ഉച്ചയ്ക്ക് ശേഷംപെയ്ത മഴ ഗ്രൗണ്ടിന്റെ ചില ഭാഗങ്ങളില്‍ കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയെങ്കിലും വാശിക്ക് ഒട്ടും കുറവില്ലായിരുന്നു താഴത്തങ്ങാടി ഏരിയാലീഗിലെ രണ്ടാം ദിനമായ ഇന്നത്തെ മത്സരവും. വെറ്ററന്‍സിനും പ്രവാസിടീമിനുമായി പ്രഗത്ഭര്‍ തന്നെയാണ് ഗ്രൗണ്ടിലിറങ്ങിയത്. കളിയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചത് പ്രവാസികള്‍ക്കായിരുന്നു. ആദ്യപകുതിയില്‍ കിട്ടിയ അവസരങ്ങള്‍ അവര്‍ ഒന്നൊന്നായി തുലച്ചുകളഞ്ഞു. വെറ്ററന്സിനായി പ്രതിരോധനിരയില്‍ നാണിയും, മുന്‍ കെ.എസ്.ഇ.ബി താരം മുജീബും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കളി പലപ്പോഴും കയ്യാങ്കളിയിലേക്കെത്തുന്ന സന്ദര്‍ഭങ്ങളുമുണ്ടായി. ഗ്രൗണ്ടില്‍ പരസ്യമായി ഏതിര് കളിക്കാരനെ തെറിവിളിച്ചതിന് വെറ്ററന്‍സിന്റെ മെഹബൂബിന് മഞ്ഞക്കാര്‍ഡ് കിട്ടി. രണ്ടാം പകുതിയില്‍ വെറ്ററന്‍സ് നന്നായി കളിക്കുകയായിരുന്ന നാണിയെ പിന്‍വലിച്ച് ഹബീബ് റഹ്മാനെ കൊണ്ടുവന്നു, ഇതവരുടെ അറ്റാക്കിംഗിന് മൂര്‍ച്ചകൂട്ടിയെങ്കിലും പ്രതിരോധത്തെ ദുര്‍ബലമാക്കി. പ്രത്യേകിച്ചും സബക്കിനെപ്പോലെ പ്രതിരോധത്തില്‍ പരിചയസമ്പന്നനല്ലാത്ത ഒരാളെ നാണിയുടെ പണി ഏല്‍പ്പിച്ച കോച്ചിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തൊട്ടടുത്തനിമിഷം ഏവര്‍ക്കും ബോധ്യപ്പെട്ടു. വലതുവിംഗില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന പ്രവാസി മുന്നേറ്റതാരം നജീബിന് ബോള്കിട്ടിയതും. വളരെ അനായാസം പന്ത് നിയന്ത്രിച്ച് നജീബ് തൊടുത്ത കിടിലന്ഷോട്ട് ഗോള്‍കീപ്പര്‍ ബാബുവിന് യാതൊരവസരവും നല്‍കാതെ വലക്കകത്തായി.
ഇതോടെ വെറ്ററന്‍സിന്റെ കളിക്ക് പുതിയ താളവും ഭാവവും കൈവന്നു. പഴയകാല മാസ്മരികതയെ ഓര്‍മ്മിപ്പിക്കുംവിധം വലതുവിംഗിലൂടെ മൂന്നു പ്രവാസി കളിക്കാരെ വെട്ടിച്ച് മുന്നേറിയ മെഹബൂബ് എതിര്‍ഗോള്‍മുഖത്ത് അപകടം വിതക്കുകയും കാണികളുടെ കയ്യടിനേടുകയും ചെയ്തു. കളിതീരാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിനില്‍ക്കെ വലതുവിംഗില്നിന്നും മെഹബൂബ് നല്കിയ ഗ്രൗണ്ട്ബോളിന് ഒരു സ്കൈറ്റിം വിദഗദ്ധനെപ്പോലെ ഒഴുകിയെത്തിയ ഹബീബ് വലകുലുക്കി,
കാണികള്‍ ഗാലറിയില്‍ ആഹ്ളാദനൃത്തം ചവിട്ടിയെങ്കിലും ലൈന്‍ റഫറി ഓഫ്സൈഡ് വിധിച്ചിരുന്നു. ആ ഭാഗത്തിരുന്ന് കളി കണ്ടവരുടെ അഭിപ്രായത്തില്‍ ഇത് ഓഫ്സൈഡായിരുന്നില്ല. ഇത് റഫറിയും കളിക്കാരും തമ്മില്വാക്കേറ്റവും ഉന്തും തള്ളുമായി.
ഇതിനിടെ റഫറിയെ തള്ളിയതിന് ഹബീബ് റഹ്മാന് ചുവപ്പ് കാര്‍ഡ് കിട്ടി. സംഘാടനകസമിതിയുടെ സന്ദര്‍ഭോജിതമായ ഇടപെലില്‍ കളി പുനരാരംഭിച്ചു. മത്സരം 1-0 ത്തിന് പ്രവാസി ടിം വിജയിച്ചു. പൊതുവെ ആവേശരഹിതമാവും ഇന്നത്തെ മത്സരം എന്നു പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ വീറും വാശിയും ആവോളം നിറഞ്ഞുനിന്ന മത്സരമായിരുന്നു ഇന്നത്തേതും. സന്തോഷ്ട്രോഫി താരങ്ങളടക്കം അണിനിരക്കുന്ന നാളത്തെ സൂപ്പര്‍ സണ്ടേ മാച്ചില്‍ താള്തൊടു, തോണിപ്പറമ്പിനെ നേരിടും.