അമേരിക്ക എല്‍സാല്‍വഡോര്‍ എന്നീ രാജ്യങ്ങളുമായി വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ പുതുമുഖം റിച്ചാര്ലിസ്സണുമുണ്ട്. കാനറികളുടെ പുതിയ ഒമ്പതാം നമ്പറുകാരനായാണ് വരവ്. ലെഫ്റ്റ് വിംഗ് അറ്റാക്കറാണ്. ബ്രസീല്‍ ടീമില്‍ ഒരിടവേളയ്ക്കുശേഷമാണ് 1.79 മീറ്റര്‍ ഉയരവും അതിനൊത്ത കനത്തൂക്കവുമുള്ള ചെറുപ്പക്കാരനായൊരു മുന്നേറ്റക്കാരനെത്തുന്നത്. റോബിഞ്ഞോ, വില്യന്, ഓസ്കാര്‍, ജീസസ്, ഫിര്‍മിനോ, റാമിറസ്, കോസ്റ്റ, എന്തിനേറെ നെയ്മര്ക്കുപോലുമില്ലാത്ത സാധ്യത എന്നു തന്നെ പറയാം.
"ബ്രസീലിന്റെ മഞ്ഞ ജഴ്സിയണിയാനുള്ള അവസരം ഒരു മഹാഭാഗ്യമാണ്. ഈ കുപ്പായത്തിനുള്ളില്‍ കളിക്കുമ്പോള്‍ വലിയ ഉത്തരവാദിത്വബോധമുണ്ടാകുക സ്വാഭാവികം. തീര്‍ച്ചയായും അതൊരു സമ്മര്‍ദ്ധം തന്നെയാണ്. ക്യാമറയുടെ മുമ്പില്‍ പറയുക എന്നതിലല്ല ഗ്രൗണ്ടില്‍ പ്രാവര്‍ത്തികമാക്കുക എ്ന്നതിലാണ് കാര്യമെന്നറിയാം. ശാന്തനായിരിക്കാന്‍ ഞാനെന്നെത്തന്നെ പരിശീലിപ്പിക്കുകയാണ്." കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍.
മുന്‍ ലോകകപ്പ് വിന്നറായ റിവാള്‍ഡോ അടുത്തിടെ റിച്ചാര്ലിസ്സണ്ന്റെ കളിമികവിനെ വാനോളം പുകഴ്ത്തുകയുണ്ടായി. കഴിഞ്ഞ ദിവസം സൂപ്പര്‍താരം നെയ്മറും ഈ എവര്ട്ടണ് താരത്തിന്റെ കളിയില്‍ മതിപ്പ് പ്രകടിപ്പിച്ചു.
ഇരുപതാം വയസ്സില്‍ ബ്രസീല്‍ ക്ലബ്ബായ ഫ്ലുമിനന്‍സില്‍ നിന്നും ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്ഫോര്ഡിലെത്തിയ ഈ കരുത്തനായ ഫോര്‍വേര്‍ഡ് ആദ്യ സീസണില്‍ തന്നെ വമ്പന്‍ ടീമുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെയാണ് ഇത്തവണ എവര്‍ട്ടണില്‍ സൂപ്പര്‍ താരമായെത്തിയത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നായി മൂന്നു ഗോളടിച്ച് വരവറിയിക്കുകയും ചെയ്തു. തൊട്ടു പിന്നാലെയാണ് ഫുട്ബോളിലെ രാജാക്കന്മാര് എന്നറിയപ്പെടുന്ന ബ്രസീല്‍ ദേശീയ ടീമിലേക്കുള്ള ടിറ്റെയുടെ ക്ഷണം. ബ്രസീല്‍ അണ്ടര്‍ ട്വന്റി ടീമിനുവേണ്ടി പത്തു മത്സരങ്ങളില്‍ നിന്നായി മൂന്നു ഗേളുകള്‍ നേടിയിട്ടുണ്ട്.
റഷ്യന്‍ ലോകകപ്പിലെ കോര്‍ട്ടര്‍ പരാജയത്തിനുശേഷം ടീമിനെ അഴിച്ചുപണിഞ്ഞ് കോപ്പ അമേരിക്കയിലേക്ക് രാഗി മിനുക്കിയെടുക്കാനുള്ള പണിപ്പുരയിലാണ് കോച്ച് ടീറ്റെ. റിച്ചാര്ലിസ്സണു പുറമെ ഏവരും ഉറ്റുനോക്കുന്ന മറ്റൊരു പുതുമുഖതാരം ബാര്‍സലോണയുടെ ആര്‍തറാണ്. ലോകം സാക്ഷാല്‍ സാവിയോടുപമിക്കുന്ന പ്ലെ മേക്കര്‍. മാര്‍സലോയും ജീസസുമില്ലാതെയാണ് ടീറ്റെയും സംഘവും വരുന്നത്. റഷ്യന്‍ ലോകകപ്പില്‍ ഏറെ പഴി കേട്ട രണ്ടു കളിക്കാരാണിവര്‍. മുന്നേറ്റ നിര ലക്ഷ്യംകാണുന്നതില് കാണിച്ച അലംഭാവമാണ് തോല്‍വിയുടെ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചത്.
റിച്ചാര്ലിസ്സണ്ന്റെ ഇഷ്ട പക്ഷിയാണ് പ്രാവ്. ബ്രസീലിനായി ആദ്യഗോളടിച്ച് പ്രാവ്-നൃത്തത്തിനൊരുങ്ങുകയാണ് എവര്‍ട്ടണിന്റെ സൂപ്പര്‍താരമായ ഈ ഇരുപത്തൊന്നുകാരന്. സാംമ്പാ നൃത്തത്തിലേക്കൊരു മാസ്മരിക ചുവടുകൂടി.