താഴത്തങ്ങാടി ലീഗ്
കപ്പുയര്‍ത്തി കാല്‍പ്പന്തുകളിയുടെ വളഞ്ഞങ്ങാടിപ്പെരുമ
| 12 January 2020 | TAL FOOTBALL |
ചിരവൈരികളും കടലാസുപുലികളുമായ താള്തൊടുവിനെ തോല്‍പ്പിച്ച് അരീക്കോടന്‍ ഫുട്ബോളിന്റെ എക്കാലത്തെയും ഈറ്റില്ലമായ വളഞ്ഞങ്ങാടി മൂന്നാമത് താഴത്തങ്ങാടി ഏരിയാലീഗ് ഫുട്ബോള്‍ കിരീടം ചൂടി. മുഴുവന്‍ സമയത്ത് ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെത്തുടര്‍ന്ന് ടൈബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. അതിമനോഹരമായ ഒരു ഗോള്‍ എതിരാളികളുടെ വലയിലെത്തിക്കുകയും ടൈബ്രേക്കറിലേക്കു നീണ്ട മത്സരത്തില്‍ ഗോളിയുടെ റോള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്ത സക്കീര്‍ മാനുപ്പയാണ് കളിയിലെ താരം. സെമിഫൈനലിലും മാനുപ്പാന്റെ ഗോള്‍ നിര്‍ണ്ണായകമായിരുന്നു.
ഇരുടീമുകളും കുരുതലോടെയാണ് കളി തുടങ്ങിയത്. പത്ത് മിനുട്ടായപ്പോള്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ വളഞ്ഞങ്ങാടിയുടെ പ്രതിരോധതാരം ഷഹബാസിന്റെ ഹെഡര്‍ പോസ്റ്റിലേക്കുകയറി,താള്തൊടുവിന് അപ്രതീക്ഷിത മേല്‍ക്കൈ. ആദ്യ പുകുതിയില്‍ താള്തൊടുവിന് മികച്ച രണ്ടവസരങ്ങള്‍ കിട്ടിയെങ്കിലും അത് ഗോളാക്കാനുള്ള മിടുക്ക് അവര്‍ക്കില്ലാതെപോയി.
രണ്ടാംപകുതിയില്‍ അതിമനോഹരമായ ഗോളിലൂടെ മാനുപ്പ സമനിലഗോള്‍ നേടി. ഗോളിനുള്ള പകുതിചാന്സ് മാത്രം ഒത്തുവന്ന ഒരവസം അവിസ്മരണീയമായി സ്കൈറ്റ് ചെയ്തുവന്ന് മാനുപ്പ ഗോളാക്കിമാറ്റി. ആ മിടുക്കാണ് താള്തൊടുവിന്റെ കളിക്കാര്ക്കില്ലാതെപോയത്. ഗോള്‍പോസ്റ്റിനു മുന്നിലേക്ക് ആ ബോളെത്തിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും അജ്ഞുവിനാണ്. കളിതീരാന്‍ വെറും രണ്ടുമിനുട്ടുള്ളപ്പോഴായിരുന്നു. ഈ അജ്ഞു-മാനുപ്പ മാജിക്. അതുവരെ നിശബ്ദമായിരുന്ന ഗാലറി ആര്‍ത്തിരമ്പി, വളഞ്ഞങ്ങാടിക്കായിരുന്നു ഗ്രൗണ്ട് സപ്പോര്‍ട്ട്. മുഴുവന്‍ സമയം സമനിലയില്‍ പിരിഞ്ഞ മത്സരത്തിനൊടുവില്‍ ടൈബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. വളഞ്ഞങ്ങാടിക്കായി കിക്കെടുത്ത മാനുപ്പ, ജാസ് തുവ്വക്കാടന്‍, അഞ്ജു, സെയിന്‍, ഷഹബാസ് തുടങ്ങി അഞ്ചുപേരും ലക്ഷ്യം കണ്ടു.
താള്തൊടുവിനായി കിക്കെടുത്ത അസറുദ്ദീന്, ജലീല്‍, അനു സാബിത്, ചെറിയാപ്പു എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റിസാബു പുറത്തേക്കടിച്ചു.
കളിയെക്കുറിച്ച് പ്രമുഖരുടെ വിലയിരുത്തലിങ്ങനെ,
"ഒരു പ്രമുഖ സെവന്‍സ് ഫുട്ബോള്‍ ഫൈനലിനേക്കാള്‍ ആവേശകരമായിരുന്നു ഇന്നു നടന്ന താള്-3 ഫൈനല്‍. ഇരു ടീമുകള്‍ക്കുമിടയിലെ വേറിട്ട സാന്നിധ്യമായിരുന്നു മാനുപ്പയെന്ന പ്രതിഭ. വളഞ്ഞങ്ങാടിക്ക് അര്‍ഹിച്ച വിജയം." മുന്‍ വളഞ്ഞങ്ങാടി താരവും നിലവില്‍ പാറമ്മലങ്ങാടിയുടെ കുന്തമുനയുമായിരുന്ന ഫൈസല്‍. പി.പി പ്രതികരിച്ചു.
