ടൂര്‍ണ്ണമെന്റില്‍നിന്ന് ഇതിനോടകം തന്നെ പുറത്തായ വെറ്ററന്‍സിനെ ഈസിയായി തോല്‍പ്പിച്ച് സെമി പ്രവേശനം സ്വപ്നംകണ്ടുവന്ന നടുവിലങ്ങാടിയെ 2-1 ന് അട്ടിമറിച്ച് വന്‍ താരനിരയുമായിറങ്ങിയ വെറ്ററന്‍സ്. തെരട്ടമ്മലില്നിന്നും സെവന്‍സ് ഫുട്ബോളിന്റെ പതിനെട്ടടവുമറിയുന്ന ഫക്രുദ്ധീനടക്കം നിരവധി പുതിയ താരങ്ങളുമായാണ് തികച്ചും അപ്രധാനമായ മത്സരമായിരുന്നിട്ടും വെറ്ററന്‍സ് എത്തിയത്.
കളിയുടെ ആദ്യപകുതിയില്‍ നിരവധി അവസരങ്ങളാണ് നടുവിലങ്ങാടി മെനഞ്ഞെടുത്തത്. ഗോളെന്നുറച്ച നാലഞ്ചവസരങ്ങള് വെറ്ററന്‍സിന്റെ ഗോള്‍കീപ്പര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. അതിനിടയില്‍ മൈതാനമധ്യത്തില്നിന്നും കിട്ടിയ ബോളുമായി വലതുമൂലയിലേക്ക് നടുവിലങ്ങാടിയുടെ പ്രതിരോധക്കാരെ വെട്ടിച്ചുമുന്നേറിയ ഫക്രുദ്ധീന് നല്കിയ പാസ് സ്വീകരിച്ച മെഹബൂബ് തന്റെ മനോഹരവും താളാത്മകവുമായ ഒന്നുരണ്ടു ചെറുചലങ്ങള്കൊണ്ട് പ്രതിരോധത്തെയും ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലിട്ടു. എതിരാളികള്‍പോലും കയ്യടിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. തന്റെ സുവര്‍ണ്ണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന നിരവധി നീക്കങ്ങള്‍ മെഹബുവില്നിന്നും പഴയകാണികള്ക്ക് ഇന്നത്തെ മത്സരത്തില്‍ ആസ്വദിക്കാനായി. '
രണ്ടാംപകുതിയില്‍ നടുവിലങ്ങാടി അവരുടെ ഗസ്റ്റ് പ്ലയറിലൂടെ ഗോള്‍മടക്കി. അതോടെ മത്സരം ആരും ജയിക്കാമെന്ന അവസ്ഥയിലായി. അതിനിടെ വെറ്ററന്‍സ് മുന്‍ കെ.എസ്.ഇ.ബി താരം മുജീബിനെ കൊണ്ടുവന്നു. രണ്ടാംപകുതിയിലും നടുവിലങ്ങാടിക്ക് നിരവധി അവസരങ്ങള്‍ കിട്ടി, വെറ്ററന്‍സിന്റെ ഗോളി പാറപോലെ ഉറച്ചുനിന്നതുകൊണ്ടുമാത്രം വലകുലുങ്ങിയില്ല എന്നു പറയുന്നതാവും ശരി. ഇങ്ങേതലക്കല്‍ പക്രുവും രവിയും മെഹബൂബും ഒത്തിണക്കത്തോടെ ആക്രമിച്ചുകളിച്ചു അത് ഫലം കണ്ടു രവിയുടെ വകയായിരുന്നു വെറ്ററന്‍സിന്റെ മനോഹരമായ രണ്ടാം ഗോള്‍.
അപ്രധാന മത്സരത്തില്‍ വെറ്ററന്‍സിനുവേണ്ടി മികച്ച ടീമിനെ സംഘടിപ്പിച്ചതില്‍ പ്രവാസി ടീം മാനേജ്മെന്റിന്റെ ഇടപെടല്‍ സംശയിക്കുന്നതായി മത്സരശേഷം കാണികളില്‍നിന്നും വിമര്‍ശനമുയര്‍ന്നു. ഇന്ന് നടുവിലങ്ങാടിയുടെ തോല്‍വി പ്രവാസി ടീമിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഫുട്ബോളിന്റെ എത്തിക്സിന് നിരക്കാത്ത ചില ഇടപെടലുകള്‍ ഇന്നത്തെ മത്സരത്തില്‍ ഉണ്ടായതായി സംശയിക്കുന്നു എന്ന് ടര്‍ഫ് ഫുട്ബോളിലെ അറിയപ്പെടുന്ന വിംഗ് ബാക്കുകളില്‍ പ്രമുഖനായ സുനില്‍ നടുത്തൊടി പറഞ്ഞു.
ഒമ്പതോളം ഗോളെന്നുറപ്പിക്കാവുന്ന അവസരങ്ങള്‍ സൃഷ്ടിച്ച മത്സരമായിരുന്നു ഇത്. ആ അര്‍ത്ഥത്തില്‍ നല്ല കളിയാണ് ഞങ്ങളുടെ താരങ്ങള്‍ കാഴ്ചവെച്ചത്. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഡെ ആയിരുന്നില്ല എന്നുമാത്രം. നാല്‍പ്പത് വയസ്സിനുമുകളിലുള്ളവരാണെങ്കില്‍ പ്രായത്തെ തോല്‍പ്പിച്ച കളിയാണ് വെറ്ററന്‍സ് കാഴ്ചവെച്ചത്. അവര്‍ ജയം അര്‍ഹിക്കുന്നു എന്ന് നടുവിലങ്ങാടിയുടെ മാനേജര്‍ അമീന് എം.പി.ബി മത്സരശേഷം പ്രതികരിച്ചു.
വെറ്ററന്‍സിന്റെ ഗോള്‍കീപ്പറാണ് ഇന്നത്തെ മാന്‍ ഓഫ് ദ മാച്ച്
---------------------------------------------------------