മൂന്നു സന്തോഷ്ട്രോഫി താരങ്ങളുമായിറങ്ങിയ താള്തൊടു എഫ്.,സിയെ സമനിലയില്‍ തളച്ച് തോണിപ്പറമ്പിന്റെ യുവരക്തങ്ങള്‍. ടൂര്‍ണമെന്റ് കണ്ട ഏറ്റവും വാശിയേറിയ മത്സരത്തില്‍ ആദ്യപകുതി തോണിപ്പറമ്പിന്റേതായിരുന്നു, ലഭിച്ച രണ്ടവസരങ്ങളും അതിമനോഹരമായ ഫിനിഷിംഗിലൂടെ ഷിബിന്‍ താള്തൊടുവിന്റെ വലയിലിട്ടു. സന്തോഷ്ട്രോഫി കടലാസുപുലികള്‍ അമ്പരന്നു കാണികള്‍ ആവേശത്തിന്റെ കൊടുമുടിയിലായി. പത്ത് കാണികളില്‍ ഒമ്പതരപേരും തോണിപ്പറമ്പിനെ ആര്‍ത്തുല്ലസിച്ച് പ്രോല്‍സാഹിപ്പിച്ചു. അനു മാഠത്തിങ്ങല്, ലാഷി, അഞ്ജു എന്നീവര്‍ ചേര്‍ന്ന തോണിപ്പറമ്പിന്റെ പ്രതിരോധം അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അസറുദ്ധീന്, റിഷാബു, അനുസാബിത് എന്നിവരടങ്ങിയ താള്തൊടുവിന്റെ പേരും പെരുമുയുമുള്ള മുന്നേറ്റനിരയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകെട്ടി നാടിനെ അമ്പരപ്പിച്ചു.
അസറുദ്ധീന്റെയും സംഘത്തിന്റെയും പരിചയസമ്പത്തിനും പന്തടക്കത്തിനും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ രണ്ടാംപകുതിയില്‍ തോണിപ്പറമ്പിന്റെ പ്രതിരോധം നിരന്തരം പരീക്ഷിക്കപ്പെട്ടു. എങ്കിലും ഗോള്‍കീപ്പറുടെ മികച്ച പ്രകടനം അവരെ ലക്ഷ്യം കാണാനനുവദിച്ചില്ല. പ്രതിരോധത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തോണിപ്പറമ്പിന്റെ കളിയാശാനായ ഷാജിമോന്‍ സ്ട്രൈക്കര്‍ മാനാനെ പന്‍വലിച്ച് പ്രതിരോധത്തില്‍ ഇറങ്ങി കളിക്കുന്ന മിഡഫീല്‍ഡര്‍ ബാവയെ ഇറക്കിയെങ്കിലും ആ തന്ത്രം വേണ്ടത്രവിജയിച്ചില്ല എന്നുവേണം കരുതാന്‍.
പുതിയ കളിക്കാരന് ഗ്രൗണ്ടില്‍ ഇണക്കം വരുന്നതിനിടെ താള്തൊടു തിരിച്ചടിച്ചു. ഹിസാബു അനുസാബിത് എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. അതും കളിയുടെ അവസാന നിമിഷങ്ങളില്‍. ഒരുമിനുട്ടുകൂടി ലഭിച്ചാല്‍ എന്തും സംഭവിക്കുമെന്നിരിക്കെ റഫറിയുടെ നീണ്ടവിസില്‍ മുഴങ്ങി. സമനിലപിടിച്ചെങ്കിലും ഉള്ളതുപറഞ്ഞാല്‍ തലകുമ്പിട്ട് താള്തൊടുവും വിജയാവേശത്തില്‍ തോണിപ്പറമ്പിന്റെ കുരുന്നുകളും.
ഇത്തവണത്തെ ഏരിയാലീഗിന്റെ പ്രത്യേകത ചെറുപ്രായത്തിലുള്ള പുതിയ കുരുന്നുകളുടെ അത്ഭുത പ്രകടനമാണ്. താഴത്തങ്ങാടി ഫുട്ബോളില്‍ ഒരുതലമുറമാറ്റത്തിന്റെ എല്ലാ ലക്ഷണങ്ങളും ആദ്യകളികളില്തന്നെ പ്രകടമായിവരുന്നു. തോണിപ്പറമ്പിന്റെ പെര്‍ഫോമന്‍സിന് കടപ്പെട്ടിരിക്കുന്നത് കളിക്കാരോട് മാത്രമല്ല, കുമ്മായവരയ്ക്കരികെ സിമിയോണിയെപ്പോലെ ആര്‍ത്തുവിളിച്ചും, മൗറിഞ്ഞോയെപ്പോലെ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരിയെന്നോണം തര്ക്കുത്തരംപറഞ്ഞും, ക്ലോപ്പിനെപ്പോലെ ഒപ്പമുള്ളവരോടൊപ്പം അലിഞ്ഞുചേര്‍ന്നും തന്ത്ര്യങ്ങളുടെ കുതന്ത്രങ്ങളുടെയും തമ്പുരാനായി തലയെടുപ്പോടെ നിന്ന ഷാജിമോന്‍ എന്ന കോച്ചിനോടുകൂടിയാണ്.
ഈ കളി 3 ഗോളിനു തോറ്റിരുന്നെങ്കില്പോലും കോച്ചിനെ ആരും പഴിപറയില്ലായിരുന്നു അവിടെയാണ് ഷാജിമോനിലെ ടീറ്റെയുടെ ഗുണം നമ്മളറിയുന്നത്.