മൂന്നാമത് താഴത്തങ്ങാടി ഏരിയാ ലീഗ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് അരീക്കോട് കാട്ട്തായ് മൈതാനിയില്‍ ഗംഭീര തുടക്കം. ആദ്യമത്സരത്തില്‍ വളഞ്ഞങ്ങാടി എഫ്.സി, പാറമ്മലങ്ങാടി എഫ്.സിയെ 3-1 എന്ന സ്കോറിന് തോല്‍പ്പിച്ചു. വളഞ്ഞങ്ങാടിക്കുവേണ്ടി സയ്ന് മികച്ച രണ്ടു ഗോളുകള്‍ നേടി.
അരീക്കോടന്‍ ഫുട്ബോള്‍ പെരുമയ്ക്ക് മികച്ച കളിക്കാരെ സംഭാവന നല്കിയ വളഞ്ഞങ്ങാടി ഇന്നും ആ പാരമ്പര്യം നിലനിര്‍ത്തുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായി ഇന്നത്തെ മത്സരം. കരുവാട്ട് കുഞ്ഞുമുഹമ്മദ്, കൊല്ലത്തൊടി അബ്ദുറഹിം എന്നിവര്‍ വളഞ്ഞങ്ങാടിയുടെ മണ്മറഞ്ഞ പ്രതിഭകളാണ്. കേരളത്തിന്റെ സെവന്‍സ് മൈതാനം കണ്ട അത്ഭുതപ്രതിഭ കെ.വി. ആബിദ്, ജാഫര്ത്രയങ്ങളായ കെ.വി ജാഫര്‍, സി.ജാഫര്‍, എം.ജാഫര്‍ ഇവരുടെ തലമുറയില്‍പെട്ട ഇസ്ഹാഖ്, അരീക്കോടന്‍ ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച് ഗോള്‍കീപ്പര്‍ മുജീബ് പൂവ്വത്തി, കെ.എസ്.ഇ.ബി താരം മുജീബ് മുസ്ലിയാരകത്ത്, ഏജീസ് താരം ഷാമില്‍ കെ.വി, കേരളത്തിലെ മുഴുവന്‍ സെവന്‍സ് ഗ്രൗണ്ടിലും കളിച്ച വഹാബുദ്ധീന്‍, സര്‍ജാസ് കെ.വി. മുന്‍ കെ.എസ്.ആര്.ടി.സി താരവും നാഷണല്‍ ഫുട്ബോള്‍ റഫറിയുമായി കെ.വി. ഖാലിദ് എന്നിവര്‍ വളഞ്ഞങ്ങാടി എന്ന താഴത്തങ്ങാടിയിലെ ഈ ചെറുതുരുത്തില്നിന്നും നാടും നഗരവുമറിയുന്ന കളിക്കാരായി വളര്‍ന്നുവന്നവരാണ്. ഫുട്ബോള്‍ കളിയുടെ ഈ തെളിനീരൊഴുക്ക് പുതിയ തലമുറയും വറ്റാതെ കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഇന്നത്തെ വിജയം നല്കുന്ന സൂചന.
"ചില മേഖലകളില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എങ്കിലും മികച്ച മത്സരമാണ് ഇന്ന് വളഞ്ഞങ്ങാടി ടിം കാഴ്ചവെച്ചെതെന്ന്" കെ.വി. ജാഫര്‍ വിലയിരുത്തി. പന്തുതട്ടാന്‍ കാലത്തിനൊത്തൊരു ഫുട്ബോള്‍ ഗ്രൗണ്ട് എന്ന അരീക്കോട്ടുകാരുടെ കാത്തിരുന്നു മടുത്ത സ്വപ്നത്തിനൊടുവില്‍ പഴയ കാട്ട്തായ് മൈതാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവും ഇത്തവണത്തെ ഏരിയാ ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. വരും ദിവസങ്ങളില്‍ മികച്ച ഫുട്ബോള്‍ സായാഹ്നങ്ങളാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്. ഈ ടീമുകള്‍ക്കു പുറമെ, താള്തൊടു, തോണിപ്പറമ്പ്, നടുവിലങ്ങാടി, പ്രവാസി, വെറ്ററന്‍സ് എന്നിങ്ങനെ ഏഴ് ടീമുകളാണ് ലീഗില്‍ മാറ്റുരക്കുന്നത്. മലബാറിലെ തന്നെ ഏറ്റവും വാശിയേറിയേ പ്രാദേശിക സമാന്തര ലീഗ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റാണ് 'താള്' .
'യുവധാര' താഴത്തങ്ങാടിയുടെ മേല്‍നോട്ടത്തില്‍ ജനകീയ കമ്മറ്റിയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.