കോച്ച് ഷാജിമോന്റെ അഭാവത്തില്‍ ദിശനഷ്ടപ്പെട്ട് തോണിപ്പറമ്പ്
| 19 December 2019 | TAL FOOTBALL |
തോണിപ്പറമ്പിനെ ഞെട്ടിച്ച് അയലൊക്കക്കാരായ നടുവിലങ്ങാടി. ഒന്നിനെതിരെ എണ്ണം പറഞ്ഞ മൂന്നുഗോളുകള്‍ക്കാണ് ആദ്യ മത്സരത്തില്‍ വമ്പന്മാരായ താള്ത്തൊടുവിനെ സമനിലയില്‍ തളച്ച തോണിപ്പറമ്പിനെ നടുവിലങ്ങാടിയുടെ ചുണക്കുട്ടികള്‍ തരിപ്പണമാക്കിയത്. നടുവിലങ്ങാടിക്കായി ആദ്യം ഗോളടിച്ചത് ഹാരിസാണ്. ഇരുടീമുകളും ഒന്നിനൊന്നു മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച് കളിച്ചെങ്കിലും ആദ്യപകുതി അവസാനിച്ചു. രണ്ടാം പുകുതിയില്‍ തോണിപ്പറമമ്പ് തിരിച്ചുവരവിനായ് കിണഞ്ഞു ശ്രമിച്ചെങ്കിലും നടുവിലങ്ങാടി ഡിനിഷിലൂടെ ഗോള്‍നേടിയതോടെ മത്സരത്തിന്റെ വിധി നിര്ണ്ണയിക്കപ്പെട്ടതുപോലെയായി. അതിനിടയില്‍ നിമില്‍ തോണിപ്പറമ്പിന് ആശ്വാസഗോള്‍ കണ്ടെത്തി തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും റാസിഖിന്റെ രൂപത്തില്‍ അവരുടെ വലയില്‍ മൂന്നാം ഗോളും വീണതോടെ കാണികള്‍ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റു തുടങ്ങി. നടുവിലങ്ങാടിക്കായി പ്രതിരോധത്തില്‍ റാസിക് പൈക്കാട്ട് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
മനോഹരവും മാതൃകാപരവുമായ ഫുട്ബോളായിരുന്നു ഇന്നത്തെ കളിയുടെ പ്രത്യേകത. കഴിഞ്ഞദിവസങ്ങളില്നിന്നും വ്യത്യസ്തമായി പന്തിനെ കാലുകൊണ്ടുമെരുക്കി ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കുന്ന കയ്യാങ്കളിക്കുപകരം കാണികളുടെ മനംകവരുന്ന മാതൃകാഫുട്ബോളാണ് ഇരു ടീമുകളില്‍നിന്നും കണ്ടത്.
തോണിപ്പറമ്പിന്റെ ആശ്വാസഗോള്‍ - നിമില്‍
ഇതോടെ പോയിന്റ് പട്ടികയില്‍ ഏറ്റവും ഒടുവില്‍ ഏഴാം സ്ഥാനത്തായിരുന്ന നടുവിലങ്ങാടി രണ്ടുപടി മുന്നോട്ടാഞ്ഞ് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്രതീക്ഷകള്‍ സജീവമാക്കി.
താള്തൊടുവിനെ പൂട്ടിയിട്ട അതേ ടീമുണ്ടായിരുന്നിട്ടും തോണിപ്പറമ്പിന് സംഭവിച്ച ഈ ദുരന്തത്തിന് കാരണം ഷാജിമോന്‍ എന്ന കോച്ചിന്റെ അഭാവമാണെന്ന് പ്രവാസി ടീമിന്റെ കോച്ച് താജുദ്ദീന് ഇബ്രാഹിം അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം ഫൈസല്‍ പി.പി, സഫുവാന്‍ ജോളി, സുനില്‍ നടുത്തൊടി, റാഷിദ് കെ.ടി തുടങ്ങി നിരവധി വെറ്ററന്‍ താരങ്ങള്‍ പങ്കുവെച്ചു.