താള്തൊടുവിനെ താളില വെട്ടിയിടുംപോലെ അരിഞ്ഞിട്ട് ചിരവൈരികളായ വളഞ്ഞങ്ങാടി മൂന്നാമത് താഴത്തങ്ങാടി ഏരിയാലീഗ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ഇന്ന് തോറ്റിരുന്നെങ്കില്‍ സെമികാണാതെ പുറത്താകുമായിരുന്ന വളഞ്ഞങ്ങാടി സര്‍വ്വവും മറന്നുള്ള മരണപ്പോരാട്ടംതന്നെയാണ് ക്യാപ്റ്റന്‍ സൈനിന്റെ നേതൃത്വത്തില്‍ കാഴ്ചവെച്ചത്. സ്കോര്‍ 3-1. പ്രമുഖ കളിക്കാരെക്കൂടാതെയാണ് ഇരുടീമുകളും ഗ്രൗണ്ടിലിറങ്ങിയതെങ്കിലും വാശിക്ക് ഒട്ടും കുറവില്ലാത്ത മത്സരത്തില്‍ മരണപോരാട്ടംതന്നെയാണ് ഇരുടീമുകളും കാഴ്ചവെച്ചത്.
മാന്‍ ഓഫ് ദ മാച്ച് ഷിഹില്‍
സന്തോഷ്ട്രോഫി താരം ചെറിയാപ്പുവിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ ആദ്യപകുതി മുന്നിട്ടുനിന്ന താള്തൊടുവിനെ രണ്ടാം പകുതിയില്‍ ഷിഹില്‍, അഞ്ചു, മിശ്ബഹ് കരുവാട്ട് എന്നിവര്‍ നേടിയ ആവേശ്വാജ്ജല ഗോളുകളിലൂടെ ലീഗില്‍ തോല്‍വിയറിയാത്ത ടീമെന്ന അഹങ്കാരത്തിന്റെ മുനയൊടിച്ചു.
ആദ്യപകുതിയില്‍ സ്റ്റോപ്പര്‍ ബാക്കായിരുന്ന ഷിഹിലിനെ രണ്ടാം പകുതിയില്‍ അറ്റാക്കറുടെ റോളില്‍ കളിപ്പിക്കാനുള്ള തീരുമാനമാണ് കളിയില്‍ നിര്‍ണ്ണായകമായത്. വളഞ്ഞങ്ങാടിയുടെ ടെക്നിക്കല്‍ ഉപദേശകനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മുജീബ് മുസ്ലിയാരകത്തിന്റെ നിര്‍ദ്ദേശമാണ് ഇത്തരമൊരു തീരുമാനത്തിനുപിന്നിലെന്ന് മാനേജര്‍ ഒതുക്കുങ്ങല്‍ അഷ്റഫ് മത്സരശേഷം വെളിപ്പെടുത്തി. ഷിഹിലിന്റെ ശാരീരികക്ഷമതയെ പിടിച്ചുകെട്ടാനാവാതെ രണ്ടാംപകുതിയില്‍ താള്തൊടുവിന്റെ പ്രതിരോധം ആടിയുലഞ്ഞു. ഒരു ഗോളും ഒരസിസ്റ്റും സ്വന്തംപേരില്‍ കുറിച്ച ഷിഹില്‍ തന്നെയാണ് ഇന്നത്തെ കളിയിലെ മാന്‍ ഓഫ് ദ മാച്ച്.
ഇന്ന് വളഞ്ഞങ്ങാടി ജയിച്ചതോടെ പാറമ്മലങ്ങാടി, പ്രവാസി, നടൂലങ്ങാടി എന്നീ ടീമുകള്‍ക്ക് സമ്മര്‍ദ്ദമേറി. വരും ദിവസങ്ങളില്‍ തോല്‍ക്കുന്ന ടീമുകള്‍ സെമികാണാതെ പുറത്തുപോകുന്ന അവസ്ഥയായി.
മത്സരത്തിനുമുമ്പുള്ള വാക്പോരില്‍ യുക്തിക്കുനിരക്കാത്ത വീരവാദം മുഴക്കിയിരുന്ന താള്തൊടുവിന്റെ കോച്ച് ജംഷിട് നടുത്തൊടിയുടെ നടുപ്പുറത്തുകിട്ടിയ കൊട്ടായിപ്പോയി ഒടുവില്‍ മത്സരഫലം. ഇന്നത്തെ ജയം മുതിര്‍ന്ന ഉപദേശകസമിതിയംഗം കരുവാട്ട് കുഞ്ഞുമുഹമ്മദിന് സമര്‍പ്പിക്കുന്നതായി ടീമിന്റെ ടെക്നിക്കല്‍ ഡയരക്ടര്‍ നൗഷാദ് പി.പി അറിയിച്ചു.
ലീഗില്‍ ഏറ്റവും ടോപ്പിലായതിനാല് മത്സരം അപ്രധാനമായിരുന്നു ബി-ടീമിനെയാണ് ഇറക്കിയതെന്നും, സെമിയില്‍ വളഞ്ഞങ്ങാടിയെ കിട്ടിയാല്‍ ചതച്ചരക്കുമെന്നും ജംഷിദ് നടുത്തൊടി വീണ്ടും വെടിപൊട്ടിച്ചപ്പോള്‍, ഉയരംകൂടുന്തോറും വീഴ്ചയിലെ പരിക്കും വേദനയുടെ കടുപ്പവും കൂടമെന്നായിരുന്നു മുസ്ലിയാരകത്ത് ശരീഫിന്റെ പ്രതികരണം.
---------------------------------------------------------