"ഒരു ഫൈനലിന്റെ എല്ലാ ആവേശവും മുറ്റിനിന്ന മികച്ച മത്സരമായിരുന്നു. ആദ്യപകുതി താള്തൊടുവാണ് നന്നായി കളിച്ചത്. എന്നാല്‍ ആദ്യപകുതിയിലെ സെല്‍ഫ് ഗോളില്‍ തൂങ്ങി കളിജയിക്കാമെന്ന താള്തൊടുവിന്റെ തന്ത്രംപാളി. രണ്ടാം പകുതിയില്‍ വളഞ്ഞങ്ങാടി കൂടുതല്‍ അപകടകാരികളായി കാണപ്പെട്ടു. സ്റ്റോപ്പര്‍ ബാക്കായിരുന്ന മാനുപ്പ രണ്ടാം പകുതിയില്‍ അറ്റാക്കിംഗിലേക്ക് വന്നത് കളിയുടെ ഗതി മാറ്റി." നടുവിലങ്ങാടിയുടെ മാനേജര്‍ അമീന് എം.പി.ബി അഭിപ്രായപ്പെട്ടു.
മഞ്ചേരി എന്‍.എസ്.എസ് കോളേജ് മുന്‍ ചെയര്മാന് ഷിബു തുവ്വക്കാടന്‍ ആവേശം പങ്കുവെച്ചതിങ്ങനെ
"തറവാട് ടിം കപ്പടിക്കുന്നത് കാണാന്‍ മറ്റുപല എംഗേജ്മെന്റും മാറ്റിവെച്ച് വന്നത് മൊതലായി. ഒരുപാടുകാലത്തിനുശേഷം എല്ലാം മറന്ന് ആഹ്ളാദത്തിന്റെ ആവേശത്തിന്റെ കൊടുമുടിയിലേക്കുയര്‍ന്ന നിമിഷങ്ങള്‍. ഓരോ കളിക്കാര്‍ക്കും ടിം മാനേജ്മെന്റിനും ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍. "
"ഇരു ടീമുകളും കിടിലന്‍ കളിയാണ് കാഴ്ചവെച്ചത്. താള്തൊടുവിന്റെ ഏഴ് കളിക്കാരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. നിര്‍ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ഞങ്ങള്‍ക്ക് കപ്പ് നഷ്ടമായത്. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍." ജംഷിദ് നടുത്തൊടിയുടെ വാക്കുകളില്‍ ആദ്യമായി മാന്യതയുടെ രസനസ്പര്ശം.
"മികച്ച ഗോള്‍കീപ്പറാണ് ഷിബി. കേരളപോലീസിന്റെ കീപ്പറുടെ വലയിലേക്ക് യാതൊരു പഴുതുമില്ലാതെ ഗോളടിച്ചുകയറ്റിയ വളഞ്ഞങ്ങാടിയുടെ ചുണക്കുട്ടികള്‍ ജയിക്കാനായിമാത്രം ജനിച്ചവരെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് കളിയിലുടനീളം കാഴ്ചവെച്ചത്. ഈ ജയം ഗ്രൗണ്ടിലും താഴത്തങ്ങാടിയിലും മാത്രമല്ല വളഞ്ഞങ്ങാടിയിലെ ഓരോ വീട്ടിലും സ്ത്രീകളും കുട്ടികളുമടക്കം ആഘോഷിക്കുകയാണ്. ഒരുപാടൊരുപാട് സന്തോഷം."
തന്റെ മത്സരാനുഭവം അയവിറക്കുകയായിരുന്നു,
പ്രവാസിയും ഐ.ടി വിദഗ്ദ്ധനുമായ എന്‍.സി അസ്ലം.
ഫൈനല്‍ മത്സരം കാണാന്‍ വന്‍ ജനാവലി കാട്ടുതായ് മൈതാനത്തെത്തിയിരുന്നു.
തറവാടിന്റെ ട്രോഫിയുമായി അക്യ
ഇന്ത്യയെ മതത്തിന്റെ പേരില്‍ വെട്ടിമുറിക്കാനുള്ള ഫാസിസ്റ്റുകളുടെ ഗൂഢാലോചനക്കെതിരെ ഫുട്ബോളടക്കം സകല വ്യവഹാരങ്ങളെയും പ്രതിരോധമാക്കി പോരാടുമെന്ന മതേതരപ്രതിജ്ഞയെടുത്താണ് മത്സരം തുടങ്ങിയത്. പന്തക്കലകത്ത് ഫിറോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി സെയിന്‍ (വളഞ്ഞങ്ങാടി), മികച്ച ഗോള്‍ കീപ്പറായി ജിതിന് റാഷിദ് (പാറമ്മലങ്ങാടി), ഏഴു ഗോളോടെ ടോപ് സ്കോററായി റിഷാബു (താള്തൊടു) എന്നിവരെയും ഫെയര്‍ പ്ലേ ടീമായി നടുവിലങ്ങാടിയെയും തെരഞ്ഞെടുത്തു.
ടിം വളഞ്ഞങ്ങാടി
ശാഫി മാനുപ്പ സ്റ്റോപ്പര്‍
ലെഫ്റ്റ് റസീന്‍
റൈറ്റ് വിംഗ് ബാക്ക് ഷഹബാസ്
സെന്റര്‍ ജാസ്
അഞ്ജു
റൈറ്റ് ഫോര്‍വേര്‍ഡ് സെയിന്‍
ടിം താള്തൊടു
ഷിബി
സ്റ്റോപ്പര്‍ ചെറിയാപ്പു
റൈറ്റ് ഹാരിസ്
ലെഫ്റ്റ് ജലീല്‍
സെന്റര്‍ അനു സാബിത്
റൈറ്റ് അസറുദ്ദീന്
ലെഫ്റ്റ് റിസാബു.
ഫൈനലിലെ അത്ഭുതവിളക്ക്
---------------------------------------------------------
---------------------------------------------------------