കഴിഞ്ഞ രണ്ടുതവണയും താഴത്തങ്ങാടി ഏരിയാ ലീഗില്‍ ചാമ്പ്യന്മാരായ പ്രവാസി ടീമിന്റെ സെമിഫൈനല്‍ സ്വപ്നം തല്ലിത്തകര്‍ത്ത് നടുവിലങ്ങാടി. സന്തോഷ്ട്രോഫി താരം അസീമടക്കം പ്രമുഖ താരങ്ങളെ അണിനിരത്തിയിട്ടും നടുവിലങ്ങാടിയുടെ വീറിനും വാശിക്കും ടിംസ്പിരിറ്റിനും മുന്നില്‍ സിഫ്സീറിന്റെ നേതൃത്വത്തിലിറങ്ങിയ പ്രവാസിടിം തോറ്റ് തൊപ്പിയിട്ടു തലകുനിച്ചു മടങ്ങി. കളിയുടെ ആദ്യപകുതിയില്‍തന്നെ മനോജ് നേടിയ എണ്ണം പറഞ്ഞ രണ്ടുഗോളുകള്‍ക്കായിരുന്നു നടുവിലങ്ങാടിയുടെ കാത്തുകൊതിച്ചിരുന്ന ജയം. നടുവിലങ്ങാടിയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് ഉരുക്കുപോലെ ഉറച്ചുനിന്ന അവരുടെ പ്രതിരോധം തന്നെയാണ്. സെന്റര്‍ ബാക്ക് സഫീര്‍, ലെഫ്റ്റ് വിംഗ് ബാക്ക് ഹസീല്‍, റൈറ്റ് ബാക്ക് റാസിക് എന്നിവര്‍ ഡ്രസ്സിംഗ് റൂമിലെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി ഗ്രൗണ്ടില്‍ നടപ്പിലാക്കി.
കളിയാസ്വദിക്കുന്ന കിത് ആന്റ് കിന്‍സ്
കഴിഞ്ഞ മത്സരത്തില്‍ വെറ്ററന്‍സിനുവേണ്ടി പ്രവാസി ടിം താരങ്ങളെയിറക്കി ടൂര്‍ണ്ണമെന്റിന്റെ നീതിബോധത്തെ വിലക്കെടുത്തു എന്ന ആരോപണം ശക്തമായി നിലനില്‍ക്കെ നടുവിലങ്ങാടിയെ സംബന്ധിച്ച് ഈ മത്സരം ജീവന്മരണപോരാട്ടം തന്നെയായിരുന്നു. വെറ്ററന്സിനോട് തലനാരിഴക്ക് തോറ്റെങ്കിലും പ്രവാസികളെ യാതൊരുപഴുതുമില്ലാത്തവിധം നിലംപരിശാക്കിയാണ് ഏകപക്ഷീയമായ ഈ ജയം. തീര്‍ച്ചയായും സെമിഫൈനലില്‍ ഇതവര്ക്കുനല്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.