ഇടവേളയ്ക്ക് ശേഷം സാംബാതാളം പ്രദര്‍ശിപ്പിച്ച് ബ്രസീല്‍
| 27 MAR 2019 | FOOTBALL |
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഇന്ന് പുലര്‍ച്ചെ ബ്രസീലിന്റെ രണ്ടാമത് മത്സരം ചെക്ക് റിപ്പബ്ലിക്കിനെതിരെയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കാനറികള്‍ ജയിച്ചു. പനാമയുമായി നടന്ന ആദ്യമത്സരം ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലാവുകയായിരുന്നു. കളിയിലുടനീളം ബ്രസീലിനായിരുന്നു മുന്‍തൂക്കം. ആദ്യം ഗോള്‍ നേടിയെങ്കിലും മിനുട്ടുകള്‍ക്കകം തിരിച്ചടിച്ച പനാമ പിന്നീട് തങ്ങളുടെ ഗോള്‍വലയം വന്മതില് കെട്ടി സംരക്ഷിച്ചു. അത് പൊളിക്കാനാവാതെ ബ്രസീലിന്റെ യുവനിര ഒരര്‍ത്ഥത്തില്‍ തോറ്റവരെപ്പോലെയാണ് കളം വിട്ടത്.
പക്വിറ്റ, റിച്ചാര്ലിസ്സണ്, ഫിര്‍മിനോ എന്നീ ആദ്യ മത്സരത്തിലെ മുന്നേറ്റക്കാരുമായിത്തന്നെയാണ് ബ്രസീലിറങ്ങിയത്. പ്രതിരോധത്തെ ടിറ്റെ ആകെ ഉടച്ചുവാര്‍ത്തു. തിയാഗോ സില്‍വ, മാര്‍ക്കിഞ്ഞോസ്, അലക്സ് സാന്‍ട്രോ, ഡാനിലോ എന്നിവരും മധ്യനിരയില്‍ അലനും പുതുതായിവന്നു. കഴിഞ്ഞ കളിയില്‍ നന്നായി കളിച്ചിരുന്നെങ്കിലും റയലിന്റെ പുതിയ താരം എഡര്‍ മിലിത്താവോയെ ടിറ്റെ ബെഞ്ചിലിരുത്തി. ആദ്യ മത്സരം ബ്രസീലിനായിരുന്നു മുന്‍തൂക്കമെങ്കില്‍ രണ്ടാമത്തെ കളിയുടെ ആദ്യപകുതി ചെക് റിപബ്ലിക് തങ്ങളുടേതാക്കി മാറ്റി എന്നു മാത്രമല്ല ഗ്രൗണ്ട് വിടുമ്പോള്‍ ഒരു ഗോളിനു മുന്നിട്ടുനില്‍ക്കുകയും ചെയ്തു. ഗോള്‍ കീപ്പര്‍ അലിസ്സണ്ന്റെ മികവുകൊണ്ട് മാത്രമാണ് കൂടുതല്‍ അപകടങ്ങളില്‍നിന്നും ബ്രസീല്‍ രക്ഷപ്പെട്ടത്.
രണ്ടാം പകുതിയില്‍ പക്വിറ്റക്ക് പകരം എവേര്ട്ടണുമായാണ് ടിം ഇറങ്ങിയത്. ആദ്യപകുതിയില്‍ നിറം മങ്ങിയ കാസിമിറോ, കൗടീഞ്ഞോ എന്നിവരെ മാറ്റി ആര്‍തൂര്‍ ഫാബിഞ്ഞോ എന്നിവരെ കൊണ്ടുവരാനും ടീറ്റെ മടിച്ചുനിന്നില്ല. അതോടെ കളിയുടെ ഗതി മാറി. റിച്ചാര്ലിസ്സണു പകരം പുതുമുഖതാരം ഡേവിഡ് നരസുകൂടി എത്തിയതോടെ ബ്രസീല്‍ നിരന്തരം ചെക് പോസ്റ്റില്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. ബോക്സിലേക്ക് വന്ന ബോളിന് തന്റെ വേഗതകൊണ്ട് എതിര് പ്രതിരേധ ഭടനെ നിഷ്പ്രയാസം മറികടന്ന ഫിര്‍മിനോ സമനില കണ്ടെത്തി. മനോഹരമായ ഫിനിഷിംഗ്. അതിനിടയില്‍ ഫിര്‍മിനോയ്ക്കു പകരം ഗബ്രിയേല്‍ ജീസസ് വന്നു. പിന്നീട് ബ്രസീലിന്റെ അപ്രമാദിത്വമായിരുന്നു ചെക്ക് ഗ്രൗണ്ടില്‍. കന്നിക്കാരന്റെ യാതൊരുവിധ ചാഞ്ചല്യവും കാണിക്കാതെ നരസ് നിരന്തരം ചെക്ക് പ്രതിരോധത്തെ ചിന്നഭിന്നമാക്കി.ഇതിനിടയില്‍ മെനഞ്ഞെടുത്ത മനോഹരമായൊരവസരം പാഴാക്കിയെങ്കില്‍ ജീസസിന്റെ പിന്നീട് കണ്ട രണ്ടു ഗോളുകള്‍ക്കുപിന്നിലും മാന്ത്രികസ്പര്ശമായ് മാറാന്‍ നരസിനായി. ജീസസിന്റെ ഫിനിഷിഗ് മികവും എടുത്തു പറയേണ്ടതാണ്.
സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന കോപ അമേരിക്ക ടൂര്‍ണ്ണമെന്റിനുള്ള ടീമിനെ വാര്‍ത്തെടുക്കുകയായിരുന്നു ടിറ്റെയുടെ ലക്ഷ്യമെന്നു വ്യക്തം. ചെക്കിനെ പോലെ മികച്ചൊരു ടീമിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പുതുരക്തങ്ങളെ വിസ്മരിക്കാന്‍ ഇനി അദ്ദേഹത്തിനാകുമെന്നു കരുതാനാവില്ല. ഏത് പൊസിഷനിലും രണ്ടിലേറെ പ്രതിഭാധനരായ യുവതാരങ്ങളെ കണ്ടെത്താനായതിന്റെ ആത്മവിശ്വാസത്തിലാവും ടീറ്റെ ബ്രസീലിലേക്ക് മടങ്ങുക. പരിക്കുമാറി നെയ്മര്കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇത്തവണയും കോപ ബ്രസീല്‍ വിട്ടുപോവില്ല.