പി.എസ്.വിയെയും ലിവര്‍പൂള്‍ പി.എസ്.ജിയെയും തോല്‍പ്പിച്ചതാണ് 2018-19 സീസണ് ചാമ്പ്യന്‍സ് ലീഗ് ആദ്യദിനത്തിലെ വാര്‍ത്ത. അതിന്റെ വിശേഷങ്ങളിലേക്ക്.
ലിവര്‍പൂളും പി.എസ്.ജിയും തമ്മിലുള്ള മത്സരമായിരുന്നു ഫുട്ബോള്‍ ലോകം ഉറ്റുനോക്കിയത്, ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരം അവസാന നിമിഷമാണ് വിധി നിര്‍ണ്ണയിച്ചത്. മുഴുവന്‍ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ച് സമനിലയിലായിരുന്നു. കളിയില്‍ മേധാവിത്തമുണ്ടായിരുന്ന ചെമ്പടക്കായി പകരക്കാരനായ് ഇറങ്ങിയ ബ്രസീല്‍ ഇന്റര്‍നാഷണല്‍ താരം ഫിര്‍മിനോയാണ് 93-ാം മിനുട്ടില്‍ ലക്ഷ്യം കണ്ട് ആതിഥേയരുടെ മാനം കാത്തത്. നേരത്തെ സ്റ്റുറിഡ്ജും, മില്‍നറും ലിവര്‍പൂളിനായും, തോമസ് മുനീറും, എംബാപെയും പാരീസിനായും ഗോള്‍ നേടിയിരുന്നു.
ബോക്സിനകത്തേക്ക് ഗോളിയുടെ തൊട്ടുമുന്നില്‍ കിട്ടിയ ബോളിന് ഉയര്‍ന്നുചാടി തകര്‍പ്പന്‍ ഹെഡറിലൂടെയായിരുന്നു മുപ്പതാം മിനുട്ടില്‍ സ്റ്റുറിഡ്ജിന്റെ ആദ്യഗോള്‍. ആറുമിനുട്ടിനകം ലഭിച്ച പെനാള്‍ട്ടി കിക്കിന് പി.എസ്.ജി ഗോള്‍കീപ്പര്‍ അരിയോള അളന്നുമുറിച്ച് ചാടിയെങ്കില്‍ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ശരവേഗത്തില്‍ പായിച്ച് മില്‍നര്‍ സ്കോര്‍ബോര്‍ഡ് രണ്ടാക്കി ഉയര്‍ത്തി. പക്ഷെ, ലിവര്‍പൂളിന്റെ രണ്ട് ഗോള്‍ തലയെടുപ്പിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. നാലുമിനുട്ടിനകം ഗോള്‍ മടക്കി മുനീര്‍ പാരീസിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. കളിയിലുടനീളം ലിവര്‍പൂളിനായിരുന്നു മൂന്‍തൂക്കം. ബോള്‍ ഏറെസമയം കൈവശംവെച്ച് കളിച്ചതും അവര്‍ തന്നെ. പാരീസിനായി സൂപ്പര്‍താരം നെയ്മര്പോലും ഇറങ്ങിവന്ന് പ്രതിരോധത്തെ സഹായിക്കുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടത്. എംബാപെയെ കേന്ദ്രീകരിച്ചുള്ള കൗണ്ടര്‍ അറ്റാക്കുകളിലായിരുന്നു അവരുടെ കണ്ണ്. ഒടിവിലത് ഫലം കണ്ടു, ബോളുമായി പ്രതിരോധത്തെ വെട്ടിമാറ്റി കുതിച്ച നെയ്മര്‍ ബോക്സിനുള്ളില്‍ നല്കിയ പാസ് യാതൊരു പഴുതുമില്ലാതെ എംബാപെ വലയിലാക്കി. എണ്‍പത്തിമൂന്നാം മിനിട്ടിലായിരുന്നു ആ ഗോള്‍.
മുഴുസമയം കഴിഞ്ഞ് കളി സമനിലയിലേക്ക് നീങ്ങവെ ഇഞ്ചുറി ടൈമില്‍ പി.എസ്.ജി ബോക്സിനകത്ത് കാലുകൊണ്ട് കവിത രചിച്ച് പ്രതിരോധത്തെ ചിന്നഭിന്നമാക്കി മികച്ച ഫോമിലായിരുന്ന അരിയോളയെയും കബളിപ്പിച്ച് ഫിര്‍മിനോ വിജയഗോള്നേടി. കണ്ണുരോഗം മൂലം ആദ്യ ഇലവനില്‍ ഇടംനേടാനാവാതെ 70-ാം മിനുട്ടില്‍ സ്റ്റുറിഡ്ജിനു പകരക്കാരനായാണ് ഫിര്‍മിനോ കളത്തിലിറങ്ങിയത്. കളിയിലെ അതിമനോഹരമായ ഗോളിനൊടുല് ഒരു കണ്ണ് പൊത്തിപ്പിടിച്ച് പ്രകടിപ്പിച്ച ആഹ്ളാദത്തില്‍ ആദ്യ ഇലവിനില്‍ ഇറക്കാതിരുന്നവരോടുള്ള പ്രതികാരം കൂടി കനംതൂങ്ങിനിന്നു.
നേരത്തെ നടന്ന ബാര്‍സ പി.എസ്.വി മത്സരത്തില്‍ സൂപ്പര്‍താരം മെസ്സിയുടെ ഹാട്രിക് മികവോടെ ബാര്‍സ എതിരില്ലാത്ത നാലുഗോളിന് ഡച്ച് ലീഗ് ചാമ്പ്യന്മാരെ തോല്‍പ്പിച്ചു. മെസ്സിയുടെ മാസ്മരിക ഫിനിഷിംഗ് മികവാണ് കളിയില്‍ എടുത്തു പറയേണ്ടത്. ലോകമെമ്പാടുമുള്ള മെസ്സി ആരാധകര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലെ ഈ ഹാട്രിക് നല്കുന്ന ഊര്‍ജ്ജം ഊഹിക്കാവുന്നതേയുള്ളൂ. ഗോള്‍ വഴങ്ങിയില്ലെന്നാശ്വസിക്കാമെങ്കിലും ബാര്‍സ പ്രതിരോധം നിരവധിതവണ ആടിയുലഞ്ഞത് വാല്‍വര്‍ഡെയെ കുഴക്കുമെന്നുറപ്പ്. മത്സരത്തിനിടെ ഉംറ്റിറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതും ഡ്രസ്സിംഗ്റൂമില്‍ ചര്‍ച്ചാവിഷയമായേക്കും